ad
Deshabhimani

സത്യസന്ധതയ്‌ക്ക്‌ ആദരം

പണമടങ്ങിയ ബാഗ് തിരിച്ചേൽപ്പിച്ച ഓട്ടോഡ്രൈവറെ കണ്ടെത്തി

Respect for honesty

എസ്എൻഡിപി പറവൂർ യൂണിയൻ ഓഫീസിലെത്തിയ വിനോദിനെ കൺവീനർ ഷൈജു മനയ്ക്കപ്പടി പൊന്നാടയണിയിച്ച് ആദരിക്കുന്നു

വെബ് ഡെസ്ക്

Published on Aug 30, 2026, 01:51 AM | 1 min read

പറവൂർ


​ശ്രീനാരായണജയന്തി ഘോഷയാത്രയ്‌ക്കിടെ സംഘാടകർ ഓട്ടോറിക്ഷയിൽ മറന്നുവച്ച മൂന്നുലക്ഷം രൂപ അടങ്ങിയ ബാഗ് തിരികെയേൽപ്പിച്ച ഓട്ടോഡ്രൈവറെ അന്വേഷണത്തിനൊടുവിൽ കണ്ടെത്തി.


കണ്ണൻചിറ സ്റ്റാൻഡിൽ ഓട്ടോറിക്ഷ ഓടിക്കുന്ന കെടാമംഗലം കാട്ടയത്ത് കോളനിയിൽ വിനോദാണ്(48) സത്യസന്ധമായ പ്രവർത്തിയിലൂടെ സമൂഹത്തിന് മാതൃകയായത്. പറവൂരിൽ ആയിരങ്ങൾ പങ്കെടുത്ത ശ്രീനാരായണജയന്തി ഘോഷയാത്രയ്ക്കിടെയാണ് സംഭവം. യൂണിയൻ ഓഫീസിൽനിന്ന് സമ്മേളനനഗരിയിലേക്ക് വരികയായിരുന്ന രണ്ട് ജീവനക്കാരാണ് പണമടങ്ങിയ ബാഗ് ഓട്ടോറിക്ഷയിൽ മറന്നുവച്ചത്. സമ്മേളന വേദിയിലേക്ക് നൽകാനുള്ള പൂച്ചെണ്ടുകൾക്കും മറ്റ് സാധനങ്ങൾക്കും പുറമേ ഇരുനൂറോളം വിദ്യാർഥിപ്രതിഭകൾക്ക് നൽകാനുള്ള ക്യാഷ് അവാർഡുകൾക്കും മറ്റ് ചെലവുകൾക്കുമായി കരുതിയിരുന്ന മൂന്നുലക്ഷം രൂപയായിരുന്നു ബാഗിലുണ്ടായിരുന്നത്.


സമ്മേളനവേദിക്കുസമീപം ഓട്ടോറിക്ഷ നിർത്തി മറ്റ് സാധനങ്ങൾ ഇറക്കിവച്ചശേഷം ഓട്ടോ ചാർജ് നൽകി ഡ്രൈവറെ പറഞ്ഞയച്ചു. 
 പിന്നീട് ബാഗ് ഓട്ടോറിക്ഷയിൽത്തന്നെ മറന്നുവച്ചത്‌ ശ്രദ്ധയിൽപ്പെട്ടതോടെ സംഘാടകരും യൂണിയൻ പ്രവർത്തകരും ചേർന്ന് ഓട്ടോ സ്റ്റാൻഡുകളിലും മറ്റും വ്യാപകമായി അന്വേഷണം നടത്തിയത്‌. അതിനിടെ, ബാഗ് ഓട്ടോറിക്ഷയിൽ കണ്ടതിനെ തുടർന്ന് വിനോദ് യൂണിയൻ ഓഫീസിലെത്തി സുരക്ഷിതമായി തിരിച്ചേൽപ്പിക്കുകയായിരുന്നു. പേരുപോലും വെളിപ്പെടുത്താതെ അദ്ദേഹം മടങ്ങിയതിനാൽ ആളെ കണ്ടെത്താനായില്ല.


തുടർന്ന് ശനിയാഴ്ച യൂണിയൻനേതൃത്വം നടത്തിയ അന്വേഷണത്തിലാണ് വിനോദിനെ കണ്ടെത്തിയത്. യൂണിയൻ ഓഫീസിലെത്തിയ വിനോദിനെ കൺവീനർ ഷൈജു മനയ്ക്കപ്പടിയുടെ നേതൃത്വത്തിൽ പൊന്നാടയണിയിച്ച് ആദരിച്ചു. സമ്മാനദാന സമ്മേളനവേദിയിലും വിനോദിനെ ആദരിക്കുമെന്ന് യൂണിയൻ ഭാരവാഹികൾ അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home