കൺമുന്നിൽ കനൽത്തുമ്പിൽ


സി കെ ദിനേശ്
Published on Jul 20, 2026, 01:23 PM | 3 min read
വി എസ് എന്ന സമരസൂര്യന്റെ വേർപാടിന് ഒരുവർഷമായെങ്കിലും ആ കൊടുങ്കാറ്റിന്നലകൾ ജനമനസ്സിൽ പകർന്ന ഉൗർജോത്സാഹങ്ങൾക്ക് ഒരു നിമിഷത്തിന്റെ പോറൽപോലും സംഭവിച്ചിട്ടില്ല. സാക്ഷിയായി ജ്വലിച്ചുനിൽക്കുന്ന കാലത്തിന്റെ ചുവരിൽ നിറയെയുണ്ട്, തുന്നൽ തൊഴിലാളിയിൽനിന്നുയർന്ന് രാജ്യം ശ്രദ്ധിച്ച നേതാവും ഭരണാധികാരിയുമായി മാറിയ മനുഷ്യന്റെ അന്ത്യയാത്രവരെയുള്ള ചരിത്രരേഖകൾ. വി എസിനെക്കുറിച്ച് പറയുകയോ ചിന്തിക്കുകയോ ചെയ്യാത്ത ഒരു ദിവസത്തിലൂടെയും കേരളം കടന്നുപോയിട്ടില്ല.
കോരിച്ചൊരിയുന്നത് മഴയല്ലെന്നും തങ്ങളുടെ ത്രസിക്കുന്ന ഹൃദയമാണെന്നുമുള്ള ഉത്തമബോധ്യത്തിൽ വഴിനീളെ കാത്തിരുന്ന കേരളത്തെ എങ്ങനെ മറക്കും. രണ്ടു ദിവസവും ഏഴുമണിക്കൂറും നീണ്ട വിലാപയാത്രയ്‌ക്കും പൊതുദർശനത്തിനുമൊടുവിൽ വലിയചുടുകാട്ടിൽ എരിഞ്ഞടങ്ങുമ്പോഴും വയോധികരും മധ്യവയസ്‌കരും യുവതയും... എന്നുവേണ്ട ചുറ്റുമുള്ള മനുഷ്യരെല്ലാം ആർത്തുവിളിച്ചു: ‘‘സഖാവ് വി എസ് മരിക്കുന്നില്ല, ജിവിക്കുന്നു ഞങ്ങളിലൂടെ ...’’
2025 ജൂലൈ 21ന് പകൽ 3.20ന് ആ വാർത്ത കേട്ട നിമിഷംമുതൽ ദുഃഖത്തിലാണ്ടു കേരളം. തലസ്ഥാനത്ത് മിന്നൽപ്രളയ സമാന ജനപ്രവാഹം. ജനതയുടെ ശബ്‌ദമായി വി എസ് അലയടിച്ച നിയമസഭയ്‌ക്കു മുന്നിലൂടെ വിലാപയാത്ര കടന്നുപോയപ്പോൾ വൈകാരികതയാൽ സഭാതലങ്ങൾ മുഴങ്ങിക്കാണും. തലസ്ഥാനത്തുനിന്ന് ആറ്റിങ്ങൽവരെ വിലാപയാത്രയ്‌ക്ക് സഞ്ചരിക്കാൻ വേണ്ടിവന്നത് എട്ടു മണിക്കൂർ!

മനുഷ്യമതിലുകൾക്കിടയിൽനിന്ന് ഉയർന്ന പൊട്ടിക്കരച്ചിലുകളിലും നെഞ്ചത്തടിച്ചുള്ള അലമുറകളിലും ജനനേതാവിനോടുള്ള ഹൃദയവായ്‌പുകൾ പൊട്ടിച്ചിതറി. വലിയചുടുകാട്ടിലവസാനിച്ച ആ ചരിത്രയാത്ര കേരളം മുന്പ് സാക്ഷ്യം വഹിക്കാത്തത്.
വി എസിന്റെ തനത് ശൈലിയിലുള്ള പ്രയോഗങ്ങളും പ്രസംഗങ്ങളും കേരളത്തിലുടനീളം വ്യവഹാരങ്ങളിൽ നിറഞ്ഞുനിന്നു. ജനങ്ങളോട് ആത്മാർഥതയില്ലാത്ത യുഡിഎഫ് രാഷ്‌ട്രീയത്തെയും ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള സംഘപരിവാറിന്റെ വർഗീയ വിഷപ്രയോഗങ്ങളെയും വി എസ് നിർദാക്ഷിണ്യം വാക്കുകൾകൊണ്ട് അമ്പെയ്‌തു. വാർത്താസമ്മേളനങ്ങളിൽ ചില മാധ്യമപ്രവർത്തകരുടെ താൽപ്പര്യംവച്ചുള്ള ചോദ്യങ്ങളോട് ചാട്ടുളിയെറിയുന്നതുപോലുള്ള മറുപടികളും ഇന്നും സമൂഹമാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്നു.
