Deshabhimani

പാക് വെബ് സീരീസിനെതിരെ പ്രതിഷേധം; നെറ്റ്ഫ്ലിക്സിന്റെ ഇന്ത്യയിലെ ചിത്രീകരണം തടയുമെന്ന് ഭീഷണി

netflix series
വെബ് ഡെസ്ക്

Published on Nov 27, 2026, 04:37 PM | 1 min read

ന്യൂഡൽഹി: നെറ്റ്ഫ്ലിക്സിന്റെ ആദ്യ പാകിസ്ഥാൻ ഒറിജിനൽ വെബ് സീരീസായ ‘ജോ ബചേ ഹെയ്ൻ സങ് സമൈറ്റ് ലോ’യുടെ റിലീസിനെതിരെ പ്രതിഷേധവുമായി ഫെഡറേഷൻ ഓഫ് വെസ്റ്റേൺ ഇന്ത്യ സിനി എംപ്ലോയീസ് (എഫ്‌ഡബ്ല്യുഐസിഇ). സീരീസ് ഇന്ത്യയിൽ പ്രദർശിപ്പിച്ചാൽ രാജ്യത്ത് പുരോഗമിക്കുന്ന നെറ്റ്ഫ്ലിക്സിന്റെ എല്ലാ ചിത്രീകരണങ്ങളിൽനിന്നും സിനിമാ തൊഴിലാളികളെ പിൻവലിക്കുമെന്ന് സംഘടനയുടെ പ്രസിഡന്റ് ബി എൻ തിവാരി ഭീഷണി മുഴക്കി.


പാകിസ്ഥാൻ കലാകാരന്മാരുമായി ഇന്ത്യൻ സിനിമാ പ്രവർത്തകർ സഹകരിക്കുന്നതിനെ എതിർക്കുമെന്ന് സംഘടന പറയുന്നു. അഞ്ചുലക്ഷത്തോളം സിനിമാ തൊഴിലാളികൾ അം​ഗമായ സംഘടനയാണ് ഭീഷണിയുമായി രം​ഗത്തെത്തിയത്. സീരീസിന്റെ റിലീസ് തടയണമെന്നാവശ്യപ്പെട്ട് നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചിരുന്നു. ഓൾ ഇന്ത്യൻ സിനി വർക്കേഴ്‌സ് അസോസിയേഷനും സീരീസിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.


പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ 2025 മെയ് എട്ടിന് പാകിസ്ഥാനിൽ നിന്നുള്ള സിനിമകൾ, വെബ് സീരീസുകൾ, ഗാനങ്ങൾ, പോഡ്‌കാസ്റ്റുകൾ എന്നിവ പ്രദർശിപ്പിക്കരുതെന്ന് കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം ഒടിടി പ്ലാറ്റ്‌ഫോമുകൾക്ക് നിർദേശം നൽകിയിരുന്നു. ഈ നിർദേശം പാലിക്കണമെന്ന് നെറ്റ്ഫ്ലിക്സിനോട് മന്ത്രാലയം വീണ്ടും ആവശ്യപ്പെട്ടു.


പാകിസ്ഥാൻ എഴുത്തുകാരി ഫർഹത്ത് ഇഷ്തിയാഖിന്റെ നോവലിനെ അടിസ്ഥാനമാക്കി മൊമിന ദുരൈദ് ഒരുക്കുന്ന സീരീസ് നെറ്റ്ഫ്ലിക്സിന്റെ ആദ്യ പാകിസ്ഥാൻ ഒറിജിനൽ സീരീസാണ്. മൂന്ന് തലമുറകളിലായുള്ള ആറ് പ്രണയകഥകളാണ് പ്രമേയം. ഫവാദ് ഖാൻ, മഹിറ ഖാൻ, സനം സയീദ്, ഹാനിയ ആമിർ, അഹദ് റാസ മിർ തുടങ്ങിയവർ പ്രധാന വേഷങ്ങളിലെത്തുന്ന സീരീസ് ഡിസംബർ നാലിന് റിലീസ് ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്. അടുത്തിടെ കറാച്ചിയിലെ ചരിത്രപ്രസിദ്ധമായ മൊഹട്ട പാലസിൽ സീരീസിന്റെ ട്രെയ്‌ലർ പുറത്തിറക്കിയിരുന്നു



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home