അതിജീവന കഥയുമായി 'പാപ്പ ബുക്ക'

ചാവറ കൾച്ചറൽ സെന്ററിൽ " പാപ്പ ബുക്ക’ ചലച്ചിത്രപ്രദർശനത്തിനുശേഷം ഓപ്പൺ ഫോറത്തിൽ സംവിധായകൻ ഡോ. ബിജു സംസാരിക്കുന്നു
കൊച്ചി
"പാപ്പ ബുക്ക' സിനിമ പപ്പുവാ ന്യൂ ഗിനിയക്കാർ വൈകാരിക അനുഭവമായാണ് സ്വീകരിച്ചതെന്നും യുദ്ധത്തിനുമപ്പുറം ഒരു ജനതയുടെ അതിജീവനം ലോകത്തിന് വെളിവാക്കാന്‍ സാധിച്ചുവെന്നും സംവിധായകൻ ഡോ. ബിജു അഭിപ്രായപ്പെട്ടു. ചാവറ കൾച്ചറൽ സെന്ററിന്റെയും കൊച്ചിൻ ഫിലിം സൊസൈറ്റിയുടെയും ആഭിമുഖ്യത്തിൽ "പാപ്പ ബുക്ക' ഫിലിം പ്രദർശനശേഷം നടന്ന ഓപ്പൺ ഫോറത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സഖ്യകക്ഷികൾക്കുവേണ്ടി ഇന്ത്യയിൽനിന്ന് യുദ്ധത്തിനു പോയി തിരിച്ചുവരാത്ത പട്ടാളക്കാരുടെ മറയ്‌ക്കപ്പെട്ട സത്യങ്ങളെ തേടി രണ്ട് ഇന്ത്യൻ ചരിത്രകാരന്മാർ പപ്പുവാ ന്യൂ ഗിനിയയിൽ നടത്തുന്ന യാത്രയാണ് സിനിമയുടെ പ്രമേയം.
അവിടത്തെ സർവകലാശാലയിലെ അറുപതോളം വിദ്യാർഥികളാണ് സഹായിച്ചത്. ചാവറ കൾച്ചറൽ സെന്റർ ഡയറക്ടർ ഫാ. അനിൽ ഫിലിപ്, പ്രകാശ് ബാരെ, കാമറാമാൻ യദു രാധാകൃഷ്ണൻ, പി സനു, എൽദോ സെൽവരാജ്, വി എ ബാലചന്ദ്രൻ, ടി കലാധരൻ എന്നിവർ സംസാരിച്ചു.









0 comments