വെള്ളപ്പൊക്ക ദുരിതത്തിന് പരിഹാരം
ഏഴിക്കരയിൽ ‘റെസിലിയന്റ് ലങ്ക' പദ്ധതി തുടങ്ങി

വേലിയേറ്റ വെള്ളപ്പൊക്കഭീഷണി നേരിടാൻ ഏഴിക്കര പഞ്ചായത്തിലെ ലങ്കയിൽ നടപ്പാക്കിയ ‘റെസിലിയന്റ് ലങ്ക' പദ്ധതി മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്യുന്നു
പറവൂർ
കാലങ്ങളായി വേലിയേറ്റ വെള്ളപ്പൊക്കദുരിതം നേരിടുന്ന ഏഴിക്കര പഞ്ചായത്തിലെ ‘ലങ്ക’തുരുത്ത് നിവാസികളുടെ പ്രശ്നങ്ങൾക്ക് ശാശ്വതപരിഹാരമായി ‘റെസിലിയന്റ് ലങ്ക' പദ്ധതി മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്തു. ഏഴിക്കര പഞ്ചായത്ത് പ്രസിഡന്റ് സീന സജീവ് അധ്യക്ഷയായി. സംസ്ഥാനത്ത് ആദ്യമായി പൈലറ്റ് അടിസ്ഥാനത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. സർക്കാർ പൂർണപിന്തുണ നൽകുമെന്നും വിജയമായാൽ മറ്റു സ്‌ഥലങ്ങളിലേക്കു വ്യാപിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
21 കുടുംബങ്ങളിലായി 75 പേർ താമസിക്കുന്ന ചെറിയ തുരുത്താണ് ലങ്ക. വേലിയേറ്റത്തിൽ ഇവിടെ 10 മുതൽ 30 സെന്റീമീറ്റർവരെ വെള്ളം ഉയരും. ഉപ്പുവെള്ളം കയറുന്നതിനാൽ വീടുകൾ പലതും താമസയോഗ്യമല്ലാതാകുന്നു. മുൻകാലങ്ങളിൽ വൃശ്ചികത്തിൽമാത്രം അനുഭവപ്പെട്ടിരുന്ന വേലിയേറ്റം ഇപ്പോൾ വർഷം മുഴുവനുണ്ട്. ‘റെസിലിയന്റ് ലങ്ക'യുടെ ചുമതല വഹിക്കുന്നവർ നാട്ടുകാരുമായി നിരന്തരം സംവദിച്ചും അവരുടെ അനുഭവങ്ങളും പരമ്പരാഗത അറിവുകളും ശാസ്ത്രീയ ഗവേഷണവുമായി സംയോജിപ്പിച്ചുമാണ് പദ്ധതിക്ക് രൂപം നൽകിയത്.
പദ്ധതിയുടെ ഭാഗമായി ലങ്കയിലെ താഴ്ന്നപ്രദേശങ്ങൾ ഉയർത്തും. വേലിയേറ്റം നിയന്ത്രിക്കാൻ സ്ളൂയിസുകൾ സ്ഥാപിക്കും. ബണ്ടുകളും റോഡുകളും ബലപ്പെടുത്തും. തോടുകളും നീർച്ചാലുകളും നവീകരിക്കും. സുരക്ഷിതമായ ശുചിമുറികൾ ഒരുക്കും. വെള്ളപ്പൊക്കം ബാധിച്ച വീടുകൾ ബലപ്പെടുത്തും. ഉപ്പിനെ പ്രതിരോധിക്കാൻ ശേഷിയുള്ള ഫൈബർ ഗ്ലാസ് ടെക്സ്റ്റൈൽ ഇൻഫോഴ്സ്‌ഡ് കോൺക്രീറ്റാണ് പദ്ധതിയിൽ ഉപയോഗിക്കുന്ന നൂതന സാങ്കേതികവിദ്യ. ഈ കോൺക്രീറ്റ് മിക്‌സ് ഉപയോഗിച്ച് നവീകരിക്കുന്ന ബണ്ട്, തൂമ്പ്, വീടുകൾ തുടങ്ങിയവ ഓരുജലം കയറിയാലും ഏറെക്കാലം നിലനിൽക്കും.
ചെന്നൈ ആസ്ഥാനമായ സ്ട്രക്‌ചറൽ എൻജിനീയറിങ് റിസർച്ച് സെന്ററാണ് ഈ സാങ്കേതികവിദ്യ വികസിപ്പിച്ചത്. ഇവരുമായി സഹകരിച്ച് ‘ഇക്വിനോട്ട്' ആണ് പദ്ധതി ലങ്കയിൽ നടപ്പിലാക്കുന്നതെന്ന് ഇക്വിനോട്ട് സിഇഒ ഡോ. സി ജി മധുസൂദനൻ പറഞ്ഞു. ‘ഹാപ്പിനസ് പ്രോജക്ട്' ആണ് പദ്ധതിക്ക് സാമ്പത്തിക പിന്തുണ നൽകുന്നത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാധാകൃഷ്‌ണൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി ആർ സൈജൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി എം രാജഗോപാൽ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ മേരി വിൻസെന്റ്, ബിന്ദു ജോർജ് തുടങ്ങിയവർ സംസാരിച്ചു.









0 comments