ad
Deshabhimani

പെറ്റ്‌ഷോയിൽ ‘ഗജ’താരം ; ക‍ൗതുകക്കാഴ്‌ച ഒരുക്കി കുരുന്നുകൾ

pet show

"കാളിയാർമഠം ശേഖരൻ' എന്ന ആനയ്ക്കൊപ്പം ഒമ്പതാംക്ലാസുകാരൻ കൊച്ചാമൻ വിനായകും സഹോദരൻ നാലാംക്ലാസുകാരൻ ദേവാനന്ദ്‌ സുബ്രഹ്മണ്യവും / പൂവൻ' കോഴിയുമായി ഒന്നാം ക്ലാസ്സുകാരൻ ഇവാൻ പോൾ ടിറ്റോ

avatar
നിധിൻ രാജു

Published on Dec 18, 2025, 02:45 AM | 2 min read


കൊച്ചി

ആനപ്പുറത്തേറി സ്‌കൂൾ ഗേറ്റ്‌ കടന്നെത്തിയ കൊച്ചാമനെയും സഹോദരങ്ങളെയും കണ്ട്‌ സഹപാഠികളും സ്‌കൂൾ അധികൃതരും ആദ്യമൊന്ന്‌ ഞെട്ടി. ‘ഇതെന്ത്‌ കൂത്തെന്ന്‌’ ചോദിച്ചവരോട്‌ ‘ഇതാണെന്റെ വീട്ടിലെ ഏക ‘പെറ്റ്‌’ എന്നു മറുപടി. കലൂർ ഗ്രീറ്റ്‌സ്‌ പബ്ലിക്‌ സ്‌കൂളിൽ സംഘടിപ്പിച്ച വിദ്യാർഥികളുടെ ‘പെറ്റ്‌ഷോ’യിലാണ്‌ ഒമ്പതാംക്ലാസുകാരനായ കെ എസ്‌ കൊച്ചാമൻ വിനായക ‘കാളിയാർമഠം ശേഖരൻ’ എന്ന സ്വന്തം ‘പെറ്റാന’യുമായി എത്തിയത്‌.


ഇളയസഹോദരങ്ങളായ നാലാംക്ലാസുകാരൻ ദേവാനന്ദ്‌ സുബ്രഹ്മണ്യവും ഒന്നാംക്ലാസുകാരനായ ഋഷിക്‌ ബ്രഹ്മയും ഒപ്പമുണ്ടായി. ആദ്യം എല്ലാവരും ഒന്ന്‌ അമ്പരന്നെങ്കിലും പിന്നീട്‌ രംഗം ‘കൂളായി’. ആനച്ചന്തം കണ്ടാസ്വദിക്കാനും ശേഖരനൊപ്പം ചിത്രങ്ങളെടുക്കാനും അധ്യാപകരും കുട്ടികളുമടക്കമുള്ളവരുടെ തിരക്കോട്‌ തിരക്ക്‌. അടുത്തുചെല്ലാൻ പേടിയുള്ളവർ ‘ബാക്ക്‌ഗ്ര‍ൗണ്ടി’ൽ ആനവരുന്ന രീതിയിൽ മാറിനിന്നും ‘പോസ്‌’ ചെയ്‌തു.


അരൂർ കളപ്പുരയ്ക്കൽ സുബീഷ്‌–ശരണ്യ ദമ്പതികളുടെ മക്കളാണ്‌. കുടുംബത്തിന്‌ ആനയോടുള്ള ഇഷ്‌ടംകൊണ്ട്‌ ആറുമാസംമുമ്പാണ്‌ ശേഖരനെ സ്വന്തമാക്കിയത്‌. 9.70 അടി ഉയരമുള്ള കാളിയാർമഠം ശേഖരനൊപ്പം സി ആർ രഞ്ജിത്, വിവേക്‌ കുഞ്ഞുമോൻ, സോനു കാർത്തിക്‌ എന്നീ പാപ്പാന്മാരുമുണ്ട്‌.

ആനയെക്കൂടാതെ കുതിരയും വിവിധയിനം വിദേശനായകളും പൂച്ചകളും പക്ഷികളും അലങ്കാരമത്സ്യങ്ങളുമൊക്കെ കുട്ടികൾ സ്‌കൂളിൽ കൊണ്ടുവന്നു. കൂടാതെ പാലാരിവട്ടം റോംസ്‌ എൻ റാക്‌സ്‌ പെറ്റ്‌ ഗ്രൂമിങ്‌ സ്റ്റുഡിയോയുടെ സഹകരണത്തോടെ ഇഗ്വാനയടക്കമുള്ള വ്യത്യസ്‌തങ്ങളായ വളർത്തുമൃഗങ്ങളെയും പ്രദർശനത്തിനെത്തിച്ചിരുന്നു.




ക‍ൗതുകക്കാഴ്‌ച
ഒരുക്കി കുരുന്നുകൾ

കൊച്ചി

മൃഗങ്ങളെ അടുത്തറിയുന്നതിനും സവിശേഷതകളും ശീലങ്ങളും മനസ്സിലാക്കി പരിചരിക്കുന്നതിനും സംരക്ഷിക്കുന്നതിനും കുട്ടികളെ പ്രാപ്‌തരാക്കുകയെന്ന ലക്ഷ്യത്തോടെ കലൂർ ഗ്രീറ്റ്സ് പബ്ലിക് സ്‌കൂളിൽ പെറ്റ്ഷോ സംഘടിപ്പിച്ചു. എൽകെജി മുതൽ പ്ലസ്‌ടുവരെയുള്ള കുട്ടികൾ അരുമകളെ പ്രദർശനവേദിയിലെത്തിച്ചു. വിവിധയിനം നായകളും പൂച്ചകളും പക്ഷികളും ഹാംസ്റ്ററും പ്രദർശനത്തിനുണ്ടായിരുന്നു. ഒമ്പതാംക്ലാസുകാരൻ കൊച്ചാമൻ വിനായക് കൊണ്ടുവന്ന കാളിയാർമഠം ശേഖരൻ ആനയും പ്ലസ്‌ടു വിദ്യാർഥികൾ കൊണ്ടുവന്ന കുതിരയും ആകർഷണമായി. പെറ്റ്‌വാക് മത്സരത്തിൽ നായകളുടെ വിഭാഗത്തിൽ പ്ലസ്‌വൺ ക്ലാസിലെ റെനിറ്റയുടെ ഷിറ്റ്സു ഇനത്തിൽപ്പെട്ട നായക്കുട്ടി ഒന്നാംസ്ഥാനവും പ്ലസ്‌വൺ വിദ്യാർഥി തെരേസ ആരാമിന്റെ ഡോബർമാൻ രണ്ടാംസ്ഥാനവും നേടി. പൂച്ചകളുടെ വിഭാഗത്തിൽ പ്ലസ്‌ടുവിലെ ഹയാ ഷെഹയ്ബിന്റെ ബംഗാൾ ക്യാറ്റ്‌ ഒന്നാംസ്ഥാനം നേടി. എട്ടാംക്ലാസ്‌ വിദ്യാർഥി സഞ്ജനയുടെയും മൂന്നാംക്ലാസിലെ ക്രിസ്‌റ്റി ജോർജിന്റെയും അരുമകളാണ്‌ മത്സ്യങ്ങളുടെ വിഭാഗത്തിലും പക്ഷികളുടെ വിഭാഗത്തിലും വിജയികളായത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home