ഒരിക്കൽ വാർത്താസമ്മേളനത്തിൽ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ സമ്പത്തുമായി ബന്ധപ്പെട്ട കാര്യങ്ങൾ പറയവെ, ഒരു ലേഖകന്റെ ചോദ്യത്തോട് വി എസിന്റെ മറുചോദ്യം: ‘‘ ലേഖകന്റെ ചോദ്യത്തിൽത്തന്നെ ഒരു രാജഭക്തി നിഴലിക്കുന്നില്ലേ.’’
സംഘപരിവാർ നടത്തുന്ന പ്രചാരണത്തിന്റെ പ്രാകൃതാവസ്ഥയും അബദ്ധവും ഉദാഹരിച്ച് ഒരിക്കൽ പ്രസംഗിച്ചു: ‘‘പശുവാണ് മാതാവെങ്കിൽ... മാതാവെങ്കിൽ ‘കാള' നിങ്ങളുടെ അച്ഛനാണോ?’’ വൈറലായ ഇൗ വാക്കുകൾ ആർഎസ്‌എസുകാരെപ്പോലും ചിന്തിക്കാൻ പ്രേരിപ്പിച്ചിട്ടുണ്ടാകണം.
വാക്കുകൾ നീട്ടിയും കുറുക്കിയുമുള്ള പ്രസംഗശൈലി കുട്ടനാട്ടിലെ കർഷകത്തൊഴിലാളികളോട് സംവദിക്കാനായി സ്വയമുണ്ടാക്കിയതാണ്. അത് പിന്നീട് കേരളം നെഞ്ചേറ്റി. യുഡിഎഫ് ഭരണകാലത്ത് വിലക്കയറ്റം രൂക്ഷമായി ജനം പൊറുതിമുട്ടിയതോടെ പ്രസംഗത്തിലെല്ലാം അതൊരു വിഷയമാക്കി മാറ്റി: “അടുക്കളയെ ഇങ്ങനെ മോശപ്പെട്ട നിലയിൽ കാണാൻ കാര്യമെന്ത് മിസ്റ്റർ ഉമ്മൻചാണ്ടി... മക്കൾക്ക് രണ്ടുദോശ കൊടുക്കണമെങ്കിൽ ഒരു കിലോ ഉഴുന്നുവേണ്ടേ. തന്തയ്‌ക്കും കൊടുക്കണം ദോശ. പിന്നേ... ഇതുണ്ടാക്കുന്നവർക്ക്, കിട്ടുമോ പെണ്ണുങ്ങൾക്ക്... കിട്ടുമോ പെണ്ണുങ്ങൾക്ക്? ’’ തുടർന്ന് ‘ഇല്ല' എന്ന കൈ ഉയർത്തിയുള്ള മറുപടി. ജനങ്ങൾ പ്രസംഗം രസിക്കുന്നതോടൊപ്പം നാട്ടിലെ ഗുരുതരമായ പ്രശ്നത്തിന്റെ ഗൗരവവും മനസ്സിലാക്കുന്നു, പ്രക്ഷോഭരംഗത്തിറങ്ങുന്നു.

കേന്ദ്ര പ്രതിരോധമന്ത്രിയായിരിക്കെ കേരളത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ എ കെ ആന്റണി യോഗങ്ങളിലും വാർത്താസമ്മേളനങ്ങളിലും വസ്‌തുതാവിരുദ്ധമായി വി എസിനെ പരാമർശിച്ചു. ചുട്ടമറുപടിയുമായി വി എസ് രംഗത്തെത്തി: “കേരളത്തിന്റെ പ്രശ്‌നങ്ങളിൽ തക്കസമയത്ത് ഇടപെടാനോ സഹായിക്കാനോ കഴിയാത്ത രാജ്യരക്ഷാ മന്ത്രി കേരളത്തിൽവന്ന് തെക്കുവടക്കുനടന്ന്... നമ്മളെ... ഉപദേശിക്കുന്നു! ഈ സംസ്ഥാനത്തിന് നയാ പൈസയുടെ ഉപകാരമില്ലാത്ത നിങ്ങൾക്ക് ലജ്ജയുണ്ടെങ്കിൽ രാജിവച്ച് ഒഴിയണം, മിസ്റ്റർ എ കെ ആന്റണി...”
രാഷ്‌ട്രീയ കേരളത്തിന്റെ വളർച്ചയുടെ ഓരോ ഘട്ടത്തെയും പ്രസംഗങ്ങളിലൂടെയും വാർത്താസമ്മേളനങ്ങളിലൂടെയും അടയാളപ്പെടുത്തിയ വി എസ്, പ്രശ്നങ്ങൾ ഉയർത്തിക്കൊണ്ടുവരാനും അതേ ശൈലിതന്നെയാണ് സ്വീകരിച്ചത്. വിമോചനസമരകാലത്തും അടിയന്തരാവസ്ഥയുമടക്കം കമ്യൂണിസ്റ്റ് വേട്ടക്കാലത്തെല്ലാം നടത്തിയ വി എസിന്റെ ധീരമായ പ്രസംഗങ്ങൾ ചരിത്രത്തിൽ മുഴങ്ങുന്നവയാണ്.
