നടപ്പാതയിൽ സ്വകാര്യ ബസിന്റെ മരണപ്പാച്ചിൽ
അറസ്‌റ്റിലായ ഡ്രൈവർ സ്ഥിരം ഭീഷണി

സ്വകാര്യ ബസ് ഇടിച്ച് വലതുകൈ നഷ്‌ടമായ ആലപ്പുഴ സ്വദേശി സരീഷ്
കൊച്ചി
നടപ്പാതയിലൂടെ പോകുകയായിരുന്ന കാൽനടയാത്രികന് പിന്നാലെ അപകടകരമായി വാഹനമോടിക്കുകയും മറ്റൊരു ബസിലെ ജീവനക്കാരുമായി അടിപിടി കൂടുകയും ചെയ്‌തതിന് അറസ്‌റ്റിലായ സ്വകാര്യ ബസ് ഡ്രൈവർ മത്സരയോട്ടത്തിന് പലവട്ടം ശിക്ഷാനടപടി നേരിട്ടയാൾ. ഇടുക്കി വണ്ടിപ്പെരിയാർ സത്രംപുതുവേലിൽ രാജയാണ് (29) അറസ്‌റ്റിലായത്.
രണ്ടുവർഷംമുന്പ് കുണ്ടന്നൂർ ജങ്ഷനിലെ സർവീസ് റോഡിൽ ഇയാളോടിച്ച ബസ് ഇടിച്ച ആലപ്പുഴ സ്വദേശി സരീഷിന്റെ വലതുകൈ മുറിച്ചുകളയേണ്ടിവന്നിരുന്നു.
അമിതവേഗത്തിലും അശ്രദ്ധമായും ബസ് ഓടിക്കുന്ന രാജ അത്തരം കുറ്റകൃത്യങ്ങൾ ആവർത്തിച്ചിട്ടും ഇപ്പോഴും ഇൗ രംഗത്ത് തുടരുകയാണ്. 2024ലാണ് ഇയാളോടിച്ച സ്വകാര്യ ബസ് കയറി സ്‌കൂട്ടർ യാത്രികന് വലതുകൈ നഷ്ടമായത്. മറ്റൊരു ഗുരുതര ഗതാഗത നിയമലംഘനത്തിന്റെ പേരിൽ ലൈസൻസ് സസ്‌പെൻഷൻ കഴിഞ്ഞ് തിരിച്ചുകയറിയതിന് പിന്നാലെയാണ് ഇൗ അപകടമുണ്ടാക്കിയത്.
കുന്പളം കളത്തിൽ ക്ഷേത്രത്തിനുസമീപം വാടകയ്‌ക്ക് താമസിക്കുകയാണ് സരീഷ്. വലതുകൈ മുറിച്ചുമാറ്റിയതോടെ എസ്‌കവേറ്റർ ഡ്രൈവറായിരുന്ന സരീഷിന് ജോലി നഷ്ടമായി. 40 ലക്ഷം രൂപയോളം ചികിത്സയ്‌ക്ക് ചെലവായതിന്റെ സാന്പത്തിക ബാധ്യതയുമുണ്ട്. കുണ്ടന്നൂർ ജങ്ഷനിൽ പാലത്തിന് താഴെയുള്ള സർവീസ് റോഡിലായിരുന്നു അപകടം. ബസ് അമിതവേഗത്തിലായിരുന്നു. അപകടത്തെ തുടർന്ന് പനങ്ങാട് പൊലീസ് രജിസ്‌റ്റർ ചെയ്‌ത എഫ്‌ഐആറിൽ ബസിന്റെ അമിതവേഗവും ഡ്രൈവറുടെ അശ്രദ്ധയുമാണ് അപകടകാരണമെന്നുണ്ടായിരുന്നു.
എന്നാൽ, അന്വേഷണ റിപ്പോർട്ടിൽ അതൊഴിവാക്കിയത് തനിക്ക് നഷ്ടപരിഹാരം ലഭിക്കുന്നത് അനിശ്ചിതമായി വൈകിപ്പിച്ചു. ഇപ്പോഴും കേസുമായി കോടതി കയറിയിറങ്ങുകയാണെന്നും സരീഷ് പറഞ്ഞു.
സ്വകാര്യബസ് ജീവനക്കാർ തമ്മിലുള്ള അടിപിടിയിലും സ്ഥിരം പുള്ളിയാണ് അറസ്‌റ്റിലായ രാജ. വ്യാഴാഴ്‌ച രാവിലെ എട്ടോടെ ഹൈക്കോടതി ജങ്ഷനുസമീപം റോഡിലായിരുന്നു സ്വകാര്യ ബസുകളുടെ മത്സരയോട്ടവും ജീവനക്കാരുടെ കൈയാങ്കളിയും. മുന്പേ പോയ ബസിനെ മറികടക്കാൻ ഇടതുവശത്ത് നടപ്പാതയിലൂടെ രാജ അമിതവേഗത്തിൽ ബസോടിക്കുന്പോൾ മുന്നിലുണ്ടായിരുന്ന കാൽനടയാത്രികൻ കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. ഹോൺ മുഴക്കി നടപ്പാതയിലൂടെ പാഞ്ഞുവരുന്ന ബസ് കണ്ട് കാൽനടയാത്രികൻ ഓടിമാറുകയായിരുന്നു.
ഡ്രൈവർ രാജ
ബസ് ഡ്രൈവറുടെ ലൈസൻസ് സസ്-പെൻഡ് ചെയ്തു
കാക്കനാട്
സ്വകാര്യ ബസുകളുടെ മത്സരയോട്ടത്തിനിടെ ജീവനക്കാർ തമ്മിലുണ്ടായ കൈയാങ്കളിയിൽ മോട്ടോർ വാഹനവകുപ്പ് ഒരു ബസ് ഡ്രൈവറുടെ ലൈസൻസ് മൂന്ന് മാസത്തേക്ക് സസ്പെൻഡ് ചെയ്തു. ഏലൂർ–ഫോർട്ട് കൊച്ചി റൂട്ടിൽ സർവീസ് നടത്തുന്ന ഷാലിമ ബസിന്റെ ഡ്രൈവർ പാനായിക്കുളം സ്വദേശി ടി എസ് ഗിരീഷിന്റെ ലൈസൻസാണ് ആർടിഒ സസ്പെൻഡ് ചെയ്തത്. കൊച്ചി നഗരത്തിൽ വ്യാഴാഴ്ച നടന്ന സംഭവത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. സംഭവത്തിൽ ഉൾപ്പെട്ട മറ്റു ബസുകളെക്കുറിച്ചും ജീവനക്കാരെക്കുറിച്ചും പരിശോധിക്കുമെന്ന് അധികൃതർ പറഞ്ഞു.










0 comments