മിനിലോറി തട്ടി റെയിൽവേ ഗേറ്റ് തകരാറിലായി: ഗതാഗതം സ്തംഭിച്ചു

നെടുമ്പാശേരി
ദേശത്തുനിന്ന് കാലടി ഭാഗത്തേക്കുപോയ മിനിലോറി തട്ടി പുറയാർ റെയിൽവേ ഗേറ്റ് തകരാറിലായതിനെ തുടർന്ന് ഗതാഗതം സ്‌തംഭിച്ചു. തിങ്കൾ രാവിലെ 6.45 മുതൽ 3.15 വരെയാണ് ഗതാഗതം പൂർണമായി തടസ്സപ്പെട്ടത്. ഹൈഡ്രോളിക് സിസ്‌റ്റത്തിൽ പ്രവർത്തിക്കുന്ന ഗേറ്റ് മുകളിൽനിന്ന് താഴേക്ക് അടയുന്നതിനിടയിൽ മുന്നോട്ടുകടന്ന മിനിലോറിയിലുണ്ടായിരുന്ന ചരക്കിൽ തട്ടുകയായിരുന്നു. ഇതോടെ കേബിൾ സംവിധാനം പൊട്ടി ഗേറ്റ് പ്രവർത്തനരഹിതമായി.
ആലുവയിൽനിന്ന് റെയിൽവേ എൻജിനിയറിങ് വിഭാഗം ജീവനക്കാരെത്തി തകരാർ പരിഹരിച്ചശേഷമാണ് പുറയാർ റെയിൽവേ ഗേറ്റ് വഴി വാഹനഗതാഗതം പുനഃസ്ഥാപിച്ചത്. അപകടമുണ്ടാക്കിയ വാഹന ഡ്രൈവർക്കെതിരെ റെയിൽവേ കേസെടുത്തു. 30,000 രൂപയോളം പിഴയൊടുക്കേണ്ടിവരും. ഗതാഗതം തടസ്സപ്പെട്ടതോടെ ചില ബസുകൾ പുറയാർ ഗേറ്റിൽ ട്രിപ്പ് അവസാനിപ്പിച്ചു. കാലടി ഭാഗത്തുനിന്നുള്ള ബസുകൾ മഹിളാലയം വഴിയും തിരിച്ചുവിട്ടു.









0 comments