പ്രതാപം വീണ്ടെടുക്കും പെരുന്പാവൂർ

പെരുമ്പാവൂർ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി ബേസിൽ പോളിനെ നെല്ലിമോളത്ത് തോർമിളിയും അല്ലിയും ചേര്‍ന്ന് വെള്ളരി നല്‍കി സ്വീകരിക്കുന്നു
ഷെഹിൻഷാ
Published on Mar 27, 2026, 02:01 AM | 1 min read
പെരുമ്പാവൂര്‍
യുഡിഎഫ് സ്ഥാനാര്‍ഥിനിര്‍ണയത്തില്‍ വലിയ കല്ലുകടിയുണ്ടായ മണ്ഡലമാണ് പെരുമ്പാവൂര്‍. സിറ്റിങ് എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിയെ ഒഴിവാക്കിയതിന്റെ കാരണം വോട്ടർമാരെ ബോധ്യപ്പെടുത്താൻ ഇതുവരെ കോൺഗ്രസിനായിട്ടില്ല. സ്ഥാനാർഥിപ്രഖ്യാപനത്തിനു പിന്നാലെ ഗ്രൂപ്പ് പോരില്‍ പ്രവര്‍ത്തകര്‍ തെരുവിലിറങ്ങി. ചിലര്‍ പാർടി വിട്ടു. അതിനിടെ വോട്ടർപട്ടികയിൽ പേരില്ലാത്തയാളെ സ്ഥാനാർഥിയായി പ്രഖ്യാപിച്ച് നാണംകെട്ട് എൻഡിഎ സഖ്യകക്ഷി ട്വന്റി 20.
ജനസമ്മതനായ ബേസില്‍ പോളിനെ സ്ഥാനാര്‍ഥിയാക്കി അവതരിപ്പിച്ചതോടെ എല്‍ഡിഎഫ് പ്രചാരണത്തില്‍ ഏറെ മുന്നേറി.
പതിറ്റാണ്ടായി നാടിന്റെ വികസനങ്ങളോട് നിസഹകരണം തുടരുന്ന എംഎല്‍എയും യുഡിഎഫും മണ്ഡലത്തെ പിന്നോട്ടടിച്ചതാണ് പ്രധാന പ്രചാരണ വിഷയം. നഗരത്തിലെ ഗതാഗതക്കുരുക്ക് ഉള്‍പ്പെടെയുള്ള പ്രശ്നങ്ങളോട് എംഎല്‍എ മുഖം തിരിച്ചപ്പോള്‍ ബൈപാസ്, പാലം നിര്‍മാണം, റോഡ് നവീകരണം തുടങ്ങി വിവിധ പദ്ധതികളുമായി എല്‍ഡിഎഫ് സര്‍ക്കാര്‍ മണ്ഡലത്തെ ചേര്‍ത്തുപിടിച്ചു.
കിഫ്ബി ഫണ്ട് ഉപയോഗിച്ച് 10 സ്കൂളുകളില്‍ നിര്‍മിച്ച കെട്ടിടങ്ങളും ബൈപാസിന് ആദ്യഘട്ടമായി അനുവദിച്ച 34 കോടി രൂപയും അതിൽ ചിലത്. സാജു പോൾ എംഎൽഎയായിരിക്കെ തുടക്കമിട്ടതും പൂർത്തിയാക്കിയതുമായ കോടതി സമുച്ചയം, കോടനാട് പാലം, പാലക്കാട്ടുതാഴം പാലം, ഡിവൈഎസ്‌പി ഓഫീസ്, കുറുപ്പംപടി പൊലീസ് സ്റ്റേഷൻ തുടങ്ങിയവയല്ലാതെ എടുത്തുപറയാൻ സീറ്റ് നഷ്ടപ്പെട്ട യുഡിഎഫ് എംഎൽക്കില്ല.രായമംഗലം പഞ്ചായത്ത് പ്രസിഡന്റ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, ജില്ലാ പഞ്ചായത്ത് അംഗം എന്നീ നിലകളിൽ പൊതുജനങ്ങൾക്കിടയിൽ പ്രവർത്തിച്ച കരുത്തിലും എല്‍ഡിഎഫിന്റെ വികസനക്കാഴ്ചപ്പാടിലുമാണ് ബേസില്‍ പോളിന്റെ മുന്നേറ്റം.
നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരവും താലൂക്കാശുപത്രിയുടെ സമഗ്രവികസനവുമാണ് മുഖ്യലക്ഷ്യം. ബേസിലിന്റെ അനുഭവക്കരുത്തില്‍ മണ്ഡലം മാറുമെന്ന ഉറച്ച വിശ്വാസത്തിലാണ് വോട്ടര്‍മാരും.

ഗ്രൂപ്പ് പോരിന്റെ മൂര്‍ധന്യത്തില്‍ പരിഗണിച്ച ഒരുകൂട്ടം പേരുകളിൽ നിന്നാണ് മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും ഡിസിസി വൈസ് പ്രസിഡന്റുമായ മനോജ് മൂത്തേടനെ യുഡിഎഫ് സ്ഥാനാര്‍ഥിയാക്കിയത്. വികസനമുരടിപ്പിന് മറുപടി പറയുക എന്നതും പാര്‍ടിയിലെ പടലപ്പിണക്കങ്ങളും മനോജിന് തലവേദനയാകും.
വോട്ടർപട്ടികയിൽ പേരില്ലാത്തതിനാൽ നടി ലക്ഷ്‌മിപ്രിയയെ പിന്‍വലിച്ച ട്വന്റി 20, കോൺഗ്രസ് വെങ്ങോല മണ്ഡലം വൈസ് പ്രസിഡന്റായിരുന്ന ജിബി പാത്തിയ്ക്കലിനെയാണ് സ്ഥാനാർഥിയാക്കിയത്.










0 comments