പാരിയത്തുകാവ്
ധൈര്യം പകർന്ന്

പാരിയത്തുകാവ് ഉന്നതിയിൽ പൊലീസ് നരനായാട്ടിന് ഇരയായവർ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനോട് കാര്യങ്ങൾ വിശദീകരിക്കുന്നു
പെരുന്പാവൂർ
‘തലയ്‌ക്കാണ് പൊലീസ് അടിച്ചത്. മകളെയും കൊച്ചുമക്കളെയും ആക്രമിച്ചു ’– പൊലീസ് നരനായാട്ട് നടത്തിയ പാരിയത്തുകാവിലെത്തിയ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെ ലാത്തിയടിയേറ്റ ഭാഗം കാണിച്ച് മിനി വിതുന്പി. ‘പേടിക്കേണ്ട, ഒരാളെയും ഇറക്കിവിടാൻ അനുവദിക്കില്ല. ഒപ്പമുണ്ടാകും. കേരളം മുഴുവൻ കൂടെയുണ്ട്’–എം വി ഗോവിന്ദൻ ധൈര്യം പകർന്നു. ആ വാക്കുകൾ പാരിയത്തുകാവുകാർക്ക് പകർന്ന ആശ്വാസം ചെറുതല്ല.
യുഡിഎഫ് സർക്കാർ അധികാരത്തിലേറി മൂന്നാംനാളാണ് പൊലീസ് അഴിഞ്ഞാടിയത്. കുട്ടികളും സ്‌ത്രീകളും രോഗികളും മുതിർന്നവരുമെല്ലാം അതിക്രമത്തിനിരയായി. ആക്രമണത്തിന്റെ വേദനയിൽനിന്ന് മുക്തരായിട്ടില്ല ഇവർ. കുടിയൊഴിപ്പിക്കാൻ ഇനിയും പൊലീസ് വരുമെന്ന ആശങ്കയുണ്ട്. അതിക്രമത്തിന് വിധേയരായ കുട്ടികളുടെ കണ്ണിൽ ഇപ്പോഴും ഭീതി.
രോഗിയാണെന്ന് പറഞ്ഞിട്ടും വെറുതെവിട്ടില്ലെന്ന് ഹൃദ്‌രോഗിയും വൃക്കരോഗിയുമായ ചന്ദ്രൻ പറഞ്ഞു. ‘ജനിച്ച മണ്ണാണ്. ഇവിടെനിന്ന് ഞങ്ങൾ എവിടെയും പോകില്ല’– ചന്ദ്രൻ പറഞ്ഞു. ‘മകളുടെ ബ്ലൗസും സാരിയും പൊലീസ് കീറി. എന്നെ മർദിച്ചു. ഭരണം കിട്ടിയ ഉടൻ കോൺഗ്രസുകാർ ഞങ്ങളോട് ചെയ്‌തത് ഇതാണ്’– അടക്കാൻ കഴിയാത്ത വേദനയോടെ അയ്യപ്പൻ പറഞ്ഞു. അയ്യപ്പനെ ചേർത്തുപിടിച്ച് എം വി ഗോവിന്ദൻ ആശ്വസിപ്പിച്ചു. സിപിഐ എം ജില്ലാസെക്രട്ടറി എസ് സതീഷും ഒപ്പമുണ്ടായിരുന്നു.
ജില്ലാസെക്രട്ടറിയറ്റംഗങ്ങളായ സി ബി ദേവദർശനൻ, ആർ അനിൽകുമാർ, ജില്ലാ കമ്മിറ്റിയംഗം എൻ സി മോഹനൻ, പി വി ശ്രീനിജിൻ, സിപിഐ എം ആലുവ ഏരിയ സെക്രട്ടറി എ പി ഉദയകുമാർ എന്നിവരും ഒപ്പമുണ്ടായി.സിപിഐ എമ്മും സമരസമിതിയും തുടക്കംമുതൽ ഒപ്പമുണ്ടെന്ന് പാരിയത്തുകാവിലെ കുടുംബങ്ങൾ പറഞ്ഞു. പകൽ 11.15ഓടെ വിഷയത്തിൽ ഹൈക്കോടതി നിർദേശം വന്നു. പെരുന്പാവൂർ മുൻസിഫ് കോടതിയുടെ ഉത്തരവ് നടപ്പാക്കുന്നതിൽ രണ്ടാഴ്‌ചത്തെ സാവകാശം കോടതി അനുവദിച്ചു. പാരിയത്തുകാവിൽനിന്ന് ഇറങ്ങില്ലെന്ന് കുടുംബങ്ങൾ ആവർത്തിച്ചു. പോരാട്ടം തുടരുമെന്ന് സമിതിയും വ്യക്തമാക്കി.
ഇതിനിടെ, പൊലീസ് ആക്രമണത്തെ ന്യായീകരിച്ചും കുടുംബങ്ങൾക്ക് എതിരായും സ്ഥലം എംഎൽഎ വി പി സജീന്ദ്രൻ രംഗത്തെത്തി. ഭൂമി സർക്കാരിന്റേതല്ലെന്നും സ്വകാര്യഭൂമിയാണെന്നും പറഞ്ഞ സജീന്ദ്രൻ, പൊലീസ് നരനായാട്ടിനെ ചെറിയ അനിഷ്ട സംഭവമെന്നാണ് വിശേഷിപ്പിച്ചത്.
