25 കിലോമീറ്റർ സഞ്ചരിക്കും, പൊലീസിന്റെ ഇൗ ഡ്രോൺ

ഹൈബ്രിഡ് വിറ്റോൾ വിഭാഗത്തിലുള്ള, 20–25 കിലോമീറ്റർ ദൂരം പറക്കാൻ ശേഷിയുള്ള ഡ്രോൺ

സ്വന്തം ലേഖകൻ
Published on Oct 10, 2026, 12:47 AM | 1 min read
കൊച്ചി
ഇരുപതുമുതൽ 25 കിലോമീറ്റർവരെ പറക്കാൻ ശേഷിയുള്ള ഡ്രോൺ അവതരിപ്പിച്ച് കേരള പൊലീസ് സൈബർ ഡോം. തീരമേഖലയിൽ ഉൾപ്പെടെ നിരീക്ഷണത്തിനാണ് ഇത് പ്രധാനമായും ഉപയോഗിക്കുന്നത്. രണ്ട് മണിക്കൂർവരെ തുടർച്ചയായി പറക്കാനാകുന്ന ഡ്രോൺ, വിമാനത്തിന്റെ രൂപത്തിലാണ് നിർമിച്ചിരിക്കുന്നത്. ലിഥിയം അയോൺ ബാറ്ററിയാണ് ഇതിൽ ഉപയോഗിക്കുന്നത്. 50–75 ലക്ഷം വിലയുള്ള ഡ്രോൺ ‘കൊക്കൂൺ 2026’ സൈബർ സുരക്ഷാ സമ്മേളനത്തിൽ പ്രദർശിപ്പിച്ചു.
ഹൈബ്രിഡ് വിറ്റോൾ (വെർട്ടിക്കൽ ടേക്ക് ഓഫ് ആൻഡ് ലാൻഡിങ്) വിഭാഗത്തിലുള്ള ഡ്രോൺ തിരുവനന്തപുരത്ത് കടലിൽ മത്സ്യത്തൊഴിലാളികളെ കണ്ടെത്താൻ പരീക്ഷണാടിസ്ഥാനത്തിൽ ഉപയോഗിച്ചിരുന്നു.കേരള പൊലീസിന്റെ തിരുവനന്തപുരം പേരൂർക്കട ഡ്രോൺ ഫോറൻസിക് ലാബ് ആൻഡ് റിസർച്ച് സെന്ററിലാണ് ഡ്രോണുകൾ നിർമിച്ചത്. ബംഗളൂരു ആസ്ഥാനമായ ഏറോഫോയിൽ ഇന്നൊവേഷൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്റ്റാർട്ടപ്പുമായി ചേർന്നാണ് ഡ്രോൺ വികസിപ്പിച്ചത്.
മുന്പ് വിവിഐപി ഡ്യൂട്ടിക്ക് മാത്രം ഉപയോഗിച്ചിരുന്ന ഡ്രോണുകൾ ഇന്ന് വള്ളംകളി, ജനക്കൂട്ടങ്ങൾ കൂടുതലായി എത്തുന്ന ഉത്സവങ്ങൾ എന്നിവയ്‌ക്ക് ഉപയോഗിക്കുന്നതായും സൈബർ ഡോം ഉദ്യോഗസ്ഥർ പറഞ്ഞു.









0 comments