സ്‌കൂൾ വിദ്യാർഥികൾക്ക് സംഘമായി കാണാൻ മുൻകൂട്ടി രജിസ്റ്റർ ചെയ്യാം
ക്വാണ്ടം സിദ്ധാന്തം സൂക്ഷ്‌മതലത്തിൽ അറിയാം

ക്വാണ്ടം സെഞ്ച്വറി പ്രദർശനത്തിൽ പ്ലാസ്മ ഗ്ലോബിനെ അടുത്തറിയുന്ന പെൺകുട്ടി
കൊച്ചി
ശാസ്‌ത്രകുതുകികളായ വിദ്യാർഥികൾക്കും പൊതുജനങ്ങൾക്കും സൂക്ഷ്‌മതലത്തിൽ ക്വാണ്ടം സിദ്ധാന്തം വിശദീകരിച്ച് കുസാറ്റിലെ ക്വാണ്ടം സെഞ്ച്വറി പ്രദർശനം. ടൺകണക്കിന് ഭാരമുണ്ടായിരുന്ന ആദ്യകാല കംപ്യൂട്ടറിൽനിന്ന് ചെറിയ നാനോചിപ്പുകളിലേക്കുള്ള ശാസ്‌ത്രത്തിന്റെ ജൈത്രയാത്ര വിശദീകരിച്ചാണ് ഓരോ സ്‌റ്റാളും കണികാസിദ്ധാന്തത്തിലേക്ക് സന്ദർശകരെ കൂട്ടിക്കൊണ്ടുപോകുന്നത്. പക്ഷികൾ ദേശാടനത്തിനുശേഷം കൃത്യമായി തിരിച്ചെത്തുന്നതിന് പിന്നിലുള്ളത് ക്വാണ്ടം ബയോളജിയാണെന്ന് പ്രദർശനം വിശദീകരിക്കുന്നു.
ആവർത്തനപ്പട്ടിക, ആറ്റംഘടന, ഓർബിറ്റൽ തിയറി, സബ് ആറ്റോമിക് പാർട്ടിക്കിളുകൾ, സെമികണ്ടക്ടറുകൾ തുടങ്ങിയവയും ഫ്ലൂറസൻസ്, സൂപ്പർ ഫ്ലൂയിഡിറ്റി, സൂപ്പർ കണ്ടക്ടിവിറ്റി തുടങ്ങിയ ക്വാണ്ടം പ്രതിഭാസങ്ങളും സാങ്കേതികവിദ്യകളും ശാസ്ത്രജ്ഞരുടെ സംഭാവനകളുമെല്ലാം എക്സിബിറ്റുകളും മോഡലുകളുമായി പ്രദർശനത്തിലുണ്ട്. ടി കെ രാധ, ബിബ ചൗധരി തുടങ്ങിയ ഇന്ത്യൻ വനിതാശാസ്ത്രജ്ഞരെ പരിചയപ്പെടുത്തുന്ന ആർട്ടിസ്റ്റ് ശ്രീജ പള്ളത്തിന്റെ ശിൽപ്പങ്ങൾ, ക്വാണ്ടം സയൻസിലെ ഇന്ത്യൻ സംഭാവനകൾ പരിചയപ്പെടുത്തുന്ന ആർ യദുനാഥിന്റെ പെയിന്റിങ് പരമ്പര, ജെസ്റ്റിൻ ജോസഫ് ഒരുക്കിയ ഐൻസ്റ്റൈനും മേരിക്യൂറിയും തുടങ്ങിയ കലാസൃഷ്ടികളും പ്രദർശനത്തിന്റെ ഭാഗമാണ്.
കേരള ശാസ്‌ത്ര സാഹിത്യ പരിഷത്തുമായി ചേർന്ന് കുസാറ്റിൽ ആരംഭിച്ച പ്രദർശനം 16വരെ തുടരും. പത്തുദിവസവും പ്രഭാഷണങ്ങൾ, പാനൽ ചർച്ചകൾ, സയൻസ് ബാൻഡ് തുടങ്ങിയ അനുബന്ധപരിപാടികളും ഉണ്ട്. സ്കൂളുകൾക്ക് എക്സിബിഷൻ കാണാൻ www.q.luca.co.inൽ മുൻകൂട്ടി രജിസ്റ്റർ ചെയ്യാം.
മറ്റ് കേന്ദ്രങ്ങളിലെ പ്രദർശനം, തീയതി
ടി കെ എം കോളേജ് കൊല്ലം (21 മുതൽ 25 വരെ), സെന്റ് തോമസ് കോളേജ് പാലാ (28– ഡിസംബർ 3), സെന്റ് മൈക്കിൾസ് കോളേജ് ചേർത്തല (11 വരെ), സയൻസ് സെന്റർ ആൻഡ് പ്ലാനറ്റോറിയം കോഴിക്കോട് (24 –30), നെഹ്റു കോളേജ് കാഞ്ഞങ്ങാട് (ജനുവരി 3–8), വി കെ കൃഷ്ണമേനോൻ ഗവ. വനിതാ കോളേജ് കണ്ണൂർ (12–17), സെന്റ് മേരീസ് കോളേജ് സുൽത്താൻ ബത്തേരി (20 –24), ഗവ. കോളേജ് മലപ്പുറം (27– ഫെബ്രുവരി 2), കേരള യൂണിവേഴ്സിറ്റി ക്യാന്പസ് തിരുവനന്തപുരം (10 വരെ), ഗവ. കോളേജ് കട്ടപ്പന (14 –19).








0 comments