മഴയില്ലാതെ മഴക്കാലം
വരുന്നത് ചൂടൻ നാളുകൾ

സ്വന്തം ലേഖിക
Published on Jul 22, 2026, 12:05 AM | 1 min read
പത്തനംതിട്ട
കാലവർഷം കൈയൊഴിഞ്ഞതോടെ കേരളത്തെ കാത്തിരിക്കുന്നത് ചൂടൻ തണുപ്പുകാലവും കനത്ത വേനലും. എൽനിനോ പ്രതിഭാസം കാലവർഷത്തിന്റെ ശക്തി പകുതിയായി കുറച്ചത് വലിയ പ്രതിസന്ധിയിലേക്കാണ് സംസ്ഥാനത്തെ തള്ളിവിടുക. അണക്കെട്ടുകളിലും നദികളിലും ആവശ്യത്തിനുള്ള ജലമില്ലാത്തത് വൈദ്യുതോൽപ്പാദനം, കൃഷി എന്നിവയെ ബാധിക്കും.
പസഫിക് സമുദ്രത്തിലെ ഉപരിതല താപനില സാധാരണയേക്കാൾ വർധിക്കുന്ന പ്രതിഭാസമാണ് എൽനിനോ. ഇത് കർക്കടകത്തിൽ പെയ്യേണ്ട മഴയുടെ അളവും കുറയ്ക്കുമെന്ന് കാലാവസ്ഥാ വിദ്ഗധർ പറയുന്നു.
കെഎസ്‌ഇബിയുടെയും ജലസേചന വകുപ്പിന്റെയും നിയന്ത്രണത്തിലുള്ള അണക്കെട്ടുകളിൽ ജലനിരപ്പ് പകുതിയിലും താഴെയാണ്. ജില്ലയിൽ കെഎസ്‌ഇബിയുടെ കീഴിൽ നാലും ജലസേചന വകുപ്പിനുകീഴിൽ ഒന്നും അണക്കെട്ടാണുള്ളത്. ഇതിൽ ജലസേചന വകുപ്പിന്റെ മണിയാർ ഡാമിൽ അറ്റകുറ്റപ്പണി നടക്കുകയാണ്. അടിഞ്ഞുകൂടിയ മണ്ണും ചെളിയും താഴേക്ക് ഒഴുകിയതോടെ കക്കാട്ടാറിലെ ജലമൊഴുക്കും നിലച്ചു. ഇവിടെ ശേഖരിക്കുന്ന വെള്ളം കനാൽ വഴി പത്തനംതിട്ട ജില്ലയിലും ആലപ്പുഴ ജില്ലയുടെ വിവിധ ഭാഗങ്ങളിലും കൃഷിക്കായി എത്തിക്കുന്നുണ്ട്. ഇവിടെ നിലവിൽ 36 ശതമാനം മാത്രമാണ് ജലമുള്ളത്. കഴിഞ്ഞ വർഷം ഇത് 50 ശതമാനത്തിലധികമായിരുന്നു.
വേനൽക്കാലം ദുഷ്‌കരമാകും
വരാനിരിക്കുന്ന വേനൽക്കാലം അതിജീവിക്കാൻ യുഡിഎഫ് സർക്കാർ തയാറെടുപ്പുകൾ തുടങ്ങിയില്ലെങ്കിൽ കുടിവെള്ളവും കൃഷിയ്ക്കുള്ള വെള്ളവുമില്ലാതെ നാട് വലയും. കഴിഞ്ഞ ഒരു മാസമായി സർക്കാർ സംസ്ഥാനത്ത് നടപ്പാക്കുന്ന അപ്രഖ്യാപിത പവർകട്ടിൽ ഇതിനകം വലിയ പ്രതിഷേധമാണുള്ളത്. പ്രതിസന്ധി മുന്നിൽകണ്ട് പ്രവർത്തിക്കാൻ വൈദ്യുതി വകുപ്പിനും കെഎസ്‌ഇബിക്കും ആയിട്ടില്ല. നവംബർ മുതൽ ഫെബ്രുവരി വരെയുള്ള തണുപ്പുകാലത്തും പകൽ താപനിലയിൽ വലിയ വർധനവുണ്ടാകുമെന്നാണ് പ്രവചനം. ആവശ്യമായ മുന്നൊരുക്കം നടത്താൻ കെഎസ്‌ഇബി തയാറാകാത്ത പക്ഷം പവർകട്ടിൽ കേരളം വലയും. വേനൽക്കാലത്ത് ഉഷ്‌ണതരംഗവും ജലക്ഷാമവും സങ്കീർണമാകുമെന്നും കാലാവസ്ഥാ വിദഗ്ധർ പറയുന്നു.









0 comments