ബ്രിട്ടീഷ് പട്ടാളവും രാജാവിന്റെ പൊലീസും ജന്മിമാരുടെ ഗുണ്ടകളും നിരന്നുനിന്ന് പാവപ്പെട്ട മനുഷ്യരുടെ അവകാശങ്ങളെയും ആത്മാഭിമാനത്തെയും ചവിട്ടിമെതിച്ച കാലത്ത് പുന്നപ്രയുടെ മണ്ണിൽ നെഞ്ചുവിരിച്ച് നേരിട്ടവരുടെ മുൻനിരയിലുണ്ടായിരുന്നു വി എസ്. സഹനത്തിന്റെയും കൊടിയ മർദനത്തിന്റെയും ഇരുമ്പറക്കാലത്തെ പോർവീര്യംകൊണ്ട് മറികടന്ന വി എസ്, ഓർമകൾ മായുന്ന അവസാന നിമിഷംവരെ പാവപ്പെട്ട മനുഷ്യരെ കരുതി.
ആധുനികകാല മാർക്‌സിസ്റ്റ് ചിന്തകർ ഒരുപോലെ അഭിപ്രായപ്പെടുന്നത് പരിസ്ഥിതിയുടെയും സ്‌ത്രീകളുടെയും മുതലാളിത്ത രാജ്യങ്ങളിലെ അമിതോൽപ്പാദനത്തിന്റെയും രാഷ്‌ട്രീയം ചർച്ചചെയ്യണമെന്നും പൊതുസമൂഹത്തെ ബോധ്യപ്പെടുത്തണമെന്നുമാണ്. വി എസ് എന്നേ പറഞ്ഞു അത്. മതികെട്ടാൻ മലമുകളിലെത്തി കൈയേറ്റ മാഫിയക്കെതിരെയുള്ള നിലപാടും വനസംരക്ഷണത്തിന്റെ അനിവാര്യതയും മുന്നോട്ടുവച്ചു. മുടിചൂടാമന്നനായി നടന്ന രാഷ്‌ട്രീയ നേതാവിന്റെ പീഡനത്തിനെതിരായ സന്ധിയില്ലാത്ത യുദ്ധം സ്‌ത്രീ സംരക്ഷണത്തിന്റെ പുതിയ നാൾവഴി തുറന്നു.
തൊഴിലാളി നേതാവ്, ജനപ്രതിനിധി, പ്രതിപക്ഷ നേതാവ്, മുഖ്യമന്ത്രി എന്നീ നിലകളിലെല്ലാം വി എസ് ഉയർത്തിപ്പിടിച്ചത് തൊഴിലാളിവർഗ രാഷ്‌ട്രീയം. 1967ൽ നിയമസഭയിൽ നടത്തിയ കന്നിപ്രസംഗത്തിൽ ഉന്നയിച്ചത് കയർത്തൊഴിലാളികളുടെ പ്രശ്നമാണെങ്കിൽ 1969ൽ മത്സ്യത്തൊഴിലാളി ക്ഷേമപദ്ധതി നടപ്പാക്കണമെന്ന പ്രമേയം കൊണ്ടുവന്നു. 1970ൽ കർഷകത്തൊഴിലാളി ബില്ലിൽ ഇടപെട്ടതടക്കം തൊഴിൽ, വേതന വിഷയങ്ങളിൽ നടത്തിയ നിരന്തര ഇടപെടൽ അവരുടെ ജീവിതപ്രയാസങ്ങൾ നേരിട്ടനുഭവിച്ചറിഞ്ഞതിന്റെ വെളിച്ചത്തിലായിരുന്നു.
വി എസിന് നാട് നൽകിയ അന്ത്യയാത്രയിലുടനീളം ആർത്തുകരഞ്ഞവരും ഏറ്റുവിളിച്ചവരും വിളിച്ചു പറഞ്ഞത് അക്ഷരാർഥത്തിൽ മലയാളിയുടെ കണ്ണിലും കരളിലും വലിയ ഇടംനേടിയ ആ ജീവിതംതന്നെ. മൂന്നര കോടി വരുന്ന മലയാളികളുടെ ജീവിതത്തിന്റെ ഏതെങ്കിലും ഓരത്ത് ആശയാദർശങ്ങളുടെ ചെറുമുള പൊട്ടിയിട്ടുണ്ടെങ്കിൽ അതിൽ വി എസ് എന്ന ദ്വയാക്ഷരിക്കുള്ള പങ്ക് ആർക്കും നിഷേധിക്കാനാകില്ല. ആ ആദർശത്തിനോ ആവേശത്തിനോ ഇൗ മണ്ണിൽ അടക്കവുമില്ല.










0 comments