അടഞ്ഞുകിടന്ന വ്യാപാരസ്ഥാപനത്തിൽ മോഷണം

മോഷ്ടാവ് എന്നുകരുതുന്ന ആൾ രക്ഷപ്പെടുന്നതിന്റെ സിസിടിവി ദൃശ്യം
വരാപ്പുഴ
ദേശീയപാതയോരത്ത് വരാപ്പുഴ ഷാപ്പുപടിയിൽ അടഞ്ഞുകിടന്നിരുന്ന ഐശ്വര്യ ഫാഷൻ സിറ്റിയിൽനിന്ന് 20 ലക്ഷം രൂപയോളം വിലവരുന്ന ഉപകരണങ്ങളും സാമഗ്രികളും മോഷണം പോയി. ലിഫ്റ്റിന്റെ കൺട്രോൾ യൂണിറ്റുകൾ, പാനൽ ബോർഡുകൾ, എസി ഉപകരണങ്ങൾ, കേബിളുകൾ, എക്സ്ഹോസ്റ്റ് ഫാനുകൾ, ഇൻവെർട്ടർ ബാറ്ററി എന്നിവയുൾപ്പെടെയുള്ള സാധനങ്ങളാണ് കവർന്നത്. ദേശീയപാത പുനർനിർമാണത്തെ തുടർന്ന് ഏറെനാളായി സ്ഥാപനം അടഞ്ഞുകിടക്കുകയാണ്.
ജൂലൈ 26നുശേഷം കഴിഞ്ഞ വ്യാഴാഴ്ച ഉച്ചയ്ക്കുശേഷമാണ് ഇവിടേക്ക് ഉടമയും മകനും എത്തിയത്. സ്ഥാപനം വീണ്ടും തുറക്കുന്നതിന്റെ ഭാഗമായി അറ്റകുറ്റപ്പണികൾ നടത്താൻ പരിശോധന നടത്തുന്നതിനിടെയാണ് കെട്ടിടത്തിനുള്ളിൽനിന്ന് വിലപിടിപ്പുള്ള സാമഗ്രികൾ നഷ്ടപ്പെട്ടതായി കണ്ടെത്തിയത്. ജൂലൈ 26നുശേഷമുള്ള രണ്ടുമാസത്തിനിടയിലാണ് മോഷണം നടന്നതെന്നാണ് ഉടമയുടെ പരാതിയിൽ പറയുന്നത്. ഒന്നിലധികം തവണയായി മോഷ്ടാക്കൾ സാധനങ്ങൾ കടത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
കെട്ടിടത്തിൽനിന്ന് ഒരാൾ ഇറങ്ങി ഓടുന്നതിന്റെ ദൃശ്യം സമീപത്തെ സിസിടിവി കാമറയിൽ പതിഞ്ഞിട്ടുണ്ട്. ദൃശ്യങ്ങൾ പരിശോധിച്ചുവരുന്നതായും അന്വേഷണം ആരംഭിച്ചതായും വരാപ്പുഴ പൊലീസ് പറഞ്ഞു. ദേശീയപാത നിർമാണത്തെ തുടർന്ന് പൂട്ടിക്കിടക്കുന്ന വ്യാപാരസ്ഥാപനങ്ങൾക്കു സമീപവും സർവീസ് റോഡുകളിലുമായി വരാപ്പുഴ മേഖലയിൽ അടുത്തകാലത്ത് മോഷണശ്രമങ്ങളും ലഹരി വിൽപ്പനയും വർധിച്ചതായി പ്രദേശവാസികൾ പറയുന്നു. ഇക്കാര്യത്തിൽ പലതവണ പരാതി നൽകിയിട്ടും രാത്രികാല പൊലീസ് പട്രോളിങ് കാര്യക്ഷമമല്ലെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്.










0 comments