നടീൽയന്ത്രങ്ങൾ നന്നാക്കിയില്ല; നെൽക്കർഷകർ പ്രതിസന്ധിയിൽ

കാക്കൂരിലെ അഗ്രോ സർവീസ് സെന്ററിലെ കേടായ നടീൽയന്ത്രങ്ങൾ
കൂത്താട്ടുകുളം
നെൽക്കൃഷിയിറക്കാനാകാതെ പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്തിലെ കർഷകർ പ്രതിസന്ധിയിൽ. ബ്ലോക്ക് മോഡൽ അഗ്രോ സർവീസ് സെന്ററിലെ ഞാറുനടീൽ യന്ത്രങ്ങളുടെ തകരാർ പരിഹരിക്കാത്തതും ആവശ്യത്തിന് ജീവനക്കാരില്ലാത്തതുമാണ് പ്രതിസന്ധി രൂക്ഷമാക്കിയത്.
പ്രവർത്തനമികവിന് കഴിഞ്ഞവർഷം സംസ്ഥാന അവാർഡ് നേടിയ സ്ഥാപനത്തിന്റെ പ്രതിസന്ധി പരിഹരിക്കാൻ പുതിയ യുഡിഎഫ് സർക്കാരും തദ്ദേശ ഭരണസമിതികളും ഇടപെടുന്നില്ലെന്ന് കർഷകർ വ്യക്തമാക്കി.
അഗ്രോ സർവീസ് സെന്റർ പ്രവർത്തിക്കുന്ന കാക്കൂരിൽ മാത്രം നൂറേക്കറോളം പാടത്തെ കർഷകരാണ് നടീൽയന്ത്രം കാത്തിരിക്കുന്നത്.
ഒരു യന്ത്രം ഒരു ദിവസം രണ്ടേക്കർ പാടത്ത് ഞാറ് നടും. യന്ത്രങ്ങൾ നന്നാക്കി ആവശ്യത്തിന് ജോലിക്കാരെയും വച്ചാൽ മാത്രമേ ഇത്തവണ കൃഷിയുണ്ടാകു. അഞ്ച് നടീൽയന്ത്രങ്ങളിൽ ഒരെണ്ണം മാത്രമാണ് പ്രവർത്തനക്ഷമമായുള്ളത്. ഒരെണ്ണം നന്നാക്കാൻപറ്റാത്ത അവസ്ഥയിലാണ്. 5500 രൂപയാണ് ഒരേക്കർ പാടത്തിന്റെ നടീൽ കൂലി. വ്യക്തികൾ 7000 രൂപവരെ ഈടാക്കുന്നുണ്ട്.
കേടായ യന്ത്രങ്ങൾ നന്നാക്കിയാലും പ്രവർത്തിപ്പിക്കാൻ ജീവനക്കാരില്ലാത്തതും തിരിച്ചടിയായി. രണ്ട് ടില്ലറും മൂന്ന് ട്രാക്ടറും സ്ഥാപനത്തിലുണ്ട്. ഓടിക്കാൻ ആളില്ലാത്തതിനാൽ ഇത്തവണ പാടത്ത് ഇറക്കിയിട്ടില്ല. 1000 രൂപ വാടകയ്‌ക്കുവണ്ടി കർഷകർക്ക് കൊണ്ടുപോകാമെന്ന നിർദേശംവച്ചെങ്കിലും ആരും സേവനം പ്രയോജനപ്പെടുത്തിയിട്ടില്ല. മണിക്കൂറിന് 1200 രൂപയ്‌ക്കാണ് വ്യക്തികൾ നിലം ഉഴുവുന്നത്.
അഗ്രോ സർവീസ് സെന്ററിൽ 25 ജീവനക്കാരുണ്ടായിരുന്നത് 12 ആയി ചുരുങ്ങി. കുറഞ്ഞ കൂലിയായതാണ് തൊഴിലാളികൾ പിരിഞ്ഞുപോകാൻ കാരണം.










0 comments