പുനര്‍ജനിയില്‍ വി ഡി സതീശന് ക്ലീന്‍ ചിറ്റ്
കോടതിയെ സമീപിക്കും: ഡിവൈഎഫ്ഐ

കൊച്ചി
അധികാരത്തിലെത്തി രണ്ടുമാസത്തിനുള്ളിൽ പുനര്‍ജനി കേസില്‍നിന്ന് തടിയൂരാന്‍ അധികാരം ഉപയോഗിച്ച് ആഭ്യന്തരവകുപ്പിൽനിന്ന് ക്ലീൻ ചിറ്റ് നേടിയ മുഖ്യമന്ത്രി വി ഡി സതീശന്റെ നടപടിയെ ഡിവൈഎഫ്ഐ അപലപിച്ചു. 2018-ലെ മഹാപ്രളയത്തിൽ പറവൂരിൽ വീടും ജീവിതമാർഗവും നഷ്ടപ്പെട്ട പാവപ്പെട്ട മനുഷ്യരുടെ പുനരധിവാസം മുൻനിർത്തി വി ഡി സതീശൻ സംഘടിപ്പിച്ച "പുനർജനി' പദ്ധതിയിയില്‍ കോടികളുടെ തട്ടിപ്പ് നടന്നു എന്നാണ് കേസ്.
അന്വേഷണം അട്ടിമറിച്ച് നേടിയെടുത്ത "ക്ലീൻ ചിറ്റ്' കൊണ്ട് പറവൂരിലെ പ്രളയബാധിതരുടെ കണ്ണീരിന് മറുപടി പറയാനാകില്ല. എളന്തിക്കരയിൽ പ്രളയബാധിതർക്ക് ഫ്ലാറ്റ് നിർമിച്ചുനൽകുമെന്ന് പ്രഖ്യാപിച്ചു. കല്ലിട്ടശേഷം പദ്ധതി ഉപേക്ഷിച്ച് പാവപ്പെട്ടവരെ വഞ്ചിച്ചതടക്കം പുനർജനിയിലെ തട്ടിപ്പുകൾക്ക് നിരവധി തെളിവുകളുണ്ട്.
വിദേശ സംഭാവന നിയന്ത്രണ നിയമങ്ങൾ ലംഘിച്ച് കോടികൾ സമാഹരിച്ചതിനും അത് വകമാറ്റി ചെലവഴിച്ചതിനും വ്യക്തമായ തെളിവുകൾ ഉണ്ടായിട്ടും കേന്ദ്ര അന്വേഷണ ഏജൻസികൾ അന്വേഷണം നടത്തണമെന്ന മുൻസർക്കാരിന്റെ ആവശ്യം നിലനിൽക്കേ അന്വേഷണ ഏജൻസികളെ സ്വാധീനിച്ച് കേസ് അവസാനിപ്പിച്ചത് പ്രതിഷേധാർഹമാണ്.
സാങ്കേതിക ന്യായം പറഞ്ഞ് വി ഡി സതീശന്റെ അഴിമതി മൂടിവയ്‌ക്കാൻ അനുവദിക്കില്ല.
ജനങ്ങളെയും നിയമത്തെയും വെല്ലുവിളിച്ച് നേടിയെടുത്ത ക്ലീന്‍ ചിറ്റിനെതിരെ ഡിവൈഎഫ്ഐ കോടതിയെ സമീപിക്കും. പറവൂർ മണ്ഡലത്തിലുടനീളം മുഖ്യമന്ത്രിക്കെതിരെ ശക്തമായ ബഹുജന പ്രക്ഷോഭവും ജനകീയ വിചാരണയും സംഘടിപ്പിക്കുമെന്നും ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി നിഖിൽ ബാബു, പ്രസിഡന്റ് ബിബിൻ വർഗീസ് എന്നിവർ പ്രസ്താവനയിൽ അറിയിച്ചു.










0 comments