റോ–റോ നടത്തിപ്പ് സ്വകാര്യ ഏജൻസിക്ക്; യുഡിഎഫിന്റെ കണ്ണ് കമീഷനിൽ

കൊച്ചി
റോ–റോ സർവീസ് സ്വകാര്യവൽക്കരിക്കുന്നതിലൂടെ കൊച്ചി കോർപറേഷൻ യുഡിഎഫ് ഭരണസമിതി ലക്ഷ്യമിടുന്നത് വൻ അഴിമതിയെന്ന് ആക്ഷേപം ശക്തമാകുന്നു. നടത്തിപ്പ് സ്വകാര്യ ഏജൻസിക്ക് കൈമാറുന്നതുവഴി കമീഷൻ ഇനത്തിൽ വൻതുക അടിച്ചുമാറ്റാനാണ് നീക്കമെന്നാണ് ആക്ഷേപം. പുതിയ കൗൺസിൽ അധികാരത്തിലെത്തി ദിവസങ്ങൾക്കുള്ളിൽത്തന്നെ റോ–റോ നടത്തിപ്പ് സ്വകാര്യവൽക്കരിക്കാനുള്ള നീക്കം ഭരണസമിതി ആരംഭിച്ചിരുന്നു.
പൊതുമേഖലാ സ്ഥാപനമായ കെഎസ്‌ഐഎൻസിയുടെ നടത്തിപ്പിൽ വൻ നഷ്ടമുണ്ടെന്നും കോർപറേഷൻ പരിശോധനയിൽ കണക്കുകളിൽ പൊരുത്തകേട് കണ്ടെത്തിയെന്നും ഭരണസമിതി പറയുന്നു. എന്നാൽ, കോർപറേഷൻ നിയോഗിച്ച ഓഡിറ്റ് വിഭാഗം കണക്ക് പരിശോധിച്ചെങ്കിലും അപാകമുള്ളതായി അറിയിച്ചിട്ടില്ലെന്ന് കെഎസ്‌ഐഎൻസി വ്യക്തമാക്കി. വർധിച്ച ചെലവുകൾക്കിടയിലും 1.20 കോടിയുടെ പ്രവർത്തന ലാഭത്തിലാണ് റോ–റോ. ലാഭമായാലും നഷ്ടമായാലും അത് 50:50 അനുപാതത്തിൽ വീതിച്ചെടുക്കുമെന്നാണ് വ്യവസ്ഥ.
അതുപ്രകാരം 23.78 ലക്ഷം കോർപറേഷന് ലഭിച്ചിട്ടുണ്ട്. എന്നാൽ, ഫോർട്ട് ക്വീൻ ബോട്ടിന്റെ അറ്റകുറ്റപ്പണി ഉൾപ്പെടെയുള്ള ഇനത്തിൽ 94.35 ലക്ഷം കോർപറേഷൻ നൽകാനുണ്ട്. അതിൽ കെഎസ്‌ഐഎൻസി നൽകാനുള്ള 7.81 ലക്ഷം കുറച്ച് 87.19 ലക്ഷം കോർപറേഷൻ നൽകാൻ ബാക്കിനിൽക്കുന്നു. അതുകൊണ്ടാണ് നിലവിൽ റോ–റോയിൽനിന്നുള്ള ലാഭം ലഭ്യമാക്കാൻ സാധിക്കാത്തതെന്നും കെഎസ്ഐഎൻസി ചൂണ്ടിക്കാട്ടി. ഇൻലാൻഡ് വാട്ടർ അതോറിറ്റി പോലുള്ള കേന്ദ്രസർക്കാർ സ്ഥാപനങ്ങൾ അവരുടെ യാനങ്ങൾ പ്രവർത്തിപ്പിക്കാനുള്ള ചുമതല ഏൽപിച്ചിരിക്കുന്നത് പൊതുമേഖലാ സ്ഥാപനമായ കെഎസ്‌ഐഎൻസിയെയാണ്.
കെഎസ്‌ഐഎൻസി ഇക്കാര്യം വ്യക്തമാക്കിയിട്ടും സ്വകാര്യവൽക്കരണ നീക്കത്തിൽനിന്ന് നഗരസഭ പിന്മാറിയിട്ടില്ല. കഴിഞ്ഞദിവസം അവതരിപ്പിച്ച ബജറ്റിൽ പുതിയ ഏജൻസിയെ നടത്തിപ്പുചുമതല ഏൽപ്പിക്കുന്നതടക്കമുള്ള വിഷയങ്ങൾ പരിശോധിച്ച് നടപടി സ്വീകരിക്കുമെന്ന് പ്രഖ്യാപിച്ചു. ബോട്ട് സർവീസ് സ്വകാര്യ ഏജൻസിയെ ഏൽപ്പിച്ചപ്പോഴുണ്ടായ ഫോർട്ട്‌കൊച്ചി ദുരന്തം ഉൾപ്പെടെയുള്ളവ പ്രതിപക്ഷാംഗങ്ങൾ ചൂണ്ടിക്കാട്ടി. റോ–റോ കരുവാക്കിയുള്ള യുഡിഎഫിന്റെ അഴിമതിനീക്കത്തിനെതിരെ ശക്തമായ എതിർപ്പുയർന്നിട്ടുണ്ട്. ഇതോടെ സർവകക്ഷിയോഗം വിളിക്കാൻ തീരുമാനിച്ചിരിക്കുകയാണ് കോർപറേഷൻ.










0 comments