ആയിരം ഇതളുകളുള്ള അഴക്

കരിന്തളം ആയിരം ഇതളുകളുടെ അഴകുവിടർത്തി ശാലിനിയുടെ വീട്ടുമുറ്റത്ത് സഹസ്രദള പത്മം വിരിഞ്ഞു. കോളംകുളത്ത് ശാലിനി അടിയോടിയുടെ വീട്ടുമുറ്റത്താണ് അപൂർവയിനത്തിൽപ്പെട്ട ഈ താമര വിരിഞ്ഞത്. "നെലുംബോ ന്യൂസിഫെറ" എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്ന ഈ അപൂർവ ജലസസ്യം സാധാരണ താമരകളിൽനിന്ന് ഏറെ വ്യത്യസ്തമാണ്. നൂറുകണക്കിന് ഇതളുകൾ നിറഞ്ഞ വലിയ പൂവാണ് സഹസ്രദള പത്മത്തിന്റെ പ്രത്യേകത. ചൈന, നേപ്പാൾ, മ്യാൻമർ തുടങ്ങിയ രാജ്യങ്ങളിലാണ് കൂടുതലായി കണ്ടുവരുന്നത്. ഓൺലൈൻവഴിയാണ് വിത്തുകൾ സംഘടിപ്പിച്ചത്. നാലാംമാസംകൊണ്ട് താമര വിരിഞ്ഞു. പനീർ റോസ്, ഹാർട്ട് ബ്ലഡ്, വൈറ്റ് പിയോണി, ലക്ഷ്മി തുടങ്ങി നിരവധി ഇനം താമരകളും വിവിധയിനം ആമ്പലുകളുമുണ്ടിവിടെ. പൂന്തോട്ടത്തോടൊപ്പം വെൽവെറ്റ് ആപ്പിൾ ഉൾപ്പെടെയുള്ള ഫലവൃക്ഷങ്ങളും വളർത്തുന്നുണ്ട്. വീട്ടാവശ്യത്തിനുള്ള മിക്ക പച്ചക്കറികളും സ്വന്തമായി ഉൽപ്പാദിപ്പിക്കുന്നു. നാടൻകോഴി വളർത്തലും മുയൽ വളർത്തലും മറ്റൊരു ഹോബിയാണ്. കിനാനൂർ-കരിന്തളം പഞ്ചായത്ത് ഓഫീസ് ജീവനക്കാരിയാണ്. ഭർത്താവ് എം വിനോദ് കുമാറും ഡിഗ്രിക്കും പ്ലസ്ടുവിനും പഠിക്കുന്ന മക്കളായ എ അർജുനും എ കൗശിക്കും എല്ലാ പ്രവർത്തനങ്ങൾക്കും പിന്തുണയുമായി ഒപ്പമുണ്ട്.








0 comments