ജില്ലയിലെ 24–ാമത് കേന്ദ്രം
കനിവ് ഫിസിയോതെറാപ്പി സെന്റർ തുറന്നു

കനിവ് പെയിൻ ആൻഡ് പാലിയേറ്റിവ് കെയർ എറണാകുളം ഏരിയ കമ്മിറ്റിയുടെ ഫിസിയോ തെറാപ്പി സെന്റർ സിപിഐ എം ജില്ലാ സെക്രട്ടറി എസ് സതീഷ് ഉദ്ഘാടനം ചെയ്യുന്നു
കൊച്ചി
കനിവ് പെയിൻ ആൻഡ് പാലിയേറ്റീവ് കെയറിന്റെ ജില്ലയിലെ 24–ാമത് ഫിസിയോതെറാപ്പി സെന്റർ എറണാകുളം ഏരിയയിൽ പ്രവർത്തനം ആരംഭിച്ചു. എറണാകുളം നോർത്ത് പപ്പൻ ചേട്ടൻ സ്‌മാരക ഹാളിൽ ജില്ലാ ചെയർമാൻ എസ് സതീഷ് ഉദ്‌ഘാടനംചെയ്തു. സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം എം അനിൽകുമാർ പാലിയേറ്റീവ് കേന്ദ്രത്തിന്റെ ഉദ്‌ഘാടനവും നിർവഹിച്ചു. ടി എസ് ഷണ്മുഖദാസ് അധ്യക്ഷനായി.
ഏരിയയിലെ ആയിരത്തോളം വരുന്ന കിടപ്പുരോഗികൾക്കുള്ള സേവനകേന്ദ്രമായി സെന്റർ മാറും. ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചേരാനല്ലൂരിൽ പ്രവർത്തിക്കുന്ന ഫിസിയോതെറാപ്പി സെന്ററിനു പുറമെയാണ് ടൗൺഹാളിനുസമീപം പുതിയ കേന്ദ്രം ആരംഭിച്ചത്. ഫിസിയോതെറാപ്പിസ്റ്റ്, പരിശീലനം ലഭിച്ച നഴ്‌സ്, വളന്റിയർ എന്നിവരുടെ സേവനം മുഴുവൻസമയവും ഉണ്ടാകും. കിടപ്പുരോഗികൾക്ക് ആവശ്യമായ പാലിയേറ്റീവ് ഉപകരണങ്ങളും കേന്ദ്രത്തിൽ വിതരണം ചെയ്യും. ആരക്കുന്നം എ പി വർക്കി മിഷൻ ആശുപത്രിയുമായി ചേർന്ന് കനിവ് ജില്ലാ കമ്മിറ്റി സൗജന്യ നിരക്കിൽ ആൻജിയോപ്ലാസ്റ്റിയും നടത്തിവരുന്നു.
കനിവ് പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ ജില്ലാ സെക്രട്ടറി എം പി ഉദയൻ, സിപിഐ എം എറണാകുളം ഏരിയ സെക്രട്ടറി സി മണി, ആർ നിഷാദ് ബാബു, വിനോദ് മാത്യു, ഷാഹുൽ ഹമീദ്, രഘുനാഥ് പനവേലി, സുനിൽ സ്റ്റീഫൻ, അബ്ദുൾ വാഹിദ് എന്നിവർ സംസാരിച്ചു.











0 comments