സൗദിയിലെ അരാംകോ റിഫൈനറിക്കുനേരെ ഹൂതി ആക്രമണം; ഒരു നേപ്പാൾ പൗരൻ കൊല്ലപ്പെട്ടു

ജിസാൻ : സൗദി അറേബ്യയിലെ ജിസാനിലുള്ള അരാംകോ റിഫൈനറിയിൽ വെള്ളിയാഴ്ച പുലർച്ചെ ഹൂതികൾ തൊടുത്തുവിട്ട ഒരു പ്രൊജക്‌ടൈൽ പതിച്ചതിനെ തുടർന്ന് ഒരു നേപ്പാൾ പൗരൻ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. ഇതിന് പിന്നാലെ എണ്ണ ശുദ്ധീകരണശാലയിൽ തീപിടുത്തമുണ്ടായി. തുടർന്ന് റിഫൈനറിയുടെ പ്രവർത്തനങ്ങൾ താല്കാലികമായി നിർത്തിവച്ചു.
സൗദി അറേബ്യയിലെ ഊർജ മന്ത്രാലയം ആക്രമണം നടന്നതായി സ്ഥിരീകരിച്ചു. പരിക്കേറ്റ തൊഴിലാളികൾ വിവിധ രാജ്യക്കാരാണെന്നും അവർക്ക് വൈദ്യസഹായം ഉറപ്പാക്കുന്നുണ്ടെന്നും അധികൃതർ പറഞ്ഞു. തീ നിയന്ത്രണവിധേയമാക്കിയതിന് ശേഷം അധികൃതർ നാശനഷ്ടങ്ങൾ വിലയിരുത്താനും ഇൻസ്റ്റാളേഷനുകളുടെ സുരക്ഷ പരിശോധനയും ആരംഭിച്ചിട്ടുണ്ട്.
അതേസമയം യെമനിലെ തുറമുഖ നഗരമായ ഹൊദൈദയിലെ ഒരു ബാലിസ്റ്റിക് മിസൈൽ വിക്ഷേപണ പ്ലാറ്റ്‌ഫോം തകർത്തതായി സഖ്യസേന അറിയിച്ചു. ജിസാനിലെ റിഫൈനറി ആക്രമിക്കാൻ ഹൂതികൾ ഈ വിക്ഷേപണ കേന്ദ്രത്തെയാണ് ആശ്രയിച്ചതെന്ന് സഖ്യസേന വ്യക്തമാക്കി. ജനവാസ മേഖലകളെയും മറ്റ് അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾക്ക് ശക്തമായ സൈനിക മറുപടി നൽകുമെന്ന് സഖ്യസേന നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.
നവംബർ 24ന് റിയാദിലെ കിംഗ് അബ്ദുള്ള ഫിനാൻഷ്യൽ ഡിസ്ട്രിക്റ്റിലെ ഒരു ടവറിൽ ഉണ്ടായ ആക്രമണത്തിൽ രണ്ട് ഇന്ത്യക്കാർ ഉൾപ്പെടെ 11 പേർക്ക് പരിക്കേറ്റിരുന്നു. പരിക്കേറ്റവരിൽ രണ്ട് സൗദി പൗരന്മാരും മൂന്ന് നേപ്പാൾ പൗരന്മാരും നാല് ഈജിപ്തുകാരും ഉൾപ്പെട്ടിട്ടുണ്ടെന്ന് സൗദി സിവിൽ ഡിഫൻസ് അറിയിച്ചു. ഈ ആക്രമണം നടത്തി ഒരു ദിവസത്തിനുശേഷമാണ്, രാജ്യത്തെ ഏറ്റവും വലിയ എണ്ണശുദ്ധീകരണശാലയും പ്രധാന ക്രൂഡ് കയറ്റുമതി കേന്ദ്രവുമായ റാസ് തനുറ, ജിദ്ദ, ജിസാൻ എന്നീ തുറമുഖങ്ങളിലേക്ക് ഹൂതികൾ ആക്രമണം നടത്തിയത്.
തെക്കുപടിഞ്ഞാറൻ സൗദി അറേബ്യയിൽ, യെമൻ അതിർത്തിയോട് ചേർന്ന് സ്ഥിതി ചെയ്യുന്ന അരാംകോയുടെ ജിസാൻ റിഫൈനറി, പ്രതിദിനം 4,00,000 ബാരൽ അസംസ്കൃത എണ്ണ സംസ്കരിക്കാൻ കഴിയുന്ന ഒന്നാണ്.
ജൂലൈയിൽ യെമനിൽ ആഭ്യന്തരയുദ്ധം വീണ്ടും പൊട്ടിപ്പുറപ്പെട്ടതിനുശേഷം, സൗദിയിലെ വിമാനത്താവളങ്ങൾ, എണ്ണ കേന്ദ്രങ്ങൾ, ഓഫീസ് കെട്ടിടങ്ങൾ എന്നിവ ലക്ഷ്യമിട്ട് ഈ ഹൂതികൾ നിരന്തരം മിസൈലുകളും ഡ്രോണുകളും വിക്ഷേപിക്കുകയാണ്. പശ്ചിമേഷ്യയിൽ ഇസ്രയേൽ-യുഎസ് സഖ്യം ഇറാനെതിരെ കടന്നാക്രമണം ആരംഭിച്ചതോടെയാണ് ഹൂതികൾ സൗദിയെ ആക്രമിക്കാൻ തുടങ്ങിയത്. ഹൂതികളുടെ നിരന്തരമുള്ള ആക്രമണങ്ങളെ തുടർന്ന് റിയാദിൽ നിന്നുള്ള നിരവധി വിമാന സർവീസുകളാണ് മുടങ്ങിയത്. എഎഫ്സി ഏഷ്യൻ കപ്പ് പോലുള്ള പ്രധാന പരിപാടികളും സൗദിക്ക് മാറ്റിവെക്കേണ്ടിവന്നു.








0 comments