വിമാന ടിക്കറ്റ് കൊള്ളയും പ്രവാസി പെൻഷൻ കുടിശ്ശികയും
കേരള പ്രവാസിസംഘം ധർണ നടത്തി

ആലുവ
വിമാന കമ്പനികളുടെ അമിത ടിക്കറ്റ് നിരക്കിനെതിരെയും മൂന്ന് മാസമായി പ്രവാസി പെൻഷൻ മുടങ്ങിയതിലും പ്രതിഷേധിച്ച് കേരള പ്രവാസിസംഘം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആലുവ ഗാന്ധി സ്ക്വയറിനുമുന്നിൽ ധർണ നടത്തി. പ്രവാസികളെ കൊള്ളയടിക്കുന്ന തരത്തിലുള്ള വിമാന ടിക്കറ്റ് നിരക്ക് വർധനയ്ക്ക് അടിയന്തര പരിഹാരം കാണണമെന്നും, കുടിശ്ശികയായ മുഴുവൻ പ്രവാസി പെൻഷനും ഉടൻ വിതരണം ചെയ്യണമെന്നും പ്രവാസിസംഘം ആവശ്യപ്പെട്ടു.
ഓണം അടുത്തെത്തിയിട്ടും പെൻഷൻ തുക പൂർണമായി പ്രവാസികളുടെ അക്കൗണ്ടുകളിൽ എത്തിയിട്ടില്ല. സർക്കാർ അടിയന്തരമായി ഇടപെട്ട് പെൻഷൻ കുടിശ്ശിക വിതരണം ചെയ്യണമെന്നും വിമാന കമ്പനികളുടെ അമിതനിരക്ക് നിയന്ത്രിക്കണമെന്നും അവർ ആവശ്യപ്പെട്ടു.
കേരള പ്രവാസിസംഘം സംസ്ഥാന വൈസ് പ്രസിഡന്റ് എം യു അഷറഫ് ധർണ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി എൻ ദേവാനന്ദൻ അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗം സി ഇ നാസർ, ആലുവ ഏരിയ പ്രസിഡന്റ് പി ജെ അനൂപ്, വി ആർ അനിൽകുമാർ, യോഹന്നാൻ വി കൂരൻ, ടി കെ സലിം, എ എം അബ്ദുൾ കരീം, പി ബി അലി, വനജ സന്തോഷ് എന്നിവർ സംസാരിച്ചു.










0 comments