നെന്മാറ ഇരട്ടക്കൊലപാതകം
നീതി ലഭിച്ചതിൽ ആശ്വാസം: സുധാകരന്റെയും സജിതയുടേയും മക്കൾ

സുധാകരന്റെയും സജിതയുടേയും മക്കളായ അഖിലയും അതുല്യയും
പാലക്കാട്: നെന്മാറ പോത്തുണ്ടി ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമരയ്ക്ക് വധശിക്ഷ ലഭിച്ചതിൽ ആശ്വാസമുണ്ടെന്ന് കൊല്ലപ്പെട്ട സുധാകരന്റെയും സജിതയുടേയും മക്കളായ അഖിലയും അതുല്യയും പ്രതികരിച്ചു. തങ്ങളുടെ അച്ഛനെയും അമ്മയെയും മുത്തശിയെയുമാണ് ചെന്താമര ക്രൂരമായി കൊന്നുകളഞ്ഞത്. കേസിൽ കോടതിയിൽ പൂർണ്ണ വിശ്വാസമുണ്ടായിരുന്നു. നീതിപൂർവ്വമായ വിധിയിൽ അതിയായ സന്തോഷമുണ്ടെന്നും അവർ വ്യക്തമാക്കി. കേസ് നടത്തിപ്പിൽ സഹായിച്ച അഭിഭാഷകർക്കും പിന്തുണ നൽകിയ എല്ലാവർക്കും ഇവർ നന്ദി അറിയിച്ചു.
പ്രതിക്ക് വധശിക്ഷ തന്നെ ലഭിച്ചതിൽ വലിയ ആശ്വാസമുണ്ടെന്നും, നിയമപോരാട്ടത്തിൽ വിജയിക്കാൻ ഏറെ കഷ്ടപ്പെടേണ്ടി വന്നിട്ടുണ്ടെന്നും അഖിലയും അതുല്യയും പറഞ്ഞു. ഭാവിയിൽ പോത്തുണ്ടിയിലെ വീട്ടിലേക്ക് തിരികെ പോകാൻ ആഗ്രഹിക്കുന്നില്ലെന്ന് അവർ വ്യക്തമാക്കി. കോടതി വിധിച്ച 20 ലക്ഷം രൂപയുടെ നഷ്ടപരിഹാരം തങ്ങളുടെ ജീവിതത്തിന് വലിയൊരു സഹായമാകുമെന്നും അവർ കൂട്ടിച്ചേർത്തു.
ചെന്താമരയുടെ സ്വഭാവത്തെക്കുറിച്ചും ഇവർ ആശങ്ക പങ്കുവെച്ചു. ഇന്നും യാതൊരു ഭാവവ്യത്യാസമോ കുറ്റബോധമോ ഇല്ലാതെയാണ് പ്രതി പെരുമാറുന്നതെന്ന് അവർ ചൂണ്ടിക്കാട്ടി. വധശിക്ഷയ്ക്കെതിരെ പ്രതി മേൽക്കോടതിയിൽ അപ്പീൽ നൽകാൻ സാധ്യതയുണ്ടെന്നും, അത്തരമൊരു സാഹചര്യമുണ്ടായാൽ നിയമപരമായി തന്നെ അത് നേരിടുമെന്നും അഖിലയും അതുല്യയും പറഞ്ഞു.
പോത്തുണ്ടി ബോയൻ ഉന്നതിയിൽ തിരുത്തമ്പാടം സുധാകരൻ (55), അമ്മ ലക്ഷ്‌മി (75) എന്നിവരെ കൊലപ്പെടുത്തിയ കേസിലാണ് പാലക്കാട് നാലാം അഡീഷണൽ സെഷൻസ് കോടതി ജഡ്‌ജി കെന്നത്ത് ജോർജ് ഇന്ന് വിധിപറഞ്ഞത്. കേസിൽ ചെന്താമര കുറ്റക്കാരനാണെന്ന് 13ന് കോടതി കണ്ടെത്തിയിരുന്നു. ഇരട്ടക്കൊലയ്‌ക്ക് ബിഎൻഎസ് 103–1, സുധാകരനെ തടഞ്ഞുവച്ചതിന് ബിഎൻഎസ് 126–2 വകുപ്പുകൾ പ്രകാരമാണ് കേസ്. കേസ് അപൂർവങ്ങളിൽ അപൂർവമെന്ന് കോടതി പറഞ്ഞു.
2025 ജനുവരി 27നാണ് കേസിന് ആസ്പദമായ സംഭവം. സുധാകരന്റെ ഭാര്യ സജിത(35)യെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ചെന്താമര ജാമ്യത്തിലിറങ്ങിയപ്പോഴാണ് ഇരട്ടക്കൊലപാതകം നടത്തിയത്. ഭാര്യയും മകളും പിണങ്ങിപ്പോകാന്‍ കാരണം അയല്‍വാസിയായ സജിതയും കുടുംബവുമാണെന്ന സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു മിറ്റിഗോഷൻ ഇൻവെസ്റ്റിഗേഷൻ റിപ്പോർട്ടിൻമേലുള്ള വാദപ്രതിവാദങ്ങളെല്ലാം പൂർത്തിയായത്. വധശിക്ഷ തന്നെ ചെന്താമരക്ക് നൽകണമെന്ന് പ്രോസിക്യൂഷൻ കോടതിയിൽ ശക്തമായി ആവശ്യപ്പെട്ടിരുന്നു. സമൂഹത്തിന് ഭീഷണിയായ പ്രതിയെ ഒരു തരത്തിലും പുറത്തുവിടരുതെന്നും മാനസാന്തരപ്പെടാൻ ഒരുതരത്തിലും സാധ്യതയില്ലാത്ത പ്രതിയാണ് ചെന്താമരയെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിരുന്നു.
2019 ആഗസ്ത് 31നാണ് സജിതയെ വീട്ടില്‍ക്കയറി വെട്ടിക്കൊന്നത്. ആദ്യകൊലപാതകത്തിൽ 2025 ഒക്‌ടോബർ 15ന് ഇരട്ട ജീവപര്യന്തവും മൂന്നേകാൽ ലക്ഷം രൂപ പിഴയും ശിക്ഷവിധിച്ചിരുന്നു. ചെന്താമര പ്രതിയായ ആദ്യ കേസിൽ വിധിപറഞ്ഞ ജഡ്‌ജിതന്നെയാണ് രണ്ടാമത്തെ കേസിലും വിധിപറയുന്നത്. എം ജെ വിജയകുമാറാണ് രണ്ട് കേസുകളിലും പബ്ലിക് പ്രോസിക്യൂട്ടർ. ചുരുങ്ങിയ കാലയളവിൽ 132 സാക്ഷികളിൽനിന്ന് പ്രോസിക്യൂഷൻ തെളിവിലേയ്ക്കാവശ്യമായ 81 സാക്ഷികളെയും 91 രേഖകളും 28 തൊണ്ടിമുതലുകളും കോടതിയിൽ ഹാജരാക്കി. ആലത്തൂർ ഡിവൈഎസ്‌പി മുരളീധരന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് കേസ് അന്വേഷിച്ചത്.










0 comments