ad
Deshabhimani

പാടാൻ പകർന്ന ധൈര്യം

V S Achuthanandan P K Medini
avatar
ഫെബിൻ ജോഷി

Published on Jul 20, 2026, 01:28 PM | 1 min read

കേരളത്തിന്റെ വിപ്ലവഗായിക പി കെ മേദിനിക്ക്‌ വി എസ്‌ എന്ന രണ്ടക്ഷരം ജന്മിത്വത്തിന്റെയും രാജവാഴ്‌ചകളുടെയും ഉരുക്കുമുഷ്‌ടികൾക്കെതിരെ നിൽക്കാൻ കരുത്തുനൽകിയ വിപ്ലവവീര്യമാണ്‌. നിരോധിച്ച പടപ്പാട്ടുകൾ പാടുന്നത് ഭരണവർഗത്തെ അസ്വസ്ഥരാക്കിയ കാലത്ത് പി കെ മേദിനിക്ക് ധൈര്യം നൽകി പാട്ടുതുടരാൻ ആവശ്യപ്പെട്ടത് വി എസാണ്.


പടപ്പാട്ടുകൾ നിരോധിച്ചകാലത്തെ സംഭവം കേരളത്തിന്റെ വിപ്ലവ ഗായിക ഓർത്തെടുത്തത് ഇങ്ങനെ: കോട്ടയം തിരുനക്കര മൈതാനത്ത് നിരോധിച്ച പാട്ടുപാടാൻ എന്നെ ക്ഷണിച്ചു. പോകുന്നതിനുമുമ്പ് ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസിൽചെന്ന് അന്നത്തെ സെക്രട്ടറി വി എസിനെകണ്ട് വിവരം പറഞ്ഞു. ‘അറസ്റ്റുണ്ടാവും. എന്തായാലും പാടണം.. അറസ്‌റ്റ് ചെയ്തോട്ടെ എന്താ തനിക്ക് പേടിയുണ്ടോ?'– പോകണമെന്ന് അദ്ദേഹമാണ് പറഞ്ഞത് മേദിനി ഓർക്കുന്നു. ‘മനസ്സിൽ പേടിയൊന്നും തോന്നിയില്ല, വി എസ് സഖാവ് പറഞ്ഞയച്ചതല്ലേ, പാർടിത്തീരുമാനമല്ലേ. ‘സാമ്രാജ്യത്വം വൻകിട ബൂർഷ്വാവർഗം ജന്മിത്വം മർദകചൂഷക മൂർത്തികൾ മൂവരുമൊത്തു ഭരിക്കുന്ന നാടിതു ചുട്ടുകരിക്കുന്ന നര വേട്ടക്കാർ എംഎസ്‌പിക്കാർ എന്നു തുടങ്ങുന്ന നിരോധിച്ച ഗാനമാണ് ഞാനന്ന് പാടിയത്...’


60 വർഷം നീണ്ട ആത്മബന്ധം


വർഷങ്ങൾ കഴിഞ്ഞ് ആ പാട്ടിന്റെ പേരിൽ മേദിനിയെ അറസ്‌റ്റുചെയ്തു‌. ഒരു ദിവസം ജയിലിൽ കിടന്നു. അടിച്ചമർത്തലുകൾക്കെതിരെ എന്നും പാടാൻ വി എസിന്റെ വാക്കുകൾ പ്രചോദിപ്പിച്ചു. ആദ്യം പടപ്പാട്ടുകളും പിന്നീട്‌ പാട്ടും തുടർന്നത് അങ്ങനെയാണ്. അദ്ദേഹം എനിക്കെന്നും സഹോദരതുല്യനാണ്. 60 വർഷത്തിലധികമായുള്ള ആത്മബന്ധമാണ്– മേദിനി പറയുന്നു. ‘സാംസ്കാരിക സമ്മേളനങ്ങളിൽ മേദിനി പാടുന്നതും ഞാൻ പ്രസംഗിക്കുന്നതും ഒന്നുതന്നെയാണ്' എന്നാണ് വി എസ് പറയാറ്. കാണാനെത്തിയവരോട് എനിക്കൊപ്പം ചേർന്ന് പാടാൻ പറയും. എന്റെ കുടുംബത്തിലെ ആവശ്യങ്ങളിൽ ഇടപെടാൻ വിളിച്ചിരുന്നത് വി എസിനെയാണ്. അദ്ദേഹം എനിക്ക് കുടുംബാംഗം തന്നെയായിരുന്നു.


വിഷമിച്ചിരുന്നാൽ വി എസിന് സഹിക്കില്ല


അവകാശ പോരാട്ടങ്ങളിലുണ്ടായിരുന്ന ആരെങ്കിലും വിഷമിച്ചിരുന്നാൽ, അവർക്ക് വയ്യാതായാൽ വി എസിന് സഹിക്കില്ല. അവരെ തേടിപ്പോകും അല്ലെങ്കിൽ സഹായത്തിന് വിളിച്ചുപറയും. വി എസിന് എത്താനാകാത്ത പുന്നപ്ര- വയലാർ സമ്മേളനങ്ങൾ സങ്കടപ്പെടുത്തി. വി എസ് എന്നത് ഒരു ധൈര്യമായിരുന്നു. ആ ഓർമകളും സ്‌മരണയും വരും തലമുറകൾക്കും കരുത്തായി തുടരും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home