ദേശീയപാത നിർമാണം
കുടിവെള്ളക്കുഴൽ പൊട്ടിക്കുന്നത--ിൽ പ്രതിഷേധം

കുടിവെള്ളക്കുഴൽ പൊട്ടിക്കുന്നതിൽ പ്രതിഷേധിച്ച ജനപ്രതിനിധികളും നാട്ടുകാരുമായി നിർമാണ കമ്പനി അധികൃതർ ചർച്ച നടത്തുന്നു
വരാപ്പുഴ
ദേശീയപാത 66 നിർമാണത്തിനിടെ കൂനമ്മാവ് പ്രദേശത്തെ കുടിവെള്ളക്കുഴൽ അടിക്കടി പൊട്ടിക്കുന്നതിൽ പ്രതിഷേധവുമായി ജനപ്രതിനിധികളും നാട്ടുകാരും. കഴിഞ്ഞദിവസം കൂനമ്മാവ് കാവിൽനടയിൽ റോഡ് നിർമാണത്തിനിടെ മൂന്നു മീറ്ററോളം കുടിവെള്ളക്കുഴൽ അധികൃതർ പൊട്ടിച്ചു. തുടർന്ന് അവർതന്നെ പൊട്ടിയ കുടിവെള്ളക്കുഴലിന്റെ അറ്റം മണ്ണിട്ടുമൂടി. വീടുകളിൽ ദിവസങ്ങളോളം കുടിവെള്ളം വരാത്തതിനാൽ ജല അതോറിറ്റി അധികൃതരും നാട്ടുകാരും ചേർന്ന് അന്വേഷിച്ചപ്പോഴാണ് അധികൃതർ മണ്ണിട്ടുമൂടിയ കുടിവെള്ളക്കുഴൽ കണ്ടെത്തിയത്. തുടർന്ന് ജല അതോറിറ്റി പുതിയ കുടിവെള്ളക്കുഴലിട്ട് വിതരണം പുനഃസ്ഥാപിച്ചു.
സമാനരീതിയിൽ കൂനമ്മാവിന്റെയും വരാപ്പുഴയുടെയും പലഭാഗത്തും കുടിവെള്ളക്കുഴൽ പൊട്ടിയിട്ട് ദേശീയപാത അധികൃതർ മണ്ണിട്ടുമൂടിവയ്ക്കുകയാണെന്നും നാട്ടുകാർ പറയുന്നു. ദേശീയപാതയിൽ പൈപ്പ് പൊട്ടിയ വിവരം ദേശീയപാത ജീവനക്കാർ ജല അതോറിറ്റിയെയോ ജനപ്രതിനിധികളെയോ അറിയിക്കാത്തതുമൂലം പൊട്ടിയഭാഗം കണ്ടുപിടിക്കാൻ ബുദ്ധിമുട്ടാണെന്ന് പ്രതിഷേധക്കാർ പറയുന്നു.
കുടിവെള്ളക്കുഴൽ പൊട്ടി വെള്ളം കാനയിലേക്ക് ഒഴുകുന്നതും പതിവാണ്. നിരന്തരം കുടിവെള്ളക്കുഴൽ പൊട്ടുന്നതിനാൽ കൂനമ്മാവ് ഐടിസി റോഡ്, ആശുപത്രിക്ക് കിഴക്കുവശം, സെമിത്തേരിപ്പടി റോഡ്, പീപ്പിൾസ് റോഡ് എന്നീ പ്രദേശങ്ങളിൽ കുടിവെള്ളക്ഷാമം രൂക്ഷമായിരിക്കുകയാണ്. നൂറുകണക്കിന് കുടുംബങ്ങളാണ് കുടിവെള്ളം കിട്ടാതെ വലയുന്നത്. നിർമാണക്കമ്പനി അധികൃതർ സ്ഥലത്തെത്തി ചർച്ച നടത്തിയതിനെ തുടർന്നാണ് പ്രതിഷേധം അവസാനിപ്പിച്ചത്.
കോട്ടുവള്ളി പഞ്ചായത്ത് പ്രസിഡന്റ് പ്രഷീല ബെന്നി, വൈസ് പ്രസിഡന്റ് വി എച്ച് ജമാൽ, വാർഡ് മെമ്പർമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.









0 comments