ആ നോവ് മായുംമുമ്പേ...

കോതമംഗലം വടാട്ടുപാറ പലവൻപടി പുഴയിൽ വിദ്യാർഥികൾ മുങ്ങിമരിച്ച ഭാഗം
കോതമംഗലം
പുഴയുടെ ആഴങ്ങളിൽനിന്ന് മൂവരുടെയും മൃതദേഹങ്ങൾ കണ്ടെടുക്കുമ്പോർ കൂടിനിന്നവരുടെ മനസ്സിൽ ഒരേചോദ്യം—“ഇനിയുമെത്ര ജീവനുകൾ?” കോതമംഗലം മാർ ബസേലിയോസ് ഡെന്റൽ കോളേജിലെ വിദ്യാർഥികളായ ബിയോൺ ബിജു, അതുൽ രാജ്, വി ബി ഹരീഷ് എന്നിവരുടെ മൃതദേഹങ്ങൾ വടാട്ടുപാറ പലവൻപടി പുഴയിൽനിന്ന് മുങ്ങിയെടുക്കുമ്പോൾ നാട് തേങ്ങി. സമാനമായ ദുരന്തത്തിലൂടെ ജില്ല കടന്നുപോയിട്ട് ദിവസങ്ങൾമാത്രമേ ആയിട്ടുള്ളൂ.
ഏപ്രിൽ 28-നാണ് പെരുമ്പാവൂരിൽ ആ കണ്ണീർപ്പെയ്‌ത്തുണ്ടായത്. ഓടക്കാലി പൂമല ഇന്ദിരാഗാന്ധി മെമ്മോറിയൽ നഴ്സിങ് കോളേജിലെ അജ്മലും അജ്സലും എമിലും തങ്ങളുടെ സ്വപ്നങ്ങളിലേക്ക് നടന്നുകയറുന്നതിനിടെയാണ് അശമന്നൂർ തിരുവല്ലാഴപ്പൻ ക്ഷേത്രത്തിനുസമീപം പെരിയാർവാലി കനാലിൽ ആഴ്‌ന്നുപോയത്. ആ നോവ് മായുംമുന്പേയാണ് കോതമംഗലം പലവൻപടി പുഴയിൽ ഡെന്റൽ കോളേജ് വിദ്യാർഥികളെ ജലം കവർന്നെടുത്ത്.
രണ്ടിടങ്ങളിലും കൂട്ടുകാർക്കൊപ്പം അവധിദിനം ആഘോഷിക്കാനെത്തിയവരായിരുന്നു. ചിരിച്ചും തമാശപറഞ്ഞും വെള്ളത്തിലിറങ്ങിയവർ നിമിഷങ്ങൾക്കകം അടിയൊഴുക്കിന്റെ പിടിയിൽ അകപ്പെടുകയായിരുന്നു. കാഴ്ചയിൽ ശാന്തമെന്ന് തോന്നിക്കുന്ന ജലാശയങ്ങളുടെ ഉള്ളിലെ ചതി തിരിച്ചറിയാൻ ആർക്കും കഴിഞ്ഞിരുന്നില്ല.
പെരിയാർവാലിയും പലവൻപടി പുഴയും പുറമേയുള്ള സൗന്ദര്യത്തിനപ്പുറം, ഒളിപ്പിച്ചിരുന്നത് ജീവൻ കവരുന്ന ചുഴികളും അടിയൊഴുക്കുകളുമായിരുന്നു. മരിച്ച ആറുപേരും മെഡിക്കൽരംഗത്തെ വിദ്യാർഥികളായിരുന്നെന്നതും സമാനതയാണ്.










0 comments