പവർകട്ട്: പ്ലാസ്റ്റിക് കമ്പനികൾ പ്രതിസന്ധിയിൽ

കോടനാട് മേഖലയിലെ പ്ലാസ്റ്റിക് നിർമാണ യൂണിറ്റ്
പെരുമ്പാവൂർ
തുടർച്ചയായ പവർകട്ടും കോടനാട് മേഖലയിലെ പ്ലാസ്റ്റിക് നിർമാണ വ്യവസായത്തെ ഗുരുതരമായി ബാധിച്ചു. കോടനാട് മേഖലയിലും സമീപപ്രദേശങ്ങളിലുമായി നൂറോളേം പ്ലാസ്റ്റിക് നിർമാണ യൂണിറ്റുകളാണ് പ്രവർത്തിക്കുന്നത്. ആയിരത്തോളം തൊഴിലാളികളും ഈ സ്ഥാപനങ്ങളിൽ പണിയെടുക്കുന്നു.
പവർകട്ട് മൂലമുള്ള സ്തംഭനാവസ്ഥ പ്രദേശത്തെ നൂറിലധികം ചെറുകിട വ്യാപാരികളെയും ബാധിക്കുന്നുണ്ട്. ഇതിൽ മുപ്പതോളം സ്ഥാപനങ്ങൾ 24 മണിക്കൂറും പ്രവർത്തിക്കുന്നവയാണ്. പ്ലാസ്റ്റിക് നിർമാണവുമായി ബന്ധപ്പെട്ട മോൾഡ് യൂണിറ്റുകൾ, ഫർണിച്ചർ, സ്റ്റീൽ ഫർണിച്ചർ തുടങ്ങിയ അനുബന്ധ വ്യവസായങ്ങളും മേഖലയിൽ പ്രവർത്തിക്കുന്നുണ്ട്.
വൈകിട്ട് ആറുമുതൽ രാത്രി 11 വരെ പലഘട്ടങ്ങളിലായി വൈദ്യുതിനിയന്ത്രണം ഉണ്ടാകുന്നത് ഉൽപ്പാദനത്തെ സാരമായി ബാധിക്കുന്നതായി കോടനാട് പ്ലാസ്റ്റിക് മാനുഫാക്ചറിങ് അസോസിയേഷൻ സെക്രട്ടറി കെ എസ് സുജിത് പറഞ്ഞു. പ്ലാസ്റ്റിക് നിർമാണയന്ത്രങ്ങളിൽ അസംസ്കൃതവസ്തുക്കൾ ആവശ്യമായ താപനിലയിലെത്തിക്കാൻ ഒരു മണിക്കൂർ വേണ്ടിവരും. 25–30 മിനിറ്റ് വൈദ്യുതി മുടങ്ങിയാൽ യന്ത്രങ്ങൾ തണുത്തുപോകുകയും വീണ്ടും ഉൽപ്പാദനം ആരംഭിക്കാൻ 40–45 മിനിറ്റുവരെ സമയം ആവശ്യമായി വരികയും ചെയ്യും. ഇത് ഹീറ്റിങ് ചെലവിനൊപ്പം ഉൽപ്പാദന നഷ്ടവും ഉൽപ്പന്നങ്ങളുടെ ഗുണനിലവാരത്തെയും ബാധിക്കും.
ജനറേറ്റർ ഉപയോഗിച്ച് ഉൽപ്പാദനം നടത്തുന്നവർക്ക് ഇന്ധനച്ചെലവ് ഉൾപ്പെടെയുള്ള അധിക സാമ്പത്തിക ബാധ്യതയുമുണ്ടാകുന്നു. ചെറിയ യൂണിറ്റുകൾക്ക് ജനറേറ്റർ സൗകര്യം ഇല്ലാത്തതിനാൽ സ്ഥാപനം അടയ്‌ക്കേണ്ട സ്ഥിതിയാണ്. പ്രത്യേക ഫീഡർ സംവിധാനവും നിലവിലില്ല. പല യൂണിറ്റുകളും ഉൽപ്പാദനം കുറയ്ക്കുകയോ നിർത്തിവയ്ക്കുകയോ ചെയ്തു. വൈദ്യുതി പ്രതിസന്ധിയെത്തുടർന്നുള്ള സംരംഭകരുടെ നഷ്ടം പരിഹരിക്കാൻ നടപടി സ്വീകരിക്കണമെന്ന് അസോസിയേഷൻ ആവശ്യപ്പെട്ടു.









0 comments