ദുരന്തഭീഷണിയായി യാത്രാത്തിരക്ക്
സൗത്ത്, നോർത്ത് റെയിൽവേ സ്‌റ്റേഷനുകളിൽ കൂട്ടയിടി


സ്വന്തം ലേഖകൻ
Published on Apr 15, 2026, 12:21 AM | 2 min read
കൊച്ചി
അസൗകര്യങ്ങളിൽ നട്ടംതിരിയുന്ന എറണാകുളം സൗത്ത്, നോർത്ത് റെയിൽവേ സ്‌റ്റേഷനുകളിൽ ദുരന്തഭീഷണി ഉയർത്തി യാത്രികരുടെ അനിയന്ത്രിത തിരക്ക്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലേക്ക് പോകുന്ന ട്രെയിനുകളിൽ ടിക്കറ്റ് എടുക്കാൻ കൗണ്ടറുകൾക്കുമുന്നിലും ട്രെയിനുകളിൽ കയറാൻ പ്ലാറ്റ്‌ഫോമുകളിലും അതിഥിത്തൊഴിലാളികൾ ഉൾപ്പെടെയുള്ളവരുടെ അസാധാരണ തിരക്കാണ് ഇൗ ദിവസങ്ങളിൽ അനുഭവപ്പെടുന്നത്. ഉത്സവകാലത്തും വിശേഷാവസരങ്ങളിലും അധിക ട്രെയിനുകൾ അനുവദിക്കാത്തതും ദുരന്തങ്ങൾക്ക് കാരണമാകുംവിധം യാത്രികരുടെ തിക്കും തിരക്കും വർധിക്കാൻ കാരണമാണ്. ബംഗാൾ, അസം, തമിഴ്‌നാട് എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പും തിരക്ക് കൂട്ടി.
ഒറ്റ ദിവസം 20 ലക്ഷം രൂപയുടെ ടിക്കറ്റ്
തിങ്കളാഴ്‌ച എറണാകുളം സൗത്ത് റെയിൽവേ സ്‌റ്റേഷനിലെ കൗണ്ടറിലൂടെമാത്രം വിറ്റഴിച്ചത് 20 ലക്ഷം രൂപയുടെ ടിക്കറ്റാണ്. രാത്രി വൈകി പുറപ്പെട്ട രണ്ടു ട്രെയിനുകളിലേക്കായി 23, 397 പേർ ടിക്കറ്റെടുത്തതായാണ് കണക്ക്. പടിഞ്ഞാറെ കൗണ്ടറിലെ തിരക്ക് ടിക്കറ്റ് കൗണ്ടറുകൾ പ്രവർത്തിക്കുന്ന കെട്ടിടവും കവിഞ്ഞ് റോഡിലൂടെ സ്‌റ്റേഷൻ കവാടംവരെ നീണ്ടു. വരിയും നിരയുമില്ലാതെ തിക്കിത്തിരക്കിയ ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ പൊലീസ് ഏറെ പണിപ്പെട്ടു. സ്‌റ്റേഷന് അകത്തേക്കും പുറത്തേക്കുമുള്ള കാൽനടയാത്രപോലും തടസ്സപ്പെട്ടു. അവധിക്കാലം തുടങ്ങിയതും നിയമസഭാ തെരഞ്ഞെടുപ്പുകളും പാചകവാതകക്ഷാമംമൂലമുള്ള അതിഥിത്തൊഴിലാളികളുടെ കൂട്ടപ്പലായനവുമാണ് ഇപ്പോഴത്തെ തിരക്കിന് കാരണം.
ഇൗ പ്രതിസന്ധികൾ ഇല്ലാത്ത സമയത്തുപോലും ആഴ്‌ച അവസാനവും മാസാവന ആഴ്‌ചകളിലും സൗത്ത്, നോർത്ത് സ്‌റ്റേഷനുകളിൽ വലിയ തിരക്കാണ് അനുഭവപ്പെടാറ്. രണ്ടിടത്തും ദീർഘകാലമായി നടക്കുന്ന നിർമാണ ജോലികൾമൂലമുള്ള അസൗകര്യങ്ങൾ തിരക്കിന്റെ കാഠിന്യം കൂട്ടുന്നു.
കൗണ്ടറിൽ ഇനി ജീവനക്കാരില്ല
ടിക്കറ്റ് കൗണ്ടറുകളിലെ അസൗകര്യമാണ് കൊടുംതിരക്കിന് പ്രധാന കാരണം. സൗത്ത് സ്‌റ്റേഷനിലെ പടിഞ്ഞാറേ ഗേറ്റിലെ ജീവനക്കാരനുള്ള ഏക കൗണ്ടറും ബുധനാഴ്‌ച പൂട്ടും. കൗണ്ടർ ജീവനക്കാരെ ട്രെയിനുകളിൽ ടിക്കറ്റ് പരിശോധനയ്‌ക്ക് മാറ്റിനിയോഗിക്കുന്നതിന്റെ ഭാഗമായാണിത്. ഇനി കൗണ്ടറുകളിലെ ഓട്ടോമാറ്റിക് ടിക്കറ്റ് വെൻഡിങ് മെഷീനിൽനിന്ന് യാത്രികർ സ്വയം ടിക്കറ്റെടുക്കണം. മെഷീനുകൾക്ക് ടിക്കറ്റ് നൽകുന്നതിൽ വേഗമില്ലാത്തതും റെയിൽവൺ ആപ്പിൽ ലോഗിൻ ദുഷ്‌കരമായതും കൗണ്ടറുകൾക്കുമുന്നിൽ തിരക്കേറാൻ കാരണമാണ്. ടിക്കറ്റ് പരിശോധകർക്കായി റെയിൽവേ പുതിയ നിയമനം നടത്തുന്നില്ല. സൗത്തിലെ കിഴക്കേ കവാടത്തിൽ റിസർവേഷനും ടിക്കറ്റ് വിൽപ്പനയ്‌ക്കും ഉൾപ്പെടെ ഒരു കൗണ്ടർമാത്രമാണുള്ളത്.
റിസർവേഷൻ യാത്രക്കാർ പുറത്ത്
സ്‌റ്റേഷനുകളിലെ തിരക്കുമൂലം എറണാകുളത്തുനിന്ന് യാത്ര തുടങ്ങേണ്ട റിസർവേഷനുള്ള യാത്രക്കാരും ദുരിതത്തിലാണ്. പ്ലാറ്റ്‌ഫോമിൽ കാൽകുത്താനാകാത്തവിധം തിരക്ക് അനുഭവപ്പെടുന്നതിനാൽ എറണാകുളത്തുനിന്ന് റിസർവേഷനുള്ളവർ തിരുവനന്തപുരം ഉൾപ്പെടെ സ്‌റ്റേഷനുകളിലേക്ക് പോയി ട്രെയിനിൽ കയറുന്നതും പതിവായിട്ടുണ്ട്.










0 comments