ഉടൻ പരിഹരിക്കുമെന്ന് വാട്ടർ അതോറിറ്റി അധികൃതർ
കുടിവെള്ളവിതരണത്തിലെ അപാകം: ആമ്പല്ലൂർ പഞ്ചായത്ത് നിവേദനം നൽകി

-ആമ്പല്ലൂരിലെ കുടിവെള്ളവിതരണ അപാകം പരിഹരിക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് ഭരണസമിതി വാട്ടർ അതോറിറ്റി എൻജിനിയറുമായി ചർച്ച നടത്തുന്നു
പിറവം
ആമ്പല്ലൂർ പഞ്ചായത്തിലെ കുടിവെള്ളവിതരണത്തിലെ അപാകം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് ഭരണസമിതി വാട്ടർ അതോറിറ്റി അധികൃതർക്ക് നിവേദനം നൽകി. അരയങ്കാവ്, കാഞ്ഞിരമറ്റം ടാങ്കുകളിലേക്ക് ആഴ്ചയിൽ രണ്ടു ദിവസമാണ് കുടിവെള്ളവിതരണം. ഈ ദിവസങ്ങളിൽ പഞ്ചായത്തിന് നിശ്ചയിക്കപ്പെട്ട അളവിൽ കുടിവെള്ളം ലഭിക്കുന്നില്ല. എടയ്‌ക്കാട്ടുവയൽ പഞ്ചായത്തിലെ വെളിയനാട് ടാങ്കിൽ കൃത്യമായി എത്തുന്നുമുണ്ട്. അവിടെനിന്ന് അരയങ്കാവുവരെയുള്ള പൈപ്പിലോ വാൽവുകളിലോ ഉണ്ടാകുന്ന തടസ്സങ്ങളാകാം വെള്ളത്തിന്റെ കുറവിന് കാരണമാകുന്നത്. അനധികൃതമായി ഇടപെടലുണ്ടോ എന്നതും പരിശോധിക്കണം. ആവശ്യമായ മർദം ഇല്ലാത്തതിനാൽ വെള്ളം അരയങ്കാവ് ടാങ്കിലേക്ക് കയറാത്തസ്ഥിതിയുണ്ട്.
വെളിയനാടുനിന്ന് വിതരണം നടത്തുന്ന പൈപ്പിൽ വെളിയനാട് യുപി സ്കൂളിനുസമീപവും എടയ്‌ക്കാട്ടുവയൽ ഒലിപ്പുറം റോഡിൽ ചില ഭാഗങ്ങളിലും ചോർച്ചയുണ്ടായി വെള്ളം നഷ്ടപ്പെടുന്നുണ്ട്. പിറവത്ത് 250 എച്ച്‌പി മോട്ടോർ പമ്പ്സെറ്റ് കേടായത് അറ്റകുറ്റപ്പണിക്ക് കൊണ്ടുപോയതിനാൽ 175 എച്ച്പി പമ്പാണ് പകരം ഉപയോഗിക്കുന്നത്. ഇതുമൂലം കാഞ്ഞിരമറ്റം ടാങ്കിലേക്ക് നിശ്ചിത അളവിലും മർദത്തിലും വെള്ളം എത്തുന്നതിലും തടസ്സമുണ്ട്. ഇക്കാര്യങ്ങളിൽ നടപടി സ്വീകരിക്കുമെന്ന് അധികൃതർ ഉറപ്പുനൽകി. ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം ഉടൻ വിളിക്കും. തടസ്സങ്ങൾ പരിശോധിക്കാൻ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. ചോർച്ചയുള്ള പൈപ്പുകൾ മാറ്റിസ്ഥാപിക്കും.
മോട്ടോർ പമ്പ് അറ്റകുറ്റപ്പണി പൂർത്തിയാക്കി രണ്ടാഴ്ചയ്‌ക്കുള്ളിൽ പുനഃസ്ഥാപിക്കുമെന്നും അധികൃതർ അറിയിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ ജി രഞ്ജിത്, വൈസ് പ്രസിഡന്റ് ഷീല സത്യൻ, അംഗങ്ങളായ എം കെ സുരേന്ദ്രൻ, കർണകി രാഘവൻ, സിപിഐ എം ലോക്കൽ സെക്രട്ടറി കെ എ മുകുന്ദൻ എന്നിവരാണ് നിവേദനം നൽകിയത്.










0 comments