പള്ളുരുത്തി ‘പ്രതീക്ഷ’ ഓർമയിലേക്ക്

പൊളിച്ചുനീക്കുന്ന പള്ളുരുത്തി ‘പ്രതീക്ഷ’ തിയറ്റർ
പള്ളുരുത്തി
കഴിഞ്ഞ 50 വർഷം പള്ളുരുത്തിയിൽ തലയുയർത്തിനിന്ന ‘പ്രതീക്ഷ’ തിയറ്റർ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് പൊളിച്ചുനീക്കുന്നത് പള്ളുരുത്തിക്കാർ വേദനയോടെ നോക്കിനിന്നു. വെയിലും മഴയുംകൊണ്ട് മണിക്കൂറുകൾ ക്യൂനിന്ന് പ്രിയതാരങ്ങളുടെ സിനിമകൾ ആസ്വദിച്ചകാലം ഇനി ഓർമകളിൽമാത്രം. ഓണം, റംസാൻ, ക്രിസ്മസ് ദിനങ്ങളിൽ റിലീസ് ചെയ്യുന്ന സിനിമകൾ കാണാൻ ആലപ്പുഴ ജില്ലയിൽനിന്നുവരെ കാണികൾ ഇവിടെ എത്താറുണ്ടായിരുന്നു. പ്രതീക്ഷ സി ക്ലാസ് തിയറ്ററായിരുന്നു.
1977 ആഗസ്‌ത് 26ന് വൈകിട്ട് നാലിനാണ് അന്നത്തെ മേയർ എ കെ ശേഷാദ്രി തിയറ്റർ പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തത്. കമൽഹാസൻ അഭിനയിച്ച എൻ ശങ്കരൻനായരുടെ ശ്രീദേവിയാണ് പ്രദർശിപ്പിച്ച ആദ്യചിത്രം. ബാൽക്കണി, ഫസ്റ്റ് ക്ലാസ്, സെക്കൻഡ് ക്ലാസ്, തേർഡ് ക്ലാസ് ഇങ്ങനെ നാല് തലങ്ങളിലായിരുന്നു ടിക്കറ്റ്. ബാൽക്കണി ടിക്കറ്റ് മാത്രമേ മുൻകൂട്ടി ബുക്ക് ചെയ്യാൻ സൗകര്യം ഉണ്ടായിരുന്നുള്ളൂ. ബാക്കി മൂന്ന് ക്ലാസിനും ക്യൂതന്നെ ശരണം. കുറച്ചുവർഷംമുമ്പ് അടച്ചുപൂട്ടുംവരെ തുച്ഛമായ ടിക്കറ്റ് നിരക്കായിരുന്നു.
പോഴിയിൽ ഹരിയുടെ നേതൃത്വത്തിലാണ് തിയറ്റർ നടത്തിയിരുന്നത്. മൂന്ന് തിയറ്ററുകളാണ് പള്ളുരുത്തിയിൽ ഉണ്ടായിരുന്നത്. ആദ്യം പാലമുറ്റം സിനി ഹൗസിന് താഴുവീണു. പിന്നെ ജയലക്ഷ്മി തിയറ്ററും പൂട്ടി. ഇപ്പോൾ പ്രതീക്ഷ തിയറ്ററും. വർഷങ്ങളായി പ്രതീക്ഷ തീയറ്റർ അടച്ചിട്ടെങ്കിലും വീണ്ടും തുറന്നുപ്രവർത്തിക്കുമെന്ന പ്രതീക്ഷയിലായിരുന്നു നാട്ടുകാർ.









0 comments