Deshabhimani

ക്ഷേത്രങ്ങളിൽ പൂജവയ്‌പ്‌ നടത്തി

Poojavaypu
വെബ് ഡെസ്ക്

Published on Oct 19, 2026, 02:51 AM | 1 min read

കൊച്ചി


ജില്ലയിലെ പ്രധാന ക്ഷേത്രങ്ങളിൽ ഉൾപ്പെടെ പൂജവയ്‌പ്‌ നടത്തി. വടക്കൻ പറവൂരിലെ ദക്ഷിണ മൂകാംബിക ക്ഷേത്രത്തില്‍ പ്രത്യേകം തയ്യാറാക്കിയ കൗണ്ടറിലൂടെ പൂജവയ്ക്കാനുള്ള പുസ്തകം, പേന, സംഗീതോപകരണങ്ങള്‍ എന്നിവ സ്വീകരിച്ചു. ദീപാരാധനയ്ക്കുശേഷം തന്ത്രിയുടേയും മേല്‍ശാന്തിയുടേയും നേതൃത്വത്തില്‍ പൂജവയ്‌പ്‌ നടത്തി.


നവരാത്രി മണ്ഡപത്തില്‍ തിങ്കൾ രാവിലെ മുതല്‍ സംഗീത -നൃത്ത പരിപാടികള്‍ രാത്രി 10 വരെ അരങ്ങേറും. ബുധൻ പുലര്‍ച്ചെ 2.45ന് നടതുറക്കും. അഷ്ടാഭിഷേകത്തിനും പൂജയെടുപ്പിനും ശേഷം അഞ്ചിന് വിദ്യാരംഭത്തിന് തുടക്കമാകും. തിരുവിതാംകൂര്‍ ദേവസ്വം ഡെപ്യൂട്ടി കമീഷണര്‍ കെ ഇന്ദുകുമാരി ആദ്യാക്ഷരം കുറിക്കുന്നതിന് തുടക്കമിടും.


വിദ്യാരംഭ മണ്ഡപത്തില്‍ ഇരുപതോളം ഗുരുക്കന്മാര്‍ ഉച്ചവരെ കുട്ടികളെ എഴുത്തിനിരുത്തും. വിദ്യാരംഭത്തിനും ദർശനത്തിനും പ്രത്യേകം ക്യൂ ഉണ്ട്. ഉച്ചയ്ക്ക് പ്രസാദ ഊട്ടും ഒരുക്കിയിട്ടുണ്ട്. വൈകിട്ട് ഏഴിന് വയലിന്‍ വിദ്വാന്‍ ടി എച്ച് സുബ്രഹ്മണ്യത്തിന്റെ വയലിൻ കച്ചേരിയും നടക്കും.

ചോറ്റാനിക്കര ദേവീക്ഷേത്രത്തിൽ പൂജവയ്‌പ്‌ നടന്നു. സരസ്വതീ മണ്ഡപത്തിൽ സരസ്വതീ ദേവിയുടെ ചിത്രത്തിന്‌ മുന്നിലാണ് പൂജവയ്‌പ്‌. മേൽശാന്തി മനോജ് എമ്പ്രാന്തിരി ദീപം തെളിച്ചു.


മണ്ഡപത്തിന്റെ ചുറ്റും തൂക്കിയിട്ടുള്ള പഴക്കുലകൾ വിജയദശമി ദിവസം കുട്ടികൾക്കു നൽകും. തിങ്കൾ നടൻ ജയറാമും 151ൽപരം കലാകാരൻമാരും നയിക്കുന്ന പവിഴമല്ലിത്തറ മേളം അരങ്ങേറും. രാവിലെ 8.30ന് ശീവേലിക്കാണ് പവിഴമല്ലിത്തറമേളം. വൈകിട്ട് 7ന് ഏലൂർ ബിജുവും സംഘവും അവതരിപ്പിക്കുന്ന പവിഴമല്ലി സ്നേഹസോപാനം, വൈകിട്ട് മൂന്ന് മുതൽ വിവിധ വേദികളിൽ വിവിധ കലാപരിപാടികളും നടക്കും.


20ന് രാവിലെ 9ന് പെരുവനം കുട്ടൻമാരാരുടെ മേളം, രാത്രി 9 ന് ചോറ്റാനിക്കര വിജയൻ മാരാരുടെ പ്രമാണത്തിൽ മേജർ സെറ്റ് പഞ്ചവാദ്യത്തോടെ വിളക്കിനെഴുന്നള്ളിപ്പ്. 21 ന് രാവിലെ പൂജയെടുപ്പും വിദ്യാരംഭവും നടക്കും. കീഴ്ശാന്തി രാമൻ എമ്പ്രാന്തിരിയുടെ നേതൃത്വത്തിൽ എഴുത്തിനിരുത്തൽ നടക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home