'കുന്നപ്പിള്ളി പിണങ്ങരുത്’ ; എംഎൽഎയെ ട്രോളി മന്ത്രി പി രാജീവ്

കൊച്ചി
പെരുമ്പാവൂരിലെ കിൻഫ്ര ഭൂമിയിൽ യാഥാർഥ്യമായ വന്പൻ വ്യവസായ നിക്ഷേപത്തിന്റെ പിതൃത്വമേറ്റെടുത്ത എൽദോസ് കുന്നപ്പിള്ളി എംഎൽഎയെ ട്രോളി വ്യവസായമന്ത്രി പി രാജീവ്. എംഎൽഎ ആവശ്യപ്പെട്ടിരുന്നതുപോലെ റയോൺസ് ഭൂമിയിൽ സ്‌റ്റേഡിയം നിർമിക്കാതിരുന്നതിന് വേണമെങ്കിൽ അദ്ദേഹത്തിന് തന്നോട് പിണങ്ങാമായിരുന്നു. എന്നാൽ, സർക്കാർ ഇടപെടലിലൂടെ കെയ്‌ൻസ് ടെക്‌നോളജിയുടെ ഉൽപ്പാദന യൂണിറ്റ് തുറന്നപ്പോൾ അതിനെ ‘സ്വന്തം പദ്ധതി’യായി ഏറ്റെടുത്ത എംഎൽഎയോട് നന്ദിയുണ്ടെന്നായിരുന്നു ഉദ്‌ഘാടന വേദിയിൽ മന്ത്രിയുടെ വക ട്രോൾ.
കിൻഫ്ര ഏറ്റെടുത്ത് കൈമാറിയ 30 ഏക്കറിൽ കെയ്‌ൻസ് ടെക്‌നോളജീസിന്റെ ഒന്നാംഘട്ട ഉൽപ്പാദന യൂണിറ്റ് ഉദ്‌ഘാടനം ചെയ്യുന്പോഴായിരുന്നു ഇത്. 350 കോടിയോളം രൂപ നിക്ഷേപമുള്ള പദ്ധതി സ്വന്തം ശ്രമഫലമായി യാഥാർഥ്യമായെന്നമട്ടിലായിരുന്നു എംഎൽഎയുടെ അധ്യക്ഷപ്രസംഗം. തുടർന്ന് സംസാരിച്ച മന്ത്രി പി രാജീവ് റയോൺസ് പൂട്ടിപ്പോയതുമുതൽ പെരുമ്പാവൂരിലെ ജനപ്രതിനിധികൾ നടത്തിയ ഇടപെടലുകൾ നിയമസഭാ രേഖകളുടെ പിൻബലത്തോടെ വിശദീകരിച്ചു. ഭൂമി വ്യവസായ ആവശ്യത്തിന് വിനിയോഗിക്കുന്നതുമായി ബന്ധപ്പെട്ട് മുൻ എംഎൽഎ സാജുപോൾ 2001 മുതൽ 2014 വരെ ഏഴ് ഉപക്ഷേപങ്ങൾ അവതരിപ്പിച്ചു. എന്നാൽ, 2016 മുതൽ നിമസഭാംഗമായ കുന്നപ്പിള്ളി ഇതുവരെ അവതരിപ്പിച്ചത് ഒരേയൊരു ഉപക്ഷേപവും. റയോൺസ് ഭൂമിയിൽ സ്‌റ്റേഡിയം നിർമിക്കാൻ നടപടിയെടുക്കുമോ എന്ന ചോദ്യമാണ് പിന്നീട് കുന്നപ്പിള്ളിയുടേതായി സഭയിൽ വന്നത്. അങ്ങനെയൊരു പദ്ധതിയില്ലെന്ന് താൻ മറുപടി നൽകിയിരുന്നതായും മന്ത്രി പി രാജീവ് പറഞ്ഞു.










0 comments