ad
Deshabhimani

മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ മോർച്ചറിയിൽ മൃതദേഹം അഴുകിയ സംഭവം

പറവൂർ താലൂക്കാശുപത്രിയിലേക്ക് 
സിപിഐ എം മാർച്ച്‌ നടത്തി


സിപിഐ എം മാർച്ച്‌ നടത്തി

സിപിഐ എം നേതൃത്വത്തിൽ പറവൂർ താലൂക്കാശുപത്രിയിലേക്ക് നടത്തിയ മാർച്ചും ധർണയും എരിയകമ്മിറ്റി അംഗം കെ എ വിദ്യാനന്ദൻ ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Sep 26, 2026, 03:07 AM | 2 min read

പറവൂർ​


മുഖ്യമന്ത്രി വി ഡി സതീശന്റെ മണ്ഡലത്തിലെ പറവൂർ ഗവ. താലൂക്ക് ആശുപത്രി മോർച്ചറി ഫ്രീസറിൽ മൃതദേഹം അഴുകിയ സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു. സിപിഐ എം ടൗൺ ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ താലൂക്കാശുപത്രിയിലേക്ക് മാർച്ചും ധർണയും നടത്തി.


ഏരിയ കമ്മിറ്റി അംഗം കെ എ വിദ്യാനന്ദൻ ഉദ്ഘാടനം ചെയ്തു. ടൗൺ ഈസ്റ്റ് ലോക്കൽ സെക്രട്ടറി പി പി അജയകുമാർ അധ്യക്ഷനായി.

വീട്ടിൽ തലയടിച്ചുവീണ് മരിച്ച പരുവത്തുരുത്ത് ഒറ്റാറക്കൽ ജെസ്സിയുടെ (65) മൃതദേഹം 16ന് വൈകിട്ട് നാലിനാണ് താലൂക്കാശുപത്രി മോർച്ചറി ഫ്രീസറിൽ വച്ചത്. പിറ്റേന്ന് പോസ്റ്റ്മോർട്ടത്തിനായി എറണാകുളം മെഡിക്കൽ കോളേജിൽ എത്തിച്ചപ്പോഴാണ് അഴുകിയ കാര്യം ബന്ധുക്കൾ അറിഞ്ഞത്.


സ്വന്തം മണ്ഡലത്തിലെ സർക്കാർ ആശുപത്രിയിൽ മൃതദേഹം ചീഞ്ഞളിയുമ്പോഴും മുഖ്യമന്ത്രി ചിരിച്ചുകൊണ്ടിരിക്കുകയാണെന്ന് ആരോപണമുയർന്നു. ഏരിയകമ്മിറ്റി അംഗം എം ആർ റീന, ടൗൺ വെസ്റ്റ് ലോക്കൽ സെക്രട്ടറി സി പി ജയൻ, നഗരസഭ പ്രതിപക്ഷനേതാവ് സി എ രാജീവ്, സ്ഥിരംസമിതി അധ്യക്ഷ ജയദേവാനന്ദൻ എന്നിവർ സംസാരിച്ചു.


മുഖ്യമന്ത്രിയുടെ മണ്ഡലത്തിലെ അനാസ്ഥ അപലപനീയം: 
എസ്‌ സതീഷ്‌


കൊച്ചി


മുഖ്യമന്ത്രി വി ഡി സതീശന്റെ മണ്ഡലമായ പറവൂരിലെ താലൂക്കാശുപത്രിയിൽ ഫ്രീസറിൽ സൂക്ഷിച്ച മൃതദേഹങ്ങൾ അഴുകിയനിലയിലായത് അപലപനീയമാണെന്ന്‌ സിപിഐ എം ജില്ലാ സെക്രട്ടറി എസ്‌ സതീഷ്‌ പ്രസ്‌താവനയിൽ പറഞ്ഞു.

പറവൂർ സ്വദേശിയാണ് ആരോപണവുമായി രംഗത്തെത്തിയത്. ഇദ്ദേഹത്തിന്റെ അമ്മയുടെ മൃതദേഹം ഉൾപ്പെടെ അഴുകിയനിലയിൽ കണ്ടെത്തിയതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.


ആശുപത്രിയിലെ ഫ്രീസറുകൾ എല്ലാം തകരാറിലായതാണ് പ്രതിസന്ധിക്ക് കാരണം. നാല് മൃതദേഹങ്ങൾ സൂക്ഷിക്കാനുള്ള ഫ്രീസറും ഒരു മൊബൈൽ ഫ്രീസറും ആശുപത്രിയിൽ ഉണ്ടെങ്കിലും എല്ലാം പ്രവർത്തനരഹിതമാണ്. ഇതോടെ മൃതദേഹങ്ങൾ വലിയ തുക മുടക്കി സ്വകാര്യ ആശുപത്രികളിലെ മോർച്ചറിയിൽ സൂക്ഷിക്കേണ്ട അവസ്ഥയിലാണ് ജനങ്ങൾ.


16ന് മരിച്ചയാളുടെ മൃതദേഹമാണ് മൊബൈൽ ഫ്രീസറിൽ സൂക്ഷിച്ചിട്ടും അഴുകിയനിലയിൽ കണ്ടെത്തിയത്. കഴിഞ്ഞദിവസം ബസിൽനിന്ന് വീണുമരിച്ച കുഞ്ഞിത്തൈ സ്വദേശിനിയുടെ മൃതദേഹം ഫ്രീസർ തകരാറിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റേണ്ടിവന്നിരുന്നു.


വർഷങ്ങളായി വി ഡി സതീശൻ എംഎൽഎയായി തുടരുന്ന മണ്ഡലത്തിലാണ് ഇത്തരമൊരു ഗുരുതര അനാസ്ഥ. തെരഞ്ഞെടുത്ത ജനങ്ങളോട് യാതൊരു നീതിയും കാണിക്കാതെ ജനദ്രോഹ നയങ്ങൾ നടപ്പാക്കുന്ന തിരക്കിലാണ് മുഖ്യമന്ത്രി. സ്വന്തം മണ്ഡലത്തിലെ സർക്കാർ ആശുപത്രിയുടെ ദുരവസ്ഥ പരിഹരിക്കാൻപോലും കഴിയാത്തതിനെതിരെ ശക്തമായി പ്രതിഷേധിക്കുന്നതായും എസ്‌ സതീഷ്‌ പറഞ്ഞു.


ഡിവൈഎഫ്ഐ പ്രതിഷേധം ഇന്ന്


പറവൂർ


താലൂക്ക് ഗവ. ആശുപത്രി മോർച്ചറിയിലെ ഫ്രീസറിൽ സൂക്ഷിച്ച വീട്ടമ്മയുടെ മൃതദേഹം അഴുകിയ സംഭവത്തിൽ ഡിവൈഎഫ്ഐ പ്രതിഷേധം ശനിയാഴ്ച നടക്കും. പറവൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ രാവിലെ ഒമ്പതിന് ആശുപത്രിയിലേക്ക് മാർച്ച് നടത്തും. പ്രതിഷേധയോഗം സംസ്ഥാന സെക്രട്ടറി എം വിജിൻ എംഎൽഎ ഉദ്ഘാടനം ചെയ്യും.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home