Deshabhimani

പശ്ചിമബംഗാളിൽ പ്രതിപക്ഷ നേതാവ് സ്ഥാനത്തുനിന്ന് ഋതബ്രത ബാനര്‍ജിയെ നീക്കി കൽക്കത്ത ഹൈക്കോടതി

wb
വെബ് ഡെസ്ക്

Published on Nov 27, 2026, 05:25 PM | 2 min read

കൊൽക്കത്ത: പശ്ചിമബംഗാള്‍ നിയസഭയിലെ പ്രതിപക്ഷനേതാവ് ഋതബ്രത ബാനര്‍ജിയെ തൽസ്ഥാനത്തുനിന്ന് നീക്കി കൊൽക്കത്ത ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചു. വിമത വിഭാഗം എംഎൽഎ അഖ്റുസ്സമാനെ ചീഫ് വിപ്പായി നിയമിച്ച സ്പീക്കറുടെ നടപടിയും മരവിപ്പിച്ചു. ജസ്റ്റിസ് കൃഷ്ണ റാവു അധ്യക്ഷനായ സിംഗിൾ ബെഞ്ചിന്റേതാണ് വിധി.


പത്തു ദിവസത്തിനുള്ളിൽ പ്രതിപക്ഷ നേതാവിന്റെ കാര്യത്തിൽ പുതിയ ഉത്തരവ് ഇറക്കാൻ നിയമസഭാ സ്പീക്കര്‍ രതീന്ദ്രബോസിനോട് കോടതി നിര്‍ദ്ദേശിച്ചു. മമതപക്ഷത്തെ മുതിര്‍ന്ന നേതാവ് ശോഭൻദേബ് ചതോപാധ്യായ നൽകിയ ഹർജിയിലാണ് കോടതിയുടെ നിര്‍ണായക ഇടപെടൽ.


കഴിഞ്ഞ മെയ് മാസത്തിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ തിരിച്ചടിയേറ്റ് മൂന്ന് പതിറ്റാണ്ട് നീണ്ട ഭരണത്തിൽ നിന്ന് പുറത്തായ തൃണമൂൽ ആന്തരികമായി ഛിദ്രമായി. 1999 ൽ പാര്‍ടി രൂപീകരിച്ചതിന് ശേഷമുള്ള വലിയ പൊട്ടിത്തെറി നേരിട്ടു. ഇതിന് പിന്നാലെയാണ് വിമതപക്ഷം പ്രതിപക്ഷ നേതൃസ്ഥാനം പിടിച്ചത്.


ഇതിനെതിരെ ശോഭൻദേബ് ചതോപാധ്യായ കോടതിയെ സമീപിച്ചു. മെയ് ആറിന് ചേര്‍ന്ന നിയമസഭാ കക്ഷി യോഗത്തിൽ എഴുപതോളം പാര്‍ടി എംഎൽഎമാര്‍ ഒപ്പിട്ട പ്രമേയത്തിലൂടെ തന്നെ പ്രതിപക്ഷനേതാവായി തെരഞ്ഞെടുത്തിരുന്നതായി ഹ‍ർജിയിൽ ചൂണ്ടി കാട്ടി. എന്നാൽ, ജൂലൈയിൽ കേസ് പരിഗണിച്ച കോടതി ഡിവിഷൻ ബെഞ്ച് ഋതബ്രതയ്ക്കും അഖ്‌റുസ്സമാനും രണ്ട് മാസത്തേക്ക് തൽസ്ഥാനങ്ങളിൽ തുടരാൻ ഇടക്കാല അനുമതി നൽകി. ഒക്ടോബർ 18-ന് ഈ കാലാവധി അവസാനിച്ചു. ഇതിന് ശേഷവും നിയമപരമായ അധികാരമില്ലാതെ ഇരുവരും ഔദ്യോഗിക ആനുകൂല്യങ്ങൾ കൈപ്പറ്റുകയാണെന്ന് ചൂണ്ടിക്കാട്ടി ശോഭൻദേബ് വീണ്ടും കോടതിയെ സമീപിച്ചതോടെയാണ് ഇരുവരെയും നീക്കിക്കൊണ്ടുള്ള പുതിയ ഉത്തരവ്.


