ad
Deshabhimani

പാരിയത്തുകാവ് കുടിയൊഴിപ്പിക്കല്‍: തീരുമാനമായില്ല; 8ന്‌ വീണ്ടും യോഗം

pariyathukavu

പാരിയത്തുകാവ് കുടിയൊഴിപ്പിക്കല്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ മന്ത്രി 
റോജി എം ജോണിന്റെ സാന്നിധ്യത്തിൽ കലക്ടറേറ്റില്‍ ചേര്‍ന്ന യോഗം

വെബ് ഡെസ്ക്

Published on Jun 06, 2026, 02:04 AM | 1 min read

കൊച്ചി


മലയിടംതുരുത്ത് പാരിയത്തുകാവിലെ കുടിയിറക്കല്‍ പ്രശ്നം പരിഹരിക്കാന്‍ സര്‍ക്കാര്‍ വിളിച്ച യോഗം തീരുമാനമാകാതെ പിരിഞ്ഞു. പാരിയത്തുകാവില്‍നിന്ന്‌ കുടിയിറങ്ങില്ലെന്നാണ് എട്ട് ദളിത് കുടുംബങ്ങളും സമരസമിതിയും ആദ്യംമുതല്‍ കൈക്കൊണ്ട നിലപാട്. പുറത്ത് എവിടെയെങ്കിലും ഭൂമി നല്‍കി പ്രശ്നം പരിഹരിക്കാമെന്നാണ് വാദിഭാഗമായ ശങ്കരന്‍നായരും കുടുംബവും വാദമുയര്‍ത്തിയത്.



പാരിയത്തുകാവിലെ ഭൂമിയില്‍ത്തന്നെ സ്ഥലം അനുവദിച്ച് സര്‍ക്കാര്‍തന്നെ വഴി ഉള്‍പ്പെടെ ഒരുക്കി വീടുവച്ചുനൽകാമെന്നാണ് കലക്ടറേറ്റിലെ ചര്‍ച്ചയ്‌ക്കൊടുവില്‍ മുന്നോട്ടുവച്ചിരിക്കുന്ന നിര്‍ദേശം. എന്നാല്‍, സമരസമിതിയും കുടുംബാംഗങ്ങളും കൂടിയാലോചന നടത്തിയശേഷംമാത്രം ഈ നിര്‍ദേശത്തില്‍ അന്തിമതീരുമാനം കൈക്കൊള്ളും. കുടിയിറങ്ങില്ലെന്ന് സമരസമിതിയും കുടുംബങ്ങളും എടുത്ത നിലപാടിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ പുതിയ നിര്‍ദേശം മുന്നോട്ടുവച്ചത്.

തിങ്കളാഴ്ച ഒരിക്കല്‍ക്കൂടി സര്‍ക്കാര്‍ പ്രതിനിധി, സമരസമിതി, കുടുംബങ്ങൾ, വാദിഭാഗം എന്നിവരുടെ യോഗം ചേരുമെന്ന് മന്ത്രി റോജി എം ജോണ്‍ പറഞ്ഞു. അന്ന് കുടുംബങ്ങളുടെ തീരുമാനം സര്‍ക്കാരിനെ അറിയിക്കും.


ചര്‍ച്ചയില്‍ സമരസമിതി നേതാക്കളും പങ്കെടുത്തു. മുന്‍ചര്‍ച്ചകളില്‍ സമരസമിതിയെ ഉള്‍പ്പെടുത്തിയിരുന്നില്ല. ഇത്തവണ സമരസമിതിയെയും ഉൾപ്പെടുത്തണമെന്ന് കുടുംബങ്ങള്‍ ആവശ്യം ഉന്നയിച്ചിരുന്നു. കുടിയൊഴിപ്പിക്കുന്നത് ജൂണ്‍ 16വരെ ഹൈക്കോടതി തടഞ്ഞിട്ടുണ്ട്. യുഡിഎഫ് മന്ത്രിസഭ അധികാരത്തിലേറി മൂന്നാംദിവസമാണ് പാരിയത്തുകാവില്‍ ദളിത് കുടുംബങ്ങള്‍ക്കുനേരെ നരനായാട്ട് നടത്തിയത്.


ചര്‍ച്ചയില്‍ വി പി സജീന്ദ്രൻ എംഎൽഎ, കലക്ടർ ജി പ്രിയങ്ക, മുൻ എംഎൽഎ പി വി ശ്രീനിജിൻ, റൂറൽ ജില്ലാ പൊലീസ് മേധാവി കെ എസ്‌ സുദർശൻ, വാഴക്കുളം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷമീർ തുകലിൽ, ഡെപ്യൂട്ടി കലക്ടർ വി ഇ അബ്ബാസ്, കുന്നത്തുനാട് തഹസിൽദാർ എം മായ, ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home