ഓഹരി വിപണിയിൽ കനത്ത ഇടിവ്; സെൻസെക്സും നിഫ്റ്റിയും കൂപ്പുകുത്തി

മുംബൈ : രണ്ടുദിവസത്തെ മുന്നേറ്റത്തിനുശേഷം ആഭ്യന്തര ഓഹരി വിപണിയിൽ വെള്ളിയാഴ്ച ഇടിവ്. ഐടി ഓഹരികളിലെയും വൻകിട കമ്പനികളിലെയും വില്പന സമ്മർദമാണ് ഓഹരി വിപണിയെ ബാധിച്ചത്. ആഗോള വിപണിയിലെ അനിശ്ചിതത്വമാണ് നിക്ഷേപകരുടെ ആത്മവിശ്വാസത്തെ ബാധിച്ചത്.
സെൻസെക്സ് 989.33 പോയിന്റ് ഇടിഞ്ഞ് 83,339.26ലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 50 സൂചിക 277.30 പോയിന്റ് നഷ്ടത്തിൽ 25,607.20 എന്ന നിലയിലെത്തി. ബാങ്ക് നിഫ്റ്റിയും 494.40 പോയിന്റ് താഴ്ന്ന് 63,040.90 എന്ന നിലയിലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി ഐടി സൂചിക 1.88 ശതമാനം ഇടിഞ്ഞു. ബാങ്കിങ്, വാഹന മേഖലകളിലെ ഓഹരികളും സമ്മർദത്തിലായിരുന്നു.
വൻകിട ഓഹരികളിൽ എച്ച്ഡിഎഫ്സി ബാങ്ക്, ടിസിഎസ്, എച്ച്സിഎൽ ടെക്നോളജീസ്, ഇൻഫോസിസ്, റിലയൻസ് ഇൻഡസ്ട്രീസ് തുടങ്ങിയവയും ഇന്ന് നഷ്ടത്തിലായിരുന്നു. അതേസമയം, മെറ്റൽ ഓഹരികൾ വിപണിയിലെ ഇടിവിനിടയിലും നേട്ടമുണ്ടാക്കി. നിഫ്റ്റി മെറ്റൽ സൂചിക 1.38 ശതമാനം ഉയർന്നു.
ആഗോള ആശങ്കയും എണ്ണവിലയും സമ്മർദമായി
പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് ആഗോളതലത്തിൽ എണ്ണവിതരണത്തെക്കുറിച്ചുള്ള ആശങ്ക ശക്തമായതും ആഭ്യന്തര വിപണിയെ ബാധിച്ചു. ബ്രെന്റ് ക്രൂഡ് വില ബാരലിന് 97 ഡോളറിനടുത്തേക്ക് ഉയർന്നു. ക്രൂഡ് ഓയിൽ വില വർധിക്കുന്നത് ഇന്ത്യയുടെ ഇറക്കുമതി ചെലവും, പണപ്പെരുപ്പവും ഉയർത്തുമെന്ന ആശങ്കയും നിക്ഷേപകർക്കുണ്ട്. ഡോളറിനെതിരെ രൂപയുടെ മൂല്യത്തിലുണ്ടായ ഇടിവും വിപണിയെ ബാധിച്ചു. സെൻസെക്സും നിഫ്റ്റിയും വീണ്ടും നഷ്ടത്തിലായതോടെ നിക്ഷേപകർ ജാഗ്രതയിലാണ്.








0 comments