ad
Deshabhimani

പിറമാടം പള്ളിയിൽ 
സംഘർഷം; 3 പേർക്ക്‌ പരിക്ക്‌

piramadom church
വെബ് ഡെസ്ക്

Published on Aug 10, 2026, 02:12 AM | 2 min read

പിറവം


പിറമാടം സെന്റ്‌ ജോൺസ് ബത്‌ലഹേം സുറിയാനി പള്ളിയിൽ സംഘർഷം. ഞായറാഴ്‌ച ഓർത്തഡോക്‌സ്‌, യാക്കോബായ വിഭാഗങ്ങൾ തമ്മിലുണ്ടായ തർക്കമാണ്‌ സംഘർഷത്തിൽ കലാശിച്ചത്‌.


വൈദികൻ ഉൾപ്പെടെ മൂന്നുപേർക്ക്‌ പരിക്കേറ്റു. ഓർത്തഡോക്‌സ്‌ സഭ അസി. വികാരി ഫാ. എബിൻ എബ്രാഹം, യാക്കോബായ വിഭാഗത്തിലെ പിറമാടം ചെനയംമാക്കിൽ റെജി, ഡാനിയേൽ പയ്യാനിക്കൽ എന്നിവർക്കാണ്‌ പരിക്കേറ്റത്‌. സംഘർഷത്തെത്തുടർന്ന് പള്ളിയുടെ നിയന്ത്രണം പൊലീസ് ഏറ്റെടുത്തു. കലക്ടറുമായി ചർച്ച നടത്തിയ ശേഷമാകും പള്ളിയിൽ ആരാധന നടത്തുക.


യാക്കോബായ വിഭാഗത്തിന്റെ കൈവശമിരിക്കുന്ന പള്ളിയിൽ മൂവാറ്റുപുഴ സബ് കോടതി ഉത്തരവുമായി ഞായർ രാവിലെ ഏഴോടെ ഫാ. എബിൻ എബ്രാഹമിന്റെ നേതൃത്വത്തിലാണ് ഓർത്തഡോക്‌സ്‌ വിഭാഗം ആരാധനയ്‌ക്ക്‌ എത്തിയത്‌. ഫാ.എബിൻ എബ്രാഹം മദ്ബഹയിൽ പ്രവേശിക്കുന്നത് യാക്കോബായ വിഭാഗം വികാരി ഫാ. ലാൽ മോൻ തമ്പി പട്ടരുമഠത്തിന്റെ നേതൃത്വത്തിൽ വിശ്വാസികൾ തടഞ്ഞു.


തുടർന്ന് പള്ളിക്കുള്ളിൽ തർക്കവും സംഘർഷവുമായി. രാമമംഗലം പൊലീസ് എത്തിയാണ് വലിയ സംഘർഷം ഒഴിവാക്കിയത്‌. ഫാ.എബിൻ എബ്രാഹം പള്ളി ഗേറ്റിനുസമീപം കുത്തിയിരുന്ന്‌ പ്രതിഷേധിച്ചു. യാക്കോബായ വിഭാഗം പള്ളിയിൽ ആരാധന നടത്തി.


1934 ലെ ഭരണഘടന അനുസരിച്ച് വികാരി, അസിസ്റ്റന്റ് വികാരി എന്നിവർക്ക് കുർബാന നടത്തുന്നതിനും മറ്റ് മതാചാരപരമായ കാര്യങ്ങൾ നിർവഹിക്കുന്നതിനും തടസ്സം ഉണ്ടാക്കാൻ പാടില്ലെന്ന കോടതി ഉത്തരവുണ്ടെന്ന്‌ ഓർത്തഡോക്‌സ്‌ വിഭാഗം പറഞ്ഞു. ഉത്തരവ് നിലനിൽക്കില്ലെന്നും വിവിധ സഭ കേസുകൾ ഹൈക്കോടതിയിലും സുപ്രീം കോടതിയിലും പരിഗണനയിലാണെന്നും സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ മധ്യസ്ഥചർച്ചകൾ പുരോഗമിക്കുകയുമാണെന്നും ഇ‍ൗ സാഹചര്യത്തിൽ കാര്യങ്ങൾ സംഘർഷത്തിലേക്ക് നീക്കാനുള്ള ശ്രമം അംഗീകരിക്കാനാകില്ലെന്ന് യാക്കോബായ വിഭാഗവും പറഞ്ഞു.


അപലപിച്ച് സഭകൾ


കൊച്ചി


പിറമാടം പള്ളിയിൽ സംഘർഷമുണ്ടാക്കി സമാധാനശ്രമങ്ങൾ തകർക്കാനുള്ള നീക്കം അപലപനീയമെന്ന്‌ യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭ മീഡിയ സെൽ ചെയർമാൻ ഡോ. കുര്യാക്കോസ് മോർ തെയോഫിലോസ് മെത്രാപോലീത്ത. സർക്കാർ നടത്തുന്ന മധ്യസ്ഥ ചർച്ചകൾ കൂടുതൽ ഫലപ്രദമാക്കുകയും ഇരുവിഭാഗങ്ങളുടെയും അവകാശങ്ങളും ആരാധനാസ്വാതന്ത്ര്യവും പരിഗണിച്ച് നീതിപൂർവമായ പരിഹാരം കണ്ടെത്തണമെന്നും ആവശ്യപ്പെട്ടു.

വൈദികനെയും വിശ്വാസികളെയും കൈയേറ്റം ചെയ്ത നടപടിയെ അപലപിക്കുന്നതായി മലങ്കര ഓർത്തഡോക്‌സ്‌ സഭ മാധ്യമവിഭാഗം പ്രസിഡന്റ്‌ ‍ഡോ. യൂഹാനോൻ മാർ ദീയസ്ക്കോറോസ് മെത്രാപോലീത്ത പറഞ്ഞു. പവിത്രമായ സ്ഥലത്തും തടസ്സങ്ങൾ സൃഷ്‌ടിക്കുന്ന സംഭവങ്ങൾ വേദനാജനകമാണ്. നിയമപരമായ മാർഗത്തിലൂടെ നീതി നടപ്പാക്കണമെന്നും പറഞ്ഞു.​



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home