അസിസ്റ്റന്റ് എൻജിനീയർക്കെതിരെ ഭീഷണി
പായിപ്ര പഞ്ചായത്തിലേക്ക് പ്രതിഷേധമാർച്ച്

പായിപ്ര പഞ്ചായത്ത് ഓഫീസിനുമുന്നിൽ നടത്തിയ ധർണ ഇ ആർ സുർജിത്ത് ഉദ്ഘാടനം ചെയ്യുന്നു
മൂവാറ്റുപുഴ
വാർഡ് അംഗമായ യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി പായിപ്ര പഞ്ചായത്തിലെ അസിസ്റ്റന്റ് എൻജിനീയറെ ഭീഷണിപ്പെടുത്തിയതിൽ പ്രതിഷേധിച്ച് തദ്ദേശവകുപ്പ് എൻജിനീയറിങ് വിഭാഗം ഉദ്യോഗസ്ഥർ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തി. പഞ്ചായത്തിലെ സ്വകാര്യ സ്‌കൂളിന്റെ കെട്ടിട സുരക്ഷാസർട്ടിഫിക്കറ്റ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ടാണ് എൻജിനീയറെ ഭീഷണിപ്പെടുത്തിയത്.
കഴിഞ്ഞ 16ന് നടന്ന സംഭവത്തിന്റെ വീഡിയോ ദൃശ്യം ചാനലുകളിലും സമൂഹമാധ്യമങ്ങളിലും പ്രചരിച്ചിരിന്നു.
സംസ്ഥാനത്തെ വിവിധ ഓഫീസുകളിലെ ഉദ്യോഗസ്ഥരാണ് മാർച്ചിൽ പങ്കെടുത്തത്. പഞ്ചായത്ത് കവാടത്തിൽനിന്ന് തുടങ്ങിയ മാർച്ച് പേഴയ്ക്കാപ്പിള്ളി ടൗൺചുറ്റി പഞ്ചായത്ത് ഓഫീസിനുമുന്നിൽ സമാപിച്ചു. തുടർന്ന് നടത്തിയ ധർണ അസോസിയേഷൻ ഓഫ് എൻജിനീയേഴ്സ് സംസ്ഥാന പ്രസിഡന്റ് ഇ ആർ സുർജിത്ത് ഉദ്ഘാടനം ചെയ്തു. ഷാജു ആർ ശേഖർ, പോളി എടയനാൽ, ഷബാന കൃഷ്‌ണരാജൻ, പി ജീവൻ, സാറാ സൂര്യ ജോർജ്, ബേസിൽ മാത്യു, പി പ്രശാന്ത് എന്നിവർ സംസാരിച്ചു.
സിപിഐ എം മാർച്ച് ഇന്ന്
പായിപ്ര പഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയറെ ഭീഷണിപ്പെടുത്തിയതിലും യുഡിഎഫ് ഭരണസമിതിയുടെ കെടുകാര്യസ്ഥതയിലും പ്രതിഷേധിച്ച് വെള്ളി രാവിലെ 10 ന് പഞ്ചായത്ത് ഓഫീസ് മാർച്ച് നടത്തും. സിപിഐ എം പായിപ്ര ഈസ്റ്റ്, പായിപ്ര വെസ്റ്റ് മുളവൂർ ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ നടത്തുന്ന മാർച്ച് പേഴയ്‌ക്കാപ്പിള്ളിയിൽനിന്ന് തുടങ്ങി പഞ്ചായത്ത് ഓഫീസിനുമുന്നിൽ സമാപിക്കും. തുടർന്ന് നടക്കുന്ന ധർണ ഏരിയ സെക്രട്ടറി അനീഷ് എം മാത്യു ഉദ്ഘാടനം ചെയ്യും.







0 comments