പൊലീസ് സ്‌റ്റേഷൻ മാർച്ച് നടത്തി
വിദ്യാർഥിയെ മർദിച്ച എസ്‌ഐയെ സസ്‌പെൻഡ് ചെയ്യണം

പതിനാറുകാരനായ വിദ്യാർഥിയെ കരണത്തടിച്ച് പരിക്കേൽപ്പിച്ച ഞാറക്കൽ എസ്‌ഐയെ സസ്‌പെൻഡ് ചെയ്യണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ, എസ്‌എഫ്‌ഐ നേതൃത്വത്തിൽ നടത്തിയ ഞാറക്കൽ പൊലീസ് സ്‌റ്റേഷൻ മാർച്ച് സിപിഐ എം ഏരിയ സെക്രട്ടറി എ പി പ്രിനിൽ ഉദ്‌ഘാടനം ചെയ്യുന്നു
വൈപ്പിൻ
പതിനാറുകാരനായ വിദ്യാർഥിയെ കരണത്തടിച്ച് പരിക്കേൽപ്പിച്ച ഞാറക്കൽ എസ്‌ഐ എ എസ് അരുണിനെ സസ്‌പെൻഡ് ചെയ്യണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ, എസ്‌എഫ്‌ഐ സംഘടനകളുടെ നേതൃത്വത്തിൽ ഞാറക്കൽ പൊലീസ് സ്‌റ്റേഷനിലേക്ക് മാർച്ച് നടത്തി. സുബ്രൻ ഹാളിൽനിന്ന് ആരംഭിച്ച മാർച്ച് സ്‌റ്റേഷനുമുന്നിൽ പൊലീസ് തടഞ്ഞു. മാർച്ച് സിപിഐ എം ഏരിയ സെക്രട്ടറി എ പി പ്രിനിൽ ഉദ്‌ഘാടനം ചെയ്‌തു.
ആഷ്‌വിൻ റോബിനെ കരണത്തടിച്ച് പരിക്കേൽപ്പിച്ച എസ്‌ഐ അരുണിനെതിരെ നടപടിയുണ്ടാകണമെന്നും ഇനി ഇത്തരം പ്രവൃത്തി ചെയ്യാതിരിക്കാൻ അത് അത്യാവശ്യമാണെന്നും എ പി പ്രിനിൽ പറഞ്ഞു. നടപടിയുണ്ടായില്ലെങ്കിൽ ശക്തമായ സമരവുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.
ഡിവൈഎഫ്‌ഐ ബ്ലോക്ക് സെക്രട്ടി കെ ജെ ജ്യോതിഷ് അധ്യക്ഷനായി. ജില്ലാ സെക്രട്ടറിയറ്റ് അംഗം കെ വി നിജിൽ, ബ്ലോക്ക് പ്രസിഡന്റ് വി ബി സേതുദാൽ, ജില്ലാ കമ്മിറ്റി അംഗം എൻ എസ് സൂരജ്, എസ്‌എഫ്‌ഐ ഏരിയ സെക്രട്ടറി കെ ജെ ആനന്ദ്, സിപിഐ എം ലോക്കൽ സെക്രട്ടറി പി ഡി ലൈജു, എം എസ് എനോജ്, കെ എസ് ശ്യാംജിത്ത് എന്നിവർ സംസാരിച്ചു.
മർദനമേറ്റ ആഷ്‌വിൻ റോബിൻ മൂന്നുദിവസം ഞാറക്കൽ സർക്കാർ താലൂക്കാശുപത്രിയിൽ ചികിത്സയ്‌ക്കുശേഷം ഡിസ്‌ചാർജായി. അച്ഛൻ അറക്കൽ റോബിൻ ആഭ്യന്തരമന്ത്രി, ഡിജിപി, റൂറൽ എസ്‌പി എന്നിവർക്ക് പരാതി നൽകിയിരുന്നു. തുടർന്ന് ഇവരെ മുനന്പം ഡിവൈഎസ്‌പി ഓഫീസിൽ വിളിപ്പിച്ചിരുന്നു. എന്നാൽ, ഒരു നടപടിയും ഇതുവരെ ഉണ്ടായില്ലെന്ന് റോബിൻ പറഞ്ഞു.










0 comments