print edition മന്ത്രിക്ക് സുഖസവാരി; കാശില്ലാതെ തദ്ദേശസ്ഥാപനങ്ങൾ


റഷീദ് ആനപ്പുറം
Published on Sep 26, 2026, 02:07 AM | 1 min read
തിരുവനന്തപുരം : തദ്ദേശഭരണ മന്ത്രി കെ എം ഷാജി റേഞ്ച്‌റോവറിലും യൂറോപ്യൻ ട്രിപ്പിലും അർമാദിക്കുന്പോൾ കാശില്ലാതെ പ്രവർത്തനം സ്തംഭിച്ച് തദ്ദേശസ്ഥാപനങ്ങൾ. കാലാവധി കഴിഞ്ഞിട്ടും ഇൗ സാന്പത്തിക വർഷത്തെ വികസന ഫണ്ടിന്റെ രണ്ടാംഗഡു കിട്ടാതായതോടെ വികസന– ക്ഷേമ പ്രവർത്തനം അവതാളത്തിലായി. മുറവിളിക്കുശേഷമാണ് ഒന്നാംഗഡുവായി 2,150 കോടി രൂപ ധനവകുപ്പ് അനുവദിച്ചത്. കരാറുകാരുടെ കുടിശ്ശിക നൽകാനേ ഇൗതുക തികഞ്ഞുള്ളു.
കേരളം പനികിടക്കയിലായിട്ടും സർക്കാർ ആശുപത്രികൾക്ക് മരുന്നു വാങ്ങാൻ തദ്ദേശസ്ഥാപനങ്ങൾ നട്ടംതിരിയുകയാണ്. അങ്കണവാടികളിലെ പോഷകാഹാര വിതരണം, ബഡ്‌സ് സ്‌കൂൾ പ്രവർത്തനം, കിടപ്പുരോഗികൾ, ഭിന്നശേഷിക്കാർ, വയോജനങ്ങൾ, അതിദരിദ്രർ, അഗതികൾ, വനിതകൾ, കുട്ടികൾ തുടങ്ങി മുൻഗണനാ വിഭാഗങ്ങൾക്കുള്ള പദ്ധതികളെല്ലാം അവതാളത്തിലായി.
നിലവിലെ സാന്പത്തിക വർഷം തദ്ദേശസ്ഥാപനങ്ങൾക്ക് 10,189 കോടിരൂപയായിരുന്നു എൽഡിഎഫ് സർക്കാർ ബജറ്റിൽ വകയിരുത്തിയത്. യുഡിഎഫിന്റെ പുതുക്കിയ ബജറ്റിൽ ഇൗ തുക 8655.45 കോടിരൂപയാക്കി. ഇൗ തുകയുടെ ആദ്യഗഡുപോലും സമയത്തിന് നൽകിയില്ല. ഒടുവിൽ എൽഡിഎഫ് നേതൃത്വത്തിൽ ജനപ്രതിനിധികളടക്കം സമരം നടത്തിയതോടെയാണ് 2150 കോടിരൂപ അനുവദിച്ചത്.
2025 – 26 സാന്പത്തിക വർഷത്തെ അവസാന ഗഡു തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം കാരണം കഴിഞ്ഞ സർക്കാരിന് നൽകാനായിരുന്നില്ല. സർക്കാർ തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി തേടിയെങ്കിലും നൽകിയില്ല. പുതിയ സാന്പത്തിക വർഷം വന്നതോടെ ഇൗ തുക സ്‌പിൽ ഓവറായി. തുടർന്നുവന്ന സർക്കാർ ഇൗ തുക നൽകണം. എന്നാൽ, യുഡിഎഫ് സർക്കാർ പണം നൽകിയില്ല.










0 comments