തടിവ്യവസായവും പ്രതിസന്ധിയിൽ

പ്ലൈവുഡ് കമ്പനിയിലെ പീലിങ് യൂണിറ്റ്
പെരുമ്പാവൂർ
അടിക്കടിയുണ്ടാകുന്ന പവർകട്ട് പ്ലൈവുഡ് വ്യവസായ മേഖലയെ പ്രതിസന്ധിയിലാക്കുമെന്ന ആശങ്കയിൽ തടിവ്യാപാരികൾ. ദിവസേന പതിനായിരത്തിലധികം രൂപ ജനറേറ്റർ പ്രവർത്തിപ്പിക്കാൻ ഡീസൽ ഇനത്തിൽ ചെലവാക്കേണ്ടിവരുന്നെന്ന് സോമിൽ ഓണേഴ്സ് ആൻഡ് പ്ലൈവുഡ് മാനുഫാക്ചേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് മുജീബ് റഹ്മാൻ പറഞ്ഞു. മാസം മൂന്നുലക്ഷം രൂപയോളം അധികബാധ്യതയാണ് ഇതുമൂലമുണ്ടാകുന്നത്.
തടി ചെത്തി ഷീറ്റാക്കുന്ന പീലിങ് യൂണിറ്റ്, ഉണക്കാനുള്ള ഡ്രയർ, കോർ കട്ടിങ് മെഷീൻ, സാൻഡിങ് മെഷീൻ, ഗ്ലൂ മിക്സർ തുടങ്ങി നിരവധി മെഷീനുകളാണ് തുടർച്ചയായി പ്രവർത്തിക്കുന്നത്. വൈദ്യുതി മുടങ്ങിയാൽ ഇവയെല്ലാം പ്രവർത്തിക്കണമെങ്കിൽ അതിനുതകുന്ന ജനറേറ്ററും അതിനനുസൃതമായ ഇന്ധനച്ചെലവുമുണ്ട്. തടിയുടെ വിലക്കയറ്റംമൂലം വ്യവസായമേഖല വലിയ പ്രതിസന്ധി നേരിടുന്ന സന്ദർഭത്തിലാണ് ഇരുട്ടടിയായി പവർകട്ടും വരുന്നത്. ആയിരക്കണക്കിന് തൊഴിലാളികളാണ് മേഖലയിൽ തൊഴിലെടുക്കുന്നത്. കമ്പനികൾ ഒരു ദിവസംപോലും നിർത്തിവയ്ക്കാനാകില്ല. വൈദ്യുതി പ്രതിസന്ധി തുടർന്നാൽ ഉടമകളെ മാത്രമല്ല, തൊഴിലാളി കുടുംബങ്ങളും പ്രതിസന്ധിയിലാകും.
തടിമില്ലുകളെയും വൈദ്യുതിപ്രതിസന്ധി ഗുരുതരമായിട്ട് ബാധിച്ചിട്ടുണ്ട്. മിക്കയിടങ്ങളിലും ജനറേറ്റർ സംവിധാനമില്ല. മണിക്കൂറുകൾ നീളുന്ന പവർകട്ട് കാരണം തടിമില്ലുകൾ പ്രവർത്തിപ്പിക്കാനാകാത്ത സ്ഥിതിയിലേക്കാണ് നീങ്ങുന്നത്. പ്രതിസന്ധി പരിഹരിക്കാൻ ഉടൻ നടപടി ഉണ്ടാകണമെന്ന് അസോസിയേഷൻ മേഖലാ പ്രസിഡന്റ് ഷാഹുൽ ഹമീദും ആവശ്യപ്പെട്ടു.










0 comments