യുഡിഎഫ് സർക്കാർ ശ്രമിച്ചത് മുത്തങ്ങയുടെ
ആവർത്തനത്തിന്:
എം വി ഗോവിന്ദൻ
പെരുന്പാവൂർ
പാരിയത്തുകാവിൽ പാവങ്ങളെ കുടിയൊഴിപ്പിച്ച് മുത്തങ്ങയുടെ ആവർത്തനത്തിനാണ് യുഡിഎഫ് സർക്കാർ ശ്രമിച്ചതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. കുടിയൊഴിപ്പിക്കാൻ സിപിഐ എം അനുവദിക്കില്ലെന്നും കുടുംബങ്ങളെ സന്ദർശിച്ചശേഷം അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
‘ഞങ്ങളാണ് യഥാർഥ ഇടതുപക്ഷം ’എന്നാണ് വി ഡി സതീശൻ പറയുന്നത്. പാവങ്ങളെ കടന്നാക്രമിക്കുന്നവരല്ല ഇടതുപക്ഷം, അവരെ സംരക്ഷിക്കുന്നവരാണ്. എൽഡിഎഫ് സർക്കാരിന്റെ കാലത്ത് ഒരു കടന്നാക്രമണവുമുണ്ടായില്ല. 14 തവണ അഭിഭാഷക കമീഷനും പൊലീസും കുടിയൊഴിപ്പിക്കാൻ വന്നിരുന്നു. എന്നാൽ, ഒരു അനിഷ്‌ട സംഭവവുമുണ്ടായില്ല.
പാരിയത്തുകാവിൽ ജനകീയവിധിയുണ്ട്. ഒരിഞ്ച് ഭൂമി വിട്ടുനൽകില്ല. സിപിഐ എം ഇൗ കുടുംബങ്ങൾക്കൊപ്പമുണ്ട്. അതിശക്തമായ ജനകീയ പ്രതിരോധം തീർക്കും. കുടുംബങ്ങൾക്ക് സർക്കാർ പട്ടയം നൽകണമെന്നും എം വി ഗോവിന്ദൻ ആവശ്യപ്പെട്ടു.
പാരിയത്തുകാവ് ഉന്നതിയിലെ സമരപ്പന്തലിലെ ഐക്യദാർഢ്യസദസ്സിൽ സിപിഐ എം സംസ്ഥാന
സെക്രട്ടറിയറ്റ് അംഗം സി എൻ മോഹനൻ സംസാരിക്കുന്നു
ഇറക്കിവിടാൻ സമ്മതിക്കില്ല: സി എൻ മോഹനൻ
പെരുന്പാവൂർ
പാരിയത്തുകാവിലും മുനന്പത്തും താമസിക്കുന്നവരെ ഇറക്കിവിടാൻ സമ്മതിക്കില്ലെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം സി എൻ മോഹനൻ പറഞ്ഞു. കുടിയിറക്കാൻ പാടില്ലെന്നാണ് ഇരുവിഷയത്തിലും സിപിഐ എം നിലപാട്. ഉദ്യോഗസ്ഥരും ഭൂവുടമയും കാണിച്ച വഞ്ചനയുടെ ഫലമാണ് പാരിയത്തുകാവുകാർ ഇപ്പോൾ അനുഭവിക്കുന്നത്.
അവർക്ക് താമസിക്കാനുള്ള ഭൂമി നൽകണം. കുടിയിറക്കാൻ പൊലീസിനെ ഇറക്കിയാൽ തടയും. പരിധികൾ ലംഘിക്കുന്നത് കുഴപ്പങ്ങൾക്കിടയാക്കും. സിപിഐ എം ഇതിൽ കക്ഷിരാഷ്ട്രീയം കാണുന്നില്ല. ഒരുമിച്ചിരിക്കാമെന്നും സർക്കാർ കുടുംബങ്ങളെ സഹായിക്കാൻ തയ്യാറാകണമെന്നും സി എൻ മോഹനൻ പറഞ്ഞു. പാരിയത്തുകാവിൽ പുരോഗമന കലാസാഹിത്യ സംഘം ജില്ലാകമ്മിറ്റി സംഘടിപ്പിച്ച ഐക്യദാർഢ്യസദസ്സിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഐക്യദാർഢ്യവുമായി കലാസാഹിത്യസംഘം
പെരുന്പാവൂർ
പാരിയത്തുകാവ് കുടിയൊഴിപ്പിക്കലിനെതിരെ പുരോഗമന കലാസാഹിത്യ സംഘം ജില്ലാ കമ്മിറ്റി ഐക്യദാർഢ്യസദസ്സ് നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് അശോകൻ ചരുവിൽ ഉദ്ഘാടനം ചെയ്തു. സിപിഐ എം ഏരിയ സെക്രട്ടറി സി എം അബ്ദുൾ കരീം അധ്യക്ഷനായി.
സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം സി എൻ മോഹനൻ, പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന സെക്രട്ടറി എം കെ മനോഹരൻ, ട്രഷറർ എ കെ ദാസ്, ജില്ലാ സെക്രട്ടറി സഹീർ അലി, സംസ്ഥാന കൗൺസിൽ അംഗം കെ രവിക്കുട്ടൻ, വനിതാ സാഹിതി സംസ്ഥാന സെക്രട്ടറി രവിത ഹരിദാസ്, ജില്ലാസെക്രട്ടറി ടി എൻ മിനി, ലൈബ്രറി കൗൺസിൽ ജില്ലാ സെക്രട്ടറി പി ജി സജീവ്, നാടകരചയിതാവ് മണിയപ്പൻ ആറന്മുള, ഷാജി സരിഗ എന്നിവർ സംസാരിച്ചു. സി സി കെ മുഹമ്മദ്, കുമാർ കെ മുടവൂർ, അൻവർ കാക്കനാട് എന്നിവർ ഗാനങ്ങൾ ആലപിച്ചു.











0 comments