തൃക്കാക്കര നഗരസഭ
തണ്ണീർത്തടം നികത്താനുള്ള നീക്കത്തിൽ പ്രതിഷേധം

തൃക്കാക്കരയിൽ തണ്ണീർത്തടം നികത്താൻ ഉദ്ദേശിക്കുന്ന പഴങ്ങാട്ട് ചാൽ പ്രദേശം എൽഡിഎഫ് കൗൺസിലർമാർ സന്ദർശിക്കുന്നു
കാക്കനാട്
തൃക്കാക്കരയിലെ പഴങ്ങാട്ടുചാൽ മേഖലയിലെ ഒമ്പത് ഏക്കർ തണ്ണീർത്തടം നികത്താനുള്ള നഗരസഭയുടെ നീക്കത്തിൽ പ്രതിഷേധം ശക്തമാകുന്നു. പരിസ്ഥിതി ആഘാത പഠനങ്ങളോ ശാസ്ത്രീയ പരിശോധനകളോ നടത്താതെയാണ് നാലുകോടി രൂപ ചെലവിൽ ഭൂമി നികത്താൻ നീക്കം നടക്കുന്നതെന്ന് എൽഡിഎഫ് ആരോപിച്ചു.
അഞ്ച്, ആറ്, മുപ്പത്, മുപ്പത്തിനാല് വാർഡുകളിലെ പ്രധാന തണ്ണീർത്തടമേഖലയായ പഴങ്ങാട്ടുചാൽ നികത്തിയാൽ നവോദയ വാണച്ചിറ, മുണ്ടംപാലം, കോർത്താട്ട് നട, പഴങ്ങാട്ടുമൂല ചാൽ എന്നിവയിലൂടെയുള്ള നീരൊഴുക്ക് തടസ്സപ്പെടുമെന്നും സമീപപ്രദേശങ്ങളിൽ ഗുരുതരമായ വെള്ളക്കെട്ട് രൂപപ്പെടുമെന്നും എൽഡിഎഫ് നേതാക്കൾ മുന്നറിയിപ്പ് നൽകി.
കെന്റ് പാം വില്ല, ഫോർട്ട് വാലി, പുറവങ്കര ഫ്ലാറ്റ് എന്നിവിടങ്ങളിലെ നൂറുകണക്കിന് കുടുംബങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിലാകുമെന്നും 2018-ലെ പ്രളയകാലത്ത് വെള്ളത്തിനടിയിലായ പ്രദേശങ്ങളിൽ വീണ്ടും സമാന സാഹചര്യം സൃഷ്ടിക്കപ്പെടുമെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി.
തണ്ണീർത്തടം ഇല്ലാതാകുന്നത് ഭൂഗർഭജല ലഭ്യതയെയും ബാധിക്കുമെന്ന് എൽഡിഎഫ് പറഞ്ഞു. തെങ്ങോട് ഉൾപ്പെടെയുള്ള പ്രദേശങ്ങളിലെ കുടിവെള്ളക്ഷാമം കൂടുതൽ രൂക്ഷമാകാനും കിണറുകളിലും കുളങ്ങളിലും ജലനിരപ്പ് താഴാനുമിടയാക്കും.
ഭൂമി തരംമാറ്റുന്ന കാര്യത്തിൽ നഗരസഭ കാണിക്കുന്ന തിടുക്കം ദുരൂഹമാണെന്നും സ്വകാര്യ ഭൂമാഫിയകളെ സഹായിക്കാനാണ് നീക്കമെന്നും പ്രതിപക്ഷം ആരോപിച്ചു.
പ്രദേശത്തെ വാർഡ് കൗൺസിലറും കോൺഗ്രസ് നേതാവുമായ പി കെ അലി, തണ്ണീർത്തടം നികത്തുന്നതിൽ നഗരസഭാ ഭരണസമിതിയിൽ എതിർപ്പ് രേഖപ്പെടുത്തി.
പ്രതിപക്ഷ നേതാവ് സി പി സാജൽ, കൗൺസിലർമാരായ സി എ നിഷാദ്, പി എൻ പ്രശാന്ത് എന്നിവരടങ്ങിയ സംഘം പഴങ്ങാട്ടുചാൽ പ്രദേശം സന്ദർശിച്ചു. വികസന പദ്ധതികൾ നടപ്പാക്കുമ്പോൾ പരിസ്ഥിതി സംരക്ഷണത്തിന് മുൻഗണന നൽകണമെന്നും തണ്ണീർത്തടം നികത്താനുള്ള തീരുമാനം പിൻവലിക്കണമെന്നും അവർ ആവശ്യപ്പെട്ടു.











0 comments