പാമ്പാക്കുട ; അഴിമതിയിൽ മാത്രം ഒരു കുടക്കീഴിൽ

ലെെഫ് പദ്ധതി മുടങ്ങിയിട്ടും പാമ്പാക്കുട പഞ്ചായത്ത് മന്ദിരത്തിൽ നടക്കുന്ന നവീകരണം
എൽദോ ജോൺ
Published on Oct 07, 2025, 02:45 AM | 1 min read
പിറവം
പരസ്‌പരം തമ്മിലടിച്ചാലും അഴിമതിയിൽ ഒന്നിച്ചുനിൽക്കുന്ന യുഡിഎഫ് ഭരണസമിതിയാണ് പാമ്പാക്കുട പഞ്ചായത്തിലേത്. മുൻ എൽഡിഎഫ് ഭരണസമിതി നടത്തിയ വികസനത്തിനപ്പുറം ഒന്നും കൊണ്ടുവരാൻ അഞ്ചുവർഷത്തിൽ യുഡിഎഫിനായില്ല.
ലൈഫ് ഭവനപദ്ധതിയിൽ ഉൾപ്പെട്ട 178 പേരിൽ 92 വീടുകൾക്കാണ് ഫണ്ട് അനുവദിച്ചത്. ഇതും പഞ്ചായത്തിന് പൂർത്തിയാക്കാനായില്ല. 14 ശതമാനമാണ് പദ്ധതി നിർവഹണം. അരീക്കൽ ടൂറിസം പദ്ധതി ഉൾപ്പെടെ തനതുവരുമാനമുണ്ടെങ്കിലും ലൈഫ് ഉൾപ്പെടെ ജനക്ഷേമപദ്ധതികൾ കടലാസിൽ തന്നെ. തെരഞ്ഞെടുപ്പ് ഫ്ലക്സിലെ തിളക്കത്തിനായി പഞ്ചായത്ത് മന്ദിരം മോടിപിടിപ്പിക്കാനാണ് ഭരണസമിതിക്ക് ഉത്സാഹം. റോഡ് നിർമാണ ഫണ്ട് തുടർച്ചയായി നഷ്ടപ്പെടുത്തി. വികസനപ്രവർത്തനങ്ങൾക്ക് 2024 -–2025ൽ അനുവദിച്ച 12.85 കോടി രൂപയിൽ ചെലവഴിച്ചത് 7.15 കോടി രൂപമാത്രം. അധികാരമേറ്റ 2021 മുതൽ പദ്ധതിവിഹിതം പൂർണമായി ചെലവഴിച്ചില്ല. 2023-–24 വർഷത്തിൽ റോഡ് ഫണ്ടിൽ 1.25 കോടി രൂപയും, 2024–-25 ൽ 70 ലക്ഷം രൂപയും നഷ്ടമാക്കി. പൊതുകളിസ്ഥലവും പൊതുശ്‌മശാനവുമില്ല.
ഭരണകക്ഷിയിൽ ഐക്യമില്ലാത്തതും പ്രശ്‌നമാണ്. പന്ത്രണ്ടാംവാർഡ് കേന്ദ്രീകരിച്ച് നടക്കുന്ന അനധികൃത പിരിവുകളും അരീക്കൽ ഫെസ്റ്റ് നടത്തിപ്പിലെ അഴിമതിയും വലിയ ചർച്ചയായിരുന്നു. കെടുകാര്യസ്ഥതയിലും അഴിമതിയിലും ഭരണപക്ഷത്തുനിന്നുതന്നെ എതിർപ്പുണ്ടായതാണ് മുൻ പ്രസിഡന്റിന്റെ രാജിക്ക് കാരണം. പാമ്പാക്കുട സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ യുഡിഎഫ് വിമതവിഭാഗം വിജയിച്ചതോടെ തർക്കം രൂക്ഷമായി. പഞ്ചായത്ത് പ്രസിഡന്റ് കോൺഗ്രസിലെ തോമസ് തടത്തിൽ, വൈസ് പ്രസിഡന്റ് ജേക്കബ് വിഭാഗത്തിലെ രാധ നാരായണൻകുട്ടി എന്നിവർ രാജിവച്ചു. പത്താംവാർഡ് അംഗം ശ്രീകാന്ത് നന്ദനാണ് ഇപ്പോൾ പ്രസിഡന്റ്. കോൺഗ്രസ് നേതാവ് ജിനു സി ചാണ്ടിയെ മറികടന്ന് വിമതവിഭാഗത്തിന്റെ പിന്തുണകൂടി ഉറപ്പിച്ചാണ് ഭരണത്തിലേറിയത്.










0 comments