കൊച്ചിക്ക് മൂന്നാം റെയിൽവേ ടെർമിനൽ പരിഗണനയിൽ

പുതിയ ടെർമിനലിനായി പരിഗണിക്കുന്ന മാർഷലിങ് യാർഡ് പ്രദേശം
കൊച്ചി
എറണാകുളം ജങ്‌ഷൻ (സൗത്ത്) സ്റ്റേഷനും എറണാകുളം ടൗൺ സ്‌റ്റേഷനും (നോർത്ത്) പുറമേ കൊച്ചിയിൽ മൂന്നാമതൊരു ടെർമിനലിനുള്ള സാധ്യത റെയിൽവേയുടെ പരിഗണനയിൽ. വന്ദേഭാരതിനുമാത്രമായോ, മെമു ഉൾപ്പെടെ എല്ലാ ട്രെയിനുകൾക്കും കയറാവുന്ന തരത്തിലോ മൂന്നാം ടെർമിനൽ നിർമിക്കാനാണ് ആലോചന.
നഗരത്തോടുചേർന്നുള്ള രണ്ട് പ്രദേശങ്ങളാണ് മൂന്നാം ടെർമിനലിനായി പരിഗണിക്കുന്നത്. 16 പ്ലാറ്റ്‌ഫോമുകളും ആറ് പിറ്റ്-ലൈനുകളും സ്റ്റാളുകളും ഉൾപ്പെടെ സൗകര്യങ്ങൾ നിർമിക്കേണ്ടതിനാൽ പൊന്നുരുന്നിയിലെ റെയിൽവേയുടെ 110 ഏക്കർ പ്രദേശത്തെ മാർഷലിങ് യാർഡ് തന്നെയാണ് ഒന്നാമതായി പരിഗണിക്കുന്നത്. ഇരുമ്പനത്തെ ഗുഡ്‌സ് യാർഡാണ് അടുത്തത്. നിരവധി ട്രെയിനുകൾ നിർത്തിയിടാനും തൃശൂർ, കോട്ടയം, ആലപ്പുഴ ഭാഗങ്ങളിലേക്ക് തടസ്സം കൂടാതെ വന്ദേഭാരത് ഉൾപ്പെടെ ട്രെയിനുകൾ ഓടിക്കാനും സൗകര്യപ്രദമായ സ്ഥലം എന്നതാണ് ഇരുമ്പനത്തിന്റെ സാധ്യത വർധിപ്പിക്കുന്നത്.
ആധുനികസൗകര്യങ്ങളോടെ പുതിയ ടെർമിനൽ നിർമിക്കാൻ അധികഭൂമി ഏറ്റെടുക്കേണ്ടിവരില്ലെന്നത് മൂന്നാം ടെർമിനൽ യാഥാർഥ്യമാകാനുള്ള സാധ്യത വർധിപ്പിക്കുന്നു. എറണാകുളം ജങ്‌ഷൻ, ടൗൺ റെയിൽവേ സ്റ്റേഷനുകളിൽ കൂടുതൽ വികസനത്തിന് സാഹചര്യമില്ലാത്തതും പുതിയ സ്ഥലം കണ്ടെത്താൻ പ്രേരിപ്പിക്കുന്നു.










0 comments