രാത്രിവണ്ടികൾ വെട്ടുന്നു
യാത്രക്കാര്‍ക്ക് ഇരുട്ടടിയുമായി കെഎസ്ആര്‍ടിസി


സ്വന്തം ലേഖകൻ
Published on Sep 26, 2026, 03:03 AM | 1 min read
കൊച്ചി
ജില്ലയുടെ കിഴക്കന്‍ മേഖലകളിലേക്കുള്ള യാത്രക്കാര്‍ക്ക് കെഎസ്ആര്‍ടിസിയുടെ വക ഇരുട്ടടി. രാത്രി 8.30ന് എറണാകുളത്തുനിന്ന് ആലുവ-–പെരുമ്പാവൂര്‍–-കോതമംഗലം വഴി കട്ടപ്പനയ്ക്ക് പോയിരുന്ന ഫാസ്റ്റ് പാസഞ്ചര്‍ സര്‍വീസിന് കെഎസ്ആര്‍ടിസി പൂട്ടിട്ടു. ദിവസവും മലയോര, കിഴക്കന്‍ മേഖലകളിലേക്ക് നൂറുകണക്കിന് യാത്രക്കാര്‍ ആശ്രയിച്ചിരുന്ന സര്‍വീസാണിത്. നല്ല വരുമാനവും ലഭിച്ചിരുന്നു. കിഴക്കന്‍ മേഖലകളിലേക്ക് രാത്രി ബസ് സര്‍വീസ് കുറവാണെന്ന പരാതി നിലനില്‍ക്കെയാണ് കെഎസ്ആര്‍ടിസിയുടെ ഇരുട്ടടി. കുമളി ഡിപ്പോയില്‍നിന്നുള്ള ഫാസ്റ്റ് പാസഞ്ചര്‍ ബസ് സര്‍വീസാണ് നിര്‍ത്തിയത്.
ഇടുക്കി ജില്ലയിലെ വിവിധ ഡിപ്പോകളില്‍നിന്ന് കൂടുതല്‍ ജീവനക്കാര്‍ സ്ഥലംമാറ്റം തരപ്പെടുത്തി പോയതിനാലാണ് ലാഭത്തില്‍ ഓടിയിരുന്ന ബസ് സര്‍വീസ് നിലയ്ക്കാന്‍ കാരണമെന്ന് വിവരം. രാത്രി എട്ടിന് മൂന്നാറിലേക്ക് പുറപ്പെടുന്ന ഓര്‍ഡിനറി ബസിനുശേഷം എറണാകുളം ഡിപ്പോയില്‍നിന്ന് കോതമംഗലം വഴി പോകുന്ന മൂന്ന് സര്‍വീസുകളാണ് ഉണ്ടായിരുന്നത്. കട്ടപ്പന സര്‍വീസ് നിര്‍ത്തിയതോടെ ഇത് രണ്ടായി.
രാത്രി പത്തിനുള്ള നെടുങ്കണ്ടം ബസും 11ന് പുറപ്പെടുന്ന കുമളി ബസും മാത്രമാണ് നിലവിലുള്ളത്. മികച്ച വരുമാനം ലഭിക്കുന്നവയാണെങ്കിലും ഇവയില്‍ ഒരെണ്ണം വീതം ഒന്നിടവിട്ട ദിവസങ്ങളില്‍ ജീവനക്കാരില്ലെന്ന പേരില്‍ സര്‍വീസ് നടത്തുന്നുമില്ല. നിലവില്‍ രാത്രി 7.15ന് പുറപ്പെട്ടിരുന്ന കുമളി ബസിന്റെ സമയം 7.40 ആയി പുനഃക്രമീകരിച്ചെങ്കിലും യാത്രാക്ലേശത്തിന് കുറവില്ല.
രാത്രി എട്ടിനുശേഷം യാത്രക്കാര്‍ ദീര്‍ഘനേരം ബസിനായി കാത്തുനില്‍ക്കേണ്ട സ്ഥിതിയാണ്. രാത്രികാല സര്‍വീസുകള്‍ വെട്ടിച്ചുരുക്കിയതോടെ കെഎസ്ആര്‍ടിസിക്കെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്.







0 comments