മലയോരം ചോദിക്കുന്നു, ഇനിയെന്ത്

കോട്ടയം പരിസ്ഥിതിലോല മേഖലകൾ(ഇഎസ്‌എ) സംബന്ധിച്ച വിജ്ഞാപനത്തെക്കുറിച്ച് പരാതി നൽകാനുള്ള സമയം അവസാനിച്ചു. സംസ്ഥാന സർക്കാർ ഇടപെടുമെന്ന മലയോരമേഖലയുടെ പ്രതീക്ഷ വെറുതെയായി. ജീവിതം തകരുമെന്ന് പലകുറി അറിയിച്ചിട്ടും ജനവാസമേഖലകളെ പരിസ്ഥിതിലോല പ്രദേശങ്ങളിൽനിന്ന് ഒഴിവാക്കാനുള്ള ഇടപെടൽ സർക്കാർ നടത്തിയില്ല. വിജ്ഞാപനം നടപ്പിലാകാൻ ഇനി ഏതാനും നടപടിക്രമങ്ങൾ മാത്രം. സർക്കാരും ഉപേക്ഷിച്ചതായി ബോധ്യപ്പെട്ട മലയോരനിവാസികൾക്ക് ഒന്നേ ചോദിക്കാനുള്ളൂ – ഇനിയെന്ത്? പരിസ്ഥിതിലോല മേഖലയായാൽ സ്വന്തം ഭൂമിയിൽ എല്ലാ അവകാശവും നഷ്ടമാകുന്ന ആയിരക്കണക്കിന് കുടുംബങ്ങൾ ജില്ലയിലുണ്ട്. മേലുകാവ്, തീക്കോയി, പൂഞ്ഞാർ തെക്കക്കര, കൂട്ടിക്കൽ വില്ലേജുകളാണ് ഇഎസ്എ വിജ്ഞാപനത്തിൽ ഉൾപ്പെട്ടിട്ടുള്ളത്. വിജ്ഞാപനം കഴിഞ്ഞിട്ട് പരാതി ബോധിപ്പിക്കാൻ ഇവർക്ക് ലഭിച്ചത് വെറും 60 ദിവസം. സമയം നീട്ടിത്തരാനെങ്കിലും സർക്കാർ ഇടപെടണമെന്ന അപേക്ഷ ചെവിക്കൊണ്ടില്ല. മലയോര മേഖലയിലെ എംഎൽഎമാർ ഇടപെട്ടില്ല. ഇതോടെ സ്വന്തം നിലയിൽ പരാതികൾ ഇ–മെയിൽ ചെയ്യുകയായിരുന്നു ജനങ്ങൾ. പതിറ്റാണ്ടുകളായി ഇവിടെ കഴിയുന്ന കുടുംബങ്ങളാണ് ഏറെയും. മണ്ണിനോടും വന്യമൃഗങ്ങളോടും പടവെട്ടി കഴിയുന്ന കുടുംബങ്ങൾക്ക് സ്വന്തം മണ്ണ് ഉപേക്ഷിച്ചുപോകേണ്ടിവരും. ജില്ലയിലെ ജനവാസമേഖലകളെ ഒഴിവാക്കിയുള്ള ശുപാർശ കഴിഞ്ഞ എൽഡിഎഫ് സർക്കാർ കേന്ദ്രത്തിന് നൽകിയിരുന്നു. എന്നാൽ യുഡിഎഫ് സർക്കാർ ഇൗ നിലപാട് സ്വീകരിക്കാതിരുന്നതാണ് മലയോരപ്രദേശങ്ങൾക്ക് തിരിച്ചടിയായത്. ജില്ലയിലെ കിഴക്കൻ മേഖലയിൽ, വനഭൂമി തീരെയില്ലാത്ത വില്ലേജുകളാണ് പരിസ്ഥിതി ലോല മേഖലകളായി ഉൾപ്പെടുത്തിയിട്ടുള്ളത്. ഇതിന് ഫീൽഡ് സർവേ പോലും നടത്തിയില്ല. തങ്ങളുടെയടുത്ത് വിവരശേഖരണത്തിനായി ആരും വന്നിട്ടില്ലെന്ന് മലയോര നിവാസികൾ പറയുന്നു. പരിസ്ഥിതിലോല മേഖലയാകുമ്പോഴുള്ള സാമൂഹികാഘാതം ആരും പഠിച്ചില്ല. വിജ്ഞാപനം നടപ്പാക്കിയാൽ സ്വന്തം ഭൂമിയിൽ കയറാൻ ചെക്ക് പോസ്‌റ്റ് കടക്കേണ്ടിവരുമോ എന്നാണ് നാട്ടുകാർ ചോദിക്കുന്നത്. കിഴക്കൻ മേഖലയിലെ പ്രധാന കൃഷി റബറാണ്. പരിസ്ഥിതിലോല മേഖലയായാൽ ഇവിടെ റബറടക്കം ഒന്നും കൃഷിചെയ്യാനാകില്ല. വസ്‌തു ഇൗടായി ബാങ്കുകൾ സ്വീകരിക്കില്ല. നെഞ്ചിടിപ്പേറുമ്പോഴും നിലനിൽപിനായി പോരാടാനാണ് അവരുടെ തീരുമാനം.








0 comments