തൃണമൂൽ കോൺഗ്രസിന്റെ തോൽവിക്ക് പിന്നാലെ ദിവസങ്ങൾക്കുള്ളിൽ 59 എംഎൽഎമാരുമായി പാർട്ടി പിളർത്തിയ ഋതബ്രത 'ഡെമോക്രാറ്റിക് തൃണമൂൽ കോൺഗ്രസ്' രൂപീകരിക്കുകയും തങ്ങളാണ് യഥാർത്ഥ തൃണമൂൽ എന്ന അവകാശവാദമുന്നയിച്ച് ജൂൺ 3-ന് സ്പീക്കറിൽ നിന്ന് പ്രതിപക്ഷ നേതാവ് പദവി നേടിയെടുക്കുകയുമായിരുന്നു. നേതൃസ്ഥാനം സ്വയം പ്രഖ്യാപിച്ചായിരുന്നു നീക്കം.


ശോഭൻദേബ് ചതോപാധ്യായയെ പ്രതിപക്ഷ നേതാവായി പ്രഖ്യാപിച്ച തൃണമൂൽ കോൺഗ്രസ് പ്രമേയത്തിലെ ഒപ്പുകൾ വ്യാജമാണെന്ന് ആരോപിച്ചാണ് നീക്കത്തിന് പിന്തുണ സമ്പാദിച്ചത്. മാത്രമല്ല ഇക്കാര്യം ആരോപിച്ച് ഋതബ്രത സ്പീക്കർക്ക് പരാതി നൽകുകയും തുടർന്ന് അവിഭക്ത തൃണമൂൽ ജനറൽ സെക്രട്ടറിയായിരുന്ന അഭിഷേക് ബാനർജിക്കെതിരെ പോലീസ് കേസെടുക്കുകയും ചെയ്യുകയുണ്ടായി. ഇതിന് പിന്നാലെയാണ് ഋതബ്രത പാര്‍ടി പിളര്‍ത്തി പ്രതിപക്ഷ നേതൃസ്ഥാനത്തേക്കുള്ള പിന്തുണ ഉറപ്പാക്കിയത്.


അടുത്ത പത്ത് ദിവസം


പാർട്ടിയുടെ ഔദ്യോഗിക ചിഹ്നമായ 'ജോറ ഘാസ് ഫുൽ' സംബന്ധിച്ച തർക്കം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ പരിഗണനയിലാണെന്നും, കമ്മീഷന്റെ തീരുമാനത്തിന് ശേഷമേ പ്രതിപക്ഷ നേതാവിനെ നിശ്ചയിക്കാവൂ എന്നുമുള്ള ഋതബ്രതയുടെ അഭിഭാഷകൻ ജയ്ദീപ് കറിന്റെ വാദങ്ങൾ തള്ളിയാണ് കോടതി നിയമനം റദ്ദാക്കിയത്. കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിൽ അടുത്ത പത്ത് ദിവസം ബംഗാള്‍ രാഷ്ട്രീയത്തിൽ തൃണമൂൽ കോൺഗ്രസിനെ സംബന്ധിച്ച് നിര്‍ണായകമാവും.


'ജോറ ഘാസ് ഫുൽ' ചിഹ്നത്തിനായുള്ള തർക്കം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ മുന്നിലുള്ള സാഹചര്യത്തിൽ, നിയമസഭയിലെ പ്രതിപക്ഷ നേതൃപദവിയെക്കുറിച്ചുള്ള തീരുമാനങ്ങൾ രാഷ്ട്രീയമായ കരുനീക്കങ്ങൾക്ക് കരുത്ത് പകരുന്നതാവും. ചിഹ്നം സ്വന്തമാക്കാൻ ഇരുവിഭാഗവും നടത്തുന്ന നീക്കങ്ങളെയും ഇത് സ്വാധീനിക്കാം. ഭിന്നിപ്പും വിഭാഗീയതയും പരമാവതി മുതലെടുത്ത് ബിജെപി രംഗത്തുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home