Deshabhimani

പാലക്കാട് ജ്വല്ലറിയിൽ തോക്ക് ചൂണ്ടി വൻ കവർച്ച; പിന്നിൽ മൂന്നംഗ സംഘം

robbery palakkad
വെബ് ഡെസ്ക്

Published on Nov 27, 2026, 05:15 PM | 1 min read

പാലക്കാട് : പാലക്കാട് ജ്വല്ലറിയിൽ തോക്ക് ചൂണ്ടി വൻ കവർച്ച. പെരിങ്ങോട്ടുകുറിശ്ശി ഇഷാൻ ​ഗോൾഡിലാണ് സംഭവം. ജ്വല്ലറിയിലെത്തിയ മൂന്നം​ഗ സംഘം ജീവനക്കാരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ ശേഷം സ്വർണം കവരുകയായിരുന്നു. 20 പവനോളം സ്വർണം മോഷണം പോയി. തമിഴ്നാട് രജിസ്ട്രേഷൻ വാഹനത്തിലെത്തിയ മൂന്നുപേരാണ് അക്രമം നടത്തിയത്. സംഭവസമയത്ത് രണ്ട് വനിത ജീവനക്കാർ മാത്രമാണ് ജ്വല്ലറിയിലുണ്ടായിരുന്നത്. ഇവരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി സ്വർണം കവരുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കി.


വെള്ളിയാഴ്ച ഉച്ചയ്ക്ക് 3 മണിയോടെയാണ് സംഭവം. ആഭരണം വാങ്ങാനെന്ന വ്യാജേനയാണ് ഇവർ കടയിലെത്തിയത്. ജീവനക്കാരുമായി സംസാരിക്കുന്നതിനിടെ പെട്ടെന്ന് തോക്ക് ചൂണ്ടുകയായിരുന്നു. കത്തി ഉപയോ​ഗിച്ചും ഭീഷണിപ്പെടുത്തി. ജീവനക്കാർ ചെറുത്തുനിൽക്കാൻ ശ്രമിച്ചെങ്കിലും സ്വർണവുമായി അക്രമികൾ കടന്നുകളഞ്ഞു. ജ്വല്ലറി ഉടമ ഭക്ഷണം കഴിക്കാനായി പോയ സമയത്താണ് ഇവരെത്തിയത്. പെരുമാറ്റത്തിൽ സംശയം തോന്നിയതോടെ വനിത ജീവനക്കാർ വിളിച്ചതിനെത്തുടർന്ന് തൊട്ടടുത്ത വീട്ടിലുള്ള ഉടമ എത്തി. ഉടമയെ കണ്ടതോടെ സംഘത്തിൽ ഒരാൾ തോക്ക് ചൂണ്ടി. മറ്റുരണ്ടുപേർ കത്തി കാട്ടിയും ഭീഷണിപ്പെടുത്തി. പിന്നാലെ സ്വർണവുമായി രക്ഷപെടുകയായിരുന്നു.


കോട്ടായി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. പ്രതികൾ ഹിന്ദിയിലാണ് സംസാരിച്ചതെന്ന് ജീവനക്കാർ പറഞ്ഞു. കവർച്ചയ്ക്കു ശേഷം തമിഴ്നാട്ടിലേക്ക് രക്ഷപെട്ടതായാണ് സംശയിക്കുന്നത്. തൃശ്ശൂർ ജില്ലയിലെ തിരുവില്വാമല ഭാഗത്തേക്ക് പോയതായും സംശയമുണ്ട്. TN 07 AE 0145 നമ്പറിലുള്ള സാൻട്രോ കാറിലാണ് സംഘമെത്തിയത്. മൂന്നുപേർ കടയിൽ കയറിയ സമയം ഒരാൾ കാറിൽ കാത്തിരുന്നതായും വിവരമുണ്ട്. ജ്വല്ലറിയിൽ ഫോറൻസിക് സംഘം പരിശോധന ആരംഭിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home