ഉത്രാടപ്പാച്ചിലിലും ജീവനക്കാർ സമരത്തിൽ
ഡിഎംഒയ്‌ക്കെതിരെ പ്രതിഷേധം ശക്തം

ആരോഗ്യവകുപ്പിലെ ചട്ടവിരുദ്ധ സ്ഥലംമാറ്റത്തിനെതിരെ ജീവനക്കാർ നടത്തുന്ന അനിശ്‌ചിതകാലസമരം 11–ാംദിവസം കെജിഎൻഎ സംസ്ഥാന കമ്മിറ്റി അംഗം ബേസിൽ പി എൽദോസ് ഉദ്ഘാടനം ചെയ്യുന്നു
കൊച്ചി
സംസ്ഥാനം ഓണത്തിരക്കിലേക്ക് കടക്കുന്നതിനിടെ ജില്ലാ മെഡിക്കൽ ഓഫീസർ നടത്തിയ ചട്ടവിരുദ്ധ സ്ഥലംമാറ്റങ്ങൾക്കെതിരെ ജീവനക്കാർ നടത്തുന്ന സമരം 11–-ാംദിവസത്തിലേക്ക് കടന്നു. കെജിഎൻഎ സംസ്ഥാന കമ്മിറ്റി അംഗം ബേസിൽ പി എൽദോസ് സമരം ഉദ്ഘാടനം ചെയ്തു.
ജീവനക്കാരുടെ സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട് നിലവിലുള്ള മാനദണ്ഡങ്ങൾ പാലിക്കാതെ ഭരണപക്ഷ അനുകൂല സംഘടനകളുടെ ശുപാർശ മാത്രം പരിഗണിച്ചാണ് ഡിഎംഒ തീരുമാനം എടുക്കുന്നതെന്ന് നേതാക്കൾ പറഞ്ഞു. ജില്ലയിലെ ആരോഗ്യസേവനങ്ങൾ ഏകോപിപ്പിക്കേണ്ട സമയത്ത് ജില്ലാ മെഡിക്കൽ ഓഫീസർ സ്വകാര്യ ആവശ്യത്തിനായി തായ്‌ലൻഡിലേക്ക് പോയതും പ്രതിഷേധത്തിന് ആക്കം കൂട്ടി.
കേരള എൻജിഒ യൂണിയൻ ജില്ലാ സെക്രട്ടറിയറ്റ് അംഗം സി ആർ മഹേഷ് അധ്യക്ഷനായി. ജില്ലാ കമ്മിറ്റി അംഗം എൻ ഇ സൂരജ്, ജില്ലാ സെക്രട്ടറി ഇ പി വിഷ്ണു, ജില്ലാ സെക്രട്ടറിയറ്റ് അംഗം കെ എ കൃഷ്ണകുമാർ എന്നിവര്‍ സംസാരിച്ചു. സമരം തുടരുമെന്ന് സംഘാടകർ അറിയിച്ചു.










0 comments