പുടിനൊപ്പം മലയാളി വിദ്യാർഥിയുടെ സെൽഫി; 'ഇന്ത്യയുടെ എഐ കിഡ്' നിസാരക്കാരനല്ല

മോസ്കോ: റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനൊപ്പമുള്ള മലയാളി വിദ്യാർഥിയുടെ സെൽഫി ലോകശ്രദ്ധ നേടുന്നു. ആദ്യ കാഴ്ചയിൽ എഐ ആണെന്ന് തോന്നുമെങ്കിലും എഐ അല്ല. പത്തനംതിട്ട ജില്ലയിലെ കോഴഞ്ചേരി എഴുമറ്റൂർ കരിവത്തുംമൂട്ടിൽ അജു ജോസഫിന്റെയും ഷേബ ആനിന്റെയും മകനായ റൗൾ ജോൺ അജുവാണ് വൈറൽ ചിത്രത്തിലെ താരം. 'ഇന്ത്യയുടെ എഐ കിഡ്' (AI Kid of India) എന്നാണ് റൗൾ അറിയപ്പെടുന്നത്. മോസ്കോയിൽ നടന്ന 'എഐ ജേർണി 2026' സമ്മേളനത്തിനിടെയാണ് പുടിനൊപ്പമുള്ള ചിത്രം പകർത്തിയത്.
'ഇത് എങ്ങനെ യാഥാർഥ്യമായി എന്നുപോലും വിശ്വസിക്കാനാകുന്നില്ല; ഇതൊന്നും എഐ അല്ല. എന്റെ കുഞ്ഞുകാലത്തെ സ്വപ്നങ്ങൾ യാഥാർഥ്യമാക്കിയ എല്ലാവർക്കും വലിയ നന്ദി, സ്നേഹം' റൗൾ പ്രതികരിച്ചു. മോസ്കോയിലെ സമ്മേളനത്തിൽ തന്നേക്കാൾ അറിവുള്ള നിരവധി പ്രതിഭകളെ കണ്ടുമുട്ടിയത് ഇനിയും ഒരുപാട് പഠിക്കാനുണ്ടെന്ന തിരിച്ചറിവ് നൽകിയെന്നും റൗൾ പറഞ്ഞു. വിദ്യാർഥികൾക്കും പ്രഫഷണലുകൾക്കുമിടയിൽ എഐ അവബോധം വളർത്തുന്നതിലും പൊതുസേവനങ്ങളിൽ എഐ വിനിയോഗിക്കുന്നതിലും റൗളിന്റെ പങ്ക് ചെറുതല്ല.
നോർത്ത് ഇടപ്പള്ളി ജിഎച്ച്എസ്എസിൽ പ്ലസ് ടു കൊമേഴ്സ് വിദ്യാർഥിയായ റൗളിന് ഒൻപതാം വയസിലാണ് സാങ്കേതികവിദ്യയിൽ താല്പര്യം തുടങ്ങിയത്. ആ ഇഷ്ടം 12-ാം വയസിൽ റോബർടിനെ നിർമിക്കുന്നതിലേയ്ക്ക് റൗളിനെ നയിച്ചു. ഇതിനോടകം നിരവധി എഐ ടൂളുകൾ വികസിപ്പിക്കുകയും 'എഐ റെലം ടെക്നോളജീസ്' (AI Realm Technologies) എന്ന സംരംഭത്തിന് തുടക്കം കുറിക്കുകയും ചെയ്തു. റൗളിന് നിരവധി പേർ ആശംസകളറിയിച്ചു.








0 comments