കേരളം തൊഴിലവസരങ്ങളുടെ പറുദീസയാകും: മന്ത്രി ബാലഗോപാല്‍
"പബ്ലിക് സ്ക്വയർ' അദാലത്തിന് തുടക്കം

കളമശേരി
വ്യവസായമന്ത്രി പി രാജീവ് കളമശേരി മണ്ഡലത്തിലെ തദ്ദേശസ്ഥാപനങ്ങളിൽ നടപ്പാക്കുന്ന പൊതുജന പരാതി പരിഹാര അദാലത്തിന് "പബ്ലിക് സ്ക്വയർ' തുടക്കമായി. കളമശേരി നഗരസഭയിലെ അദാലത്ത് ഞാലകം കൺവൻഷൻ സെന്ററിൽ ധനമന്ത്രി കെ എൻ ബാലഗോപാൽ ഉദ്ഘാടനംചെയ്തു. മന്ത്രി പി രാജീവ് അധ്യക്ഷനായി.
മുൻകൂറായും അദാലത്ത് ദിവസം ലഭിച്ചതുമായ 201 പരാതികൾ പരിഗണിച്ചു. 156 പരാതികൾക്ക് പരിഹാരമായി. 45 എണ്ണം ബന്ധപ്പെട്ട വകുപ്പിൽനിന്നുള്ള മറുപടിക്കായി മാറ്റിവച്ചു. ജനപ്രതിനിധികൾ, കലക്ടർ എൻ എസ് കെ ഉമേഷ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. ജനങ്ങളുടെ വ്യക്തിപരമായ പരാതികളും പൊതുവിഷയത്തിലുള്ള സംഘടനകളുടെ പരാതികളും ഉൾപ്പെടും. രാവിലെ ഒമ്പതിന് ആരംഭിച്ച അദാലത്ത് വൈകിട്ട് അഞ്ചോടെ സമാപിച്ചു. ഏലൂർ നഗരസഭ അധ്യക്ഷൻ എ ഡി സുജിൽ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമ്യ തോമസ്, പഞ്ചായത്ത് പ്രസിഡന്റുമാരായ പി എം മനാഫ്, സൈന ബാബു, സിപിഐ എം കളമശേരി ഏരിയ സെക്രട്ടറി കെ ബി വർഗീസ്, കിലെ ചെയർമാൻ കെ എൻ ഗോപിനാഥ് തുടങ്ങിയവർ സംസാരിച്ചു.
കേരളം തൊഴിലവസരങ്ങളുടെ പറുദീസയാകും: മന്ത്രി ബാലഗോപാല്‍
കേരളം പത്തുവർഷത്തിനകം തൊഴിലവസരങ്ങളുടെ പറുദീസയാകുമെന്ന് മന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. കളമശേരി മണ്ഡലത്തിൽ തദ്ദേശസ്ഥാപനം കേന്ദ്രീകരിച്ച് മന്ത്രി പി രാജീവിന്റെ നേതൃത്വത്തിൽ നടത്തുന്ന പരാതി പരിഹാര അദാലത്തായ -‘പബ്ലിക് സ്ക്വയർ’ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
കൂടുതൽ തൊഴിലവസരം സൃഷ്ടിക്കാനുള്ള സർക്കാർ ശ്രമത്തിന്റെ ഭാഗമാണ് വിഴിഞ്ഞം തുറമുഖം. വ്യവസായ സ്ഥാപനങ്ങളുടെ അധികഭൂമി മറ്റു പദ്ധതികൾക്കായി വിനിയോഗിക്കും. എറണാകുളം–-ബംഗളൂരു വ്യവസായ ഇടനാഴിക്കായി 1700 കോടിയുടെ ഭൂമി ഏറ്റെടുത്തു. കോഴിക്കോട്–-മംഗളൂരു വ്യവസായ ഇടനാഴിക്ക് 5000 കോടിയുടെ ഭൂമി ഏറ്റെടുക്കേണ്ടിവരും.
ഏറ്റവും കുറവ് കടമെടുത്ത സംസ്ഥാന സർക്കാരാണിത്. ഈ വർഷം 4.70ലക്ഷം കോടി രൂപയാണ് സംസ്ഥാനത്തിന് കടമെടുക്കാൻ കേന്ദ്രം അനുമതി നൽകിയതെന്നും ബാലഗോപാൽ പറഞ്ഞു. മന്ത്രി പി രാജീവ് അധ്യക്ഷനായി.










0 comments