കുടിവെള്ളം ഉൗറ്റിയവർക്ക് മന്ത്രിയുടെ ഒത്താശ; പ്രതിഷേധിച്ച് നാട്ടുകാർ

വെള്ളമൂറ്റിയതിന് വിച്ഛേദിച്ച കണക്‌ഷൻ തുടർനടപടികൾ ഒഴിവാക്കി പുനസ്ഥാപിക്കാനെത്തിയ വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർക്കു മുന്പിൽ നടന്ന പ്രതിഷേധം
കൊച്ചി
നാട്ടുകാരുടെ കുടിവെള്ളം മുട്ടിച്ച് വെള്ളം ഉൗറ്റിയവർക്ക് ഒത്താശയുമായി വാട്ടർ അതോറിറ്റിയും വകുപ്പ് മന്ത്രിയും. അനധികൃമായി വെള്ളം ഉൗറ്റിയതിനെത്തുടർന്ന് റദ്ദാക്കിയ കണക്‌ഷൻ അടിയന്തരമായി പുനഃസ്ഥാപിക്കാൻ ജലവിഭവമന്ത്രി മോൻസ് ജോസഫിന്റെ നിർദേശപ്രകാരം വാട്ടർ അതോറിറ്റി സൂപ്രണ്ടിങ് എൻജീനിയർ ഇറക്കിയ ഉത്തരവ് പുറത്ത്. ഉത്തരവ് പ്രകാരം കണക്‌ഷൻ പുനഃസ്ഥാപിക്കാൻ എത്തിയ ഉദ്യോഗസ്ഥർ നാട്ടുകാർ പ്രതിഷേധിച്ചതോടെ മടങ്ങി.
പനന്പിള്ളിനഗർ അയ്യപ്പൻ ഗ്രൗണ്ടിന് സമീപമുള്ള നാലുനില കെട്ടിടത്തിലെ ലേഡീസ് ഹോസ്‌റ്റലിലേക്കാണ് പന്പ് ഉപയോഗിച്ച് അനധികൃതമായി വെള്ളം എടുത്തിരുന്നത്. ഇതോടെ പ്രദേശത്ത് ദിവസങ്ങളായി കുടിവെള്ളം മുടങ്ങിയിരുന്നു. വെള്ളം വരുന്പോഴാകാട്ടെ മലിനവും ദുർഗന്ധവുമുള്ളതായിരുന്നു.
വാട്ടർ അതോറിറ്റി കരാറുകാരൻ നടത്തിയ പരിശോധനയിൽ വെള്ളം ഉൗറ്റുന്നത് കണ്ടെത്തുകയും തുടർന്ന് അതോറിറ്റി കണക്‌ഷൻ റദ്ദാക്കുകയും 2.43 ലക്ഷം പിഴയടക്കാൻ നോട്ടീസ് നൽകുകയും ചെയ്‌തിരുന്നു. ഇതിനിടയിലാണ് മന്ത്രിയും തോമസ് ഉണ്ണിയാടൻ എംഎൽഎയും ഇടപെട്ടത്. തുടർന്ന് കണക്‌ഷൻ പു:നസ്ഥാപിച്ച് നൽകാൻ മന്ത്രി ഉത്തരവും ഇറക്കി. ഉത്തരവ് നടപ്പാക്കാൻ ബുധനാഴ്‌ച ഉദ്യോഗസ്ഥർ എത്തിയപ്പോൾ കോർപറേഷൻ മുൻ സ്ഥിരംസമിതി അധ്യക്ഷൻ പി ആർ റെനീഷ്, മുൻ കൗൺസിലർ അഞ്‌ജന, എൽഐജി റസിഡന്റ് അസോസിയേഷൻ പ്രസിഡന്റ് ജയൻ എന്നിവരുടെ നേതൃത്വത്തിൽ നാട്ടുകാർ ശക്തമായ പ്രതിഷേധമുയർത്തി. ഇതോടെ ഉത്തരവ് നടപ്പാക്കാൻ കഴിയാതെ ഇവർ മടങ്ങി. ഇതുവരെ പിഴ ഇൗടാക്കിയിട്ടുമില്ല. കുടിവെള്ളക്ഷാമത്തിന് അടിയന്തര പരിഹാരം കാണണമെന്നും അഴിമതിക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.











